Quantcast

സ്വീഡനില്‍ അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് പ്രധാനമന്ത്രി

പൊതു തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത സ്വീഡനില്‍ ഇതോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള സഖ്യനീക്കങ്ങള്‍ സജീവമായി.

MediaOne Logo

Muhsina Abbas

  • Published:

    26 Sep 2018 3:25 AM GMT

സ്വീഡനില്‍ അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് പ്രധാനമന്ത്രി
X

സ്വീഡനില്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോവന്‍ അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടു. പൊതു തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത സ്വീഡനില്‍ ഇതോടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള സഖ്യനീക്കങ്ങള്‍ സജീവമായി.

അവിശ്വാസ പ്രമേയത്തില്‍ 204 പേരാണ് സ്റ്റീഫന്‍ ലോവനെതിരായി വോട്ടുചെയ്തത്. 142 പേര്‍ അനുകൂലിച്ചു. ഇതോടെ നാലുവര്‍ഷം സ്വീഡന്റെ പ്രധാനമന്ത്രിയായിരുന്ന സ്റ്റീഫന്‍ ലോവന്‍ അധികാരത്തില്‍ നിന്ന് പുറത്തായി. ഈ മാസം 9ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സ്വീഡന്‍ ഡെമോക്രാറ്റ് പാര്‍ട്ടി 18 ശതമാനം വോട്ടുകള്‍ നേടി വലിയ നേട്ടമുണ്ടാക്കിയിരുന്നു. കുടിയേറ്റ വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്നത് ആരാണെങ്കിലും അവരെ പിന്തുണക്കുമെന്ന നിലപാടിലാണ് സ്വീഡന്‍ ഡെമോക്രാറ്റിന്റെ നേതാവായ ജിമ്മി അക്വേഴ്സണ്‍.

ഇനി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ മോ‍ഡറേറ്റ് പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാനായി സ്പീക്കര്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്വീഡന്‍ ഡെമോക്രാറ്റ്സിന്റെ പിന്തുണ സ്വീകരിക്കില്ലെന്ന സൂചനയാണ് മോഡറേറ്റ്സ് നേതാവ് ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍ നല്‍കുന്നത്. നിലവിലെ ഭരണ കക്ഷിയെ ഒപ്പം കൂട്ടി ഭരണത്തിലേറുക എന്നതുമാത്രമാണ് മോഡറേറ്റ്സിനു മുന്നിലുള്ള വഴി.

തീവ്ര വലതു പക്ഷ പാര്‍ട്ടിയായ സ്വീഡന്‍ ഡെമോക്രാറ്റ്സിനെ ഭരണത്തില്‍ നിന്നും വിട്ടു നിര്‍ത്താന്‍ ഇടതുപക്ഷ അനുഭാവമുള്ള സ്റ്റീഫന്‍ ലോവന്‍ മോഡറേറ്റ്സിനെ പിന്തുണക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇല്ലെങ്കില്‍ സ്വീഡന്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വരും.

TAGS :

Next Story