പാക് അധിനിവേശ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി കാണിച്ച് ചെെനയുടെ ഔദ്യോഗിക ചാനല്‍
ഇതാദ്യമായാണ് കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ അനുകൂല ഭൂപടവുമായി ചൈന രംഗത്ത് വരുന്നത്

പാക് അധിനിവേശ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി ചിത്രീകരിച്ച് ചൈനീസ് ഔദ്യോഗിക മാധ്യമം. ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പാക് അധിനിവേശ കാശ്മീര്‍(Pakistan-occupied Kashmir) ഇന്ത്യയുടെ ഭാഗമായി കാണിച്ചിരിക്കുന്നത്. ഇതാദ്യമായാണ് കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ അനുകൂല ഭൂപടവുമായി ചൈന രംഗത്ത് വരുന്നത്.

ചൈനയുടെ രാജ്യാന്തര വാര്‍ത്താ ചാനലായ സി.ജി.ടി.എന്‍ ആണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്. കാശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമായി കാണിച്ചിരിക്കുന്ന മാപ്പില്‍, ഇതുവരെയും ചൈന സ്വീകരിച്ചിരുന്ന നിലപാടിന് വിരുദ്ധമായുള്ളതാണ്. കാശ്മീറിന്റെ ഭാഗങ്ങള്‍ പാകിസ്ഥാന്റേതായി കാണിച്ചിരുന്ന ചൈനീസ് മാധ്യമങ്ങള്‍ വലിയ പ്രതിഷേധമാണ് ഇന്ത്യയില്‍ നിന്നും നേരിട്ടിരുന്നത്.

ഇതു സംബന്ധിച്ച് ചൈനയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ചൈനയും പാകിസ്ഥാനും തമ്മില്‍ സാമ്പത്തിക ഇടനാഴിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ചൈനയില്‍ നിന്നും ഇത്തരത്തിലൊരു നീക്കം ഉണ്ടായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ഇന്ത്യ-പാക് വിഷയത്തില്‍ ബീജിങ്ങിനുണ്ടായ നിലപാട് മാറ്റത്തിന്റെ ഭാഗമായാണോ ഭൂപടം ചിത്രീകരിച്ചതിലൂടെ ചെെന ഉദ്ദേശിച്ചിരിക്കുന്നതെന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.
Adjust Story Font
16

