മനുഷ്യന്‍ വിമാനമുണ്ടാക്കിയ കഥ; ആദ്യമായി പറന്ന കഥ
പറക്കും വാഹനം ഒരുക്കാനുള്ള പരീക്ഷണങ്ങള്‍ റൈറ്റ് സഹോദരന്‍മാര്‍ കുട്ടിക്കാലത്ത് തുടങ്ങിയിരുന്നു. അച്ഛന്‍ നല്‍കിയ ഒരു സമ്മാനത്തില്‍ നിന്നാണ് ഇവര്‍ക്ക് പറക്കാനുള്ള പരീക്ഷണങ്ങളില്‍ കൌതുകം തുടങ്ങിയത്

യന്ത്ര സഹായത്തോടെ മനുഷ്യന്‍ പറക്കാന്‍ തുടങ്ങിയിട്ട് 2018 ഡിസംബര്‍ 17ന് 115 വര്‍ഷം തികയുന്നു. റൈറ്റ് സഹോദരന്മാരുടെ റൈറ്റ് ഫ്ളയര്‍ എന്ന വിമാനം അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ കിറ്റി ഹാക്കിലാണ് ആദ്യത്തെ പറക്കല്‍ നടത്തിയത്.

1903 ഡിസംബര്‍ 17, നോര്‍ത്ത് കരോളിനയിലെ കനത്ത കാറ്റുവീശുന്ന ഒരു ബീച്ചിലൂടെ 20 അടി പൊക്കത്തില്‍ ഓര്‍വെല്‍ റൈറ്റ് ആദ്യത്തെ യന്ത്രവല്‍കൃത വിമാനം പറപ്പിച്ചു. 12 സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ആ പറക്കലില്‍ 120 അടി ദൂരമാണ് വിമാനം താണ്ടിയത്. എന്നാല്‍ ചരിത്രത്തിലേക്കുള്ള സഞ്ചാരമായിരുന്നു ആ പറക്കല്‍. 1899 മുതല്‍ തന്നെ വില്‍ബറും ഓര്‍വെല്‍ റൈറ്റും വിമാനം പറപ്പിക്കുന്നതിന്റെ ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പറക്കും വാഹനം ഒരുക്കാനുള്ള പരീക്ഷണങ്ങള്‍ റൈറ്റ് സഹോദരന്‍മാര്‍ കുട്ടിക്കാലത്ത് തന്നെ തുടങ്ങിയിരുന്നു. അച്ഛന്‍ നല്‍കിയ ഒരു സമ്മാനത്തില്‍ നിന്നാണ് ഇവര്‍ക്ക് പറക്കാനുള്ള പരീക്ഷണങ്ങളില്‍ കൌതുകം തുടങ്ങിയത്.

കോര്‍ക്കും മുളയും പേപ്പറും ഉപയോഗിച്ച് നിര്‍മ്മിച്ച ആ ഹെലികോപ്റ്ററില്‍ അവര്‍ വിമാനത്തിന്റെ ആദ്യരൂപം സ്വപ്നം കണ്ടു. പറക്കും വാഹനം നിര്‍മിക്കാനുള്ള അഭിലാഷത്തെ ഈ സമ്മാനം പതിന്‍മടങ്ങ് വര്‍ധിപ്പിച്ചു. അന്ന് മുതലാണ് വിമാനനിര്‍മാണത്തിനുള്ള രഹസ്യ പരീക്ഷണങ്ങള്‍ തുടങ്ങിയത്. ജര്‍മ്മന്‍ വൈമാനികനായിരുന്ന ഓട്ടോ ലിലിയന്താളിന്റെ ഗവേഷണങ്ങളെ റൈറ്റ് സഹോദരന്മാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. ഗ്ലൈഡര്‍ തകര്‍ന്ന് ലിലിയന്താള്‍ അന്തരിച്ചതോടെ വിമാനം പറപ്പിക്കുന്നത് സംബന്ധിച്ച് സ്വന്തം പരീക്ഷണങ്ങളുമായി മുന്നോട്ട് പോകാന്‍ റൈറ്റ് സഹോദരന്മാര്‍ തീരുമാനിച്ചു.

തങ്ങളുടെ വിജയപ്രദമായ രൂപകല്‍പന വികസിപ്പിക്കാന്‍ നിശ്ചയിച്ചുറച്ച വില്‍ബറും ഓര്‍വെലും ശക്തമായ കാറ്റിന് പേരുകേട്ട നോര്‍ത്ത് കരോളിനയിലെ കിറ്റി ഹ്വാക്കിലേക്ക് തിരിച്ചു. വിമാനത്തിന് എങ്ങനെ ചിറകുകള്‍ ഘടിപ്പിക്കാം എന്നതിലാണ് ആദ്യം വില്‍ബറും ഓര്‍വലും പരീക്ഷണങ്ങള്‍ നടത്തിയത്. സന്തുലനവും നിയന്ത്രണവും ലഭിക്കുന്നതിനായി പക്ഷികള്‍ തങ്ങളുടെ ചിറകുകള്‍ ചരിക്കുകയാണ് ചെയ്യുന്നതെന്ന് അവര്‍ നിരീക്ഷിച്ചു. ചലിപ്പിക്കാവുന്ന ഒരു പങ്കായം കൂട്ടിച്ചേര്‍ത്തു.

1903 ഡിസംബര്‍ 17ന്, എയര്‍ പ്ലെയ്നിനെക്കാള്‍ ഭാരം കൂടിയതും, യന്ത്രത്താല്‍ നിയന്ത്രിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ ആദ്യവിമാനം അവര്‍ വിജയകരമായി പറപ്പിച്ചു. മണിക്കൂറില്‍ 27 മൈല്‍ വേഗതയില്‍ വീശിയ കാറ്റിന്റെ സഹായത്തോടെ പറന്ന വിമാനത്തിന്റെ ഗ്രൗണ്ട് സ്പീഡ് മണിക്കൂറില്‍ 6.8 മൈലും മൊത്തം വായുവേഗം മണിക്കൂറില്‍ 34 മൈലുമായിരുന്നു. നിയന്ത്രണ സംവിധാനങ്ങളില്‍ കൂടുതല്‍ സ്വാധീനം ഉറപ്പുവരുത്തിക്കൊണ്ടും കൂടുതല്‍ ദൂരം താണ്ടിക്കൊണ്ടും റൈറ്റ് സഹോദരന്മാര്‍ ആ ദിവസം മാറി മാറി മൂന്ന് തവണകൂടി വിമാനം പറത്തി. അങ്ങനെ ആദ്യ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയായി.
Adjust Story Font
16

