യമന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍; ഹുദൈദയിലേക്ക് കൂടുതല്‍ ചരക്ക് കപ്പലുകള്‍ എത്തി തുടങ്ങി

വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായ ശേഷം യമനിലെ ഹുദൈദയിലേക്ക് കൂടുതല്‍ ചരക്കുകളെത്തുന്നു. മൂന്ന് ദിവസത്തിനിടെ 13 കപ്പലുകളാണ് ഭക്ഷ്യവസ്തുക്കളുമായും കച്ചവട സാധനങ്ങളുമായും എത്തിയത്. വെടിനിര്‍ത്തല്‍ നിരീക്ഷിക്കാനെത്തിയ യു.എന്‍ സംഘം തടവുകാരെ കൈമാറുന്നത് സംബന്ധിച്ച ചര്‍ച്ചയിലാണ്.
ഹൂതികള്‍ക്കായിരുന്നു ഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം. ഇതിനായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചാണ് സര്‍ക്കാറും വിമതരും കരാറില്‍ ഒപ്പു വെച്ചത്. ഇറാന്‍ പിന്തുണയുള്ള ഹൂതികളും സൗദി പിന്തുണയുള്ള യമന്‍ സര്‍ക്കാറും കരാറില്‍ ഒപ്പുവെച്ചതോടെ മേഖലാ നിയന്ത്രണം യു.എന്‍ മേല്‍നോട്ടത്തിലാണ്. ഇതോടെ ചരക്കുകള്‍ തീരത്ത് എത്തിത്തുടങ്ങി. പട്ടിണിയില്‍ വലയുന്ന യമന് ആശ്വാസമാകും പുതിയ ചരക്കു നീക്കങ്ങള്‍. 13 കപ്പലുകള്‍ മൂന്ന് ദിവസത്തിനിടെയെത്തി. ഇവയെ അനുഗമിക്കുന്ന സുരക്ഷാ ബോട്ടുകളും തീരത്തണഞ്ഞതായി സൗദി സഖ്യസേന റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യു.എന്‍ നിരീക്ഷക്ഷകന്‍ പീറ്റര്‍ കാര്‍മത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഹുദൈദയില്‍ തുടരുന്നുണ്ട്. അടുത്ത മാസം രാഷ്ട്രീയ പരിഹാര ചര്‍ച്ചക്ക് തുടക്കമാകും. ഇതിന് മുന്നോടിയായി വിമതരും സര്‍ക്കാറും ബന്ദികളാക്കിയ പതിനയ്യായിരം പേരെ പരസ്പരം വിട്ടു നല്‍കും. ചര്‍ച്ചയില്‍ ഇരു കൂട്ടരും വിശ്വാസം അര്‍പ്പിക്കാന്‍ വേണ്ടിയാണിത്. അതേ സമയം ഹുദൈദ ഒഴികെയുള്ള ഭാഗങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുന്നുണ്ട്.
Adjust Story Font
16

