Quantcast

മിസൈൽ പരീക്ഷണങ്ങൾക്ക് റോക്കറ്റ് ഉപയോഗിക്കരുത്; യു.എസ് മുന്നറിയിപ്പ് തള്ളി ഇറാന്‍

ബഹിരാകാശ വാഹനങ്ങൾ ഉപയോഗിച്ചെന്നും മിസൈൽ പരീക്ഷണങ്ങൾ നടത്തിയെന്നും സമ്മതിച്ച ഇറാന്‍, എന്നാൽ യു.എന്‍ നിർദേശങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

MediaOne Logo

Web Desk

  • Published:

    4 Jan 2019 8:18 AM IST

മിസൈൽ പരീക്ഷണങ്ങൾക്ക് റോക്കറ്റ് ഉപയോഗിക്കരുത്; യു.എസ് മുന്നറിയിപ്പ് തള്ളി ഇറാന്‍
X

മിസൈൽ പരീക്ഷണങ്ങൾക്ക് റോക്കറ്റ് ഉപയോഗിക്കുന്നതിനെതിരെയുള്ള യു.എസിന്റെ മുന്നറിയിപ്പിനെ തള്ളി ഇറാന്‍. യു.എന്‍ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നായിരുന്നു ഇറാന്റെ വിശദീകരണം.

ഇറാന്റെ സ്പേസ് റോക്കറ്റ് വിക്ഷേപണത്തിനെതിരെ യു.എസ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇന്നലെ രംഗത്തെത്തിയത്. ഇറാന്‍ ബാലിസ്റ്റിക് മിസൈൽ ടെക്നോളജി ഉപയോഗിച്ചെന്നും ഇത് യു.എന്‍ സുരക്ഷ കൌണ്‍സിൽ നിർദേശങ്ങൾക്കെതിരാണെന്നുമായിരുന്നു ആരോപണം.

ബഹിരാകാശ വാഹനങ്ങൾ ഉപയോഗിച്ചെന്നും മിസൈൽ പരീക്ഷണങ്ങൾ നടത്തിയെന്നും സമ്മതിച്ച ഇറാന്‍, എന്നാൽ യു.എന്‍ നിർദേശങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം പരീക്ഷണങ്ങളുടെ ഭാഗമായ യു.എസിന് ആരെയും ഈ കാര്യത്തിൽ ഉപദേശിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈൽ ടെക്നോളജിയോട് സാമ്യമുള്ള ബഹിരാകാശ വാഹനങ്ങളാണ് വരും മാസങ്ങളില്‍ നടത്താനിരിക്കുന്ന മൂന്ന് മിസൈൽ പരീക്ഷണങ്ങളിൽ ഇറാന്‍ ഉപയോഗിക്കുന്നത് എന്നായിരുന്നു മൈക്ക് പോംപിയോയുടെ കണ്ടെത്തൽ. അന്താരാഷ്ട്ര സുരക്ഷയെ അപകടത്തിലാക്കുന്ന ഇറാന്റെ നയങ്ങളെ കയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും പോംപിയോ കൂട്ടിച്ചേർത്തു.

ഇറാനും മറ്റ് ലോകരാജ്യങ്ങളും തമ്മിലുണ്ടാക്കിയ 2015ലെ ആണവ ധാരണകളെ ലംഘിക്കുന്നതാണ് റോക്കറ്റ് വിക്ഷേപണമെന്ന് പോംപിയോ ആവർത്തിച്ചു. കഴിഞ്ഞ നവംബറിലാണ് ഇറാന്‍ റോക്കറ്റ് വിക്ഷേപണം നടത്തുമെന്നതിന്റെ വിശദാംശങ്ങൾ ഇറാന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പുറത്തുവിട്ടത്.

TAGS :

Next Story