Quantcast

ഈജിപത് പ്രസിഡന്റായി അബ്ദുല്‍ ഫത്താഹ് അല്‍ സീസി 2034 വരെ തുടരും 

ഈജിപ്ത് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം എം.പിമാരും ഭരണഘടനാ ഭേദഗതിയെ പിന്തുണച്ചു

MediaOne Logo

Web Desk

  • Published:

    16 Feb 2019 8:39 AM IST

ഈജിപത് പ്രസിഡന്റായി അബ്ദുല്‍ ഫത്താഹ് അല്‍ സീസി 2034 വരെ തുടരും 
X

ഈജിപത് പ്രസിഡന്റായി അബ്ദുല്‍ ഫത്താഹ് അല്‍ സീസി 2034 വരെ തുടരും. ഈജിപ്ത് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷം എം.പിമാരും ഭരണഘടനാ ഭേദഗതിയെ പിന്തുണച്ചു. 14 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. പുതിയ ഭരണഘടനാ ഭേദഗതി നിലവില്‍ വന്നതോടെ അബ്‍ദുല്‍ ഫത്താഹ് അല്‍ സീസി ഈജിപ്തിലെ ഏകാധിപതിയായി മാറും. രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സീസി ദീര്‍ഘകാലം പ്രസിഡന്റായി തുടരണമെന്നാണ് സീസിയെ പിന്തുണക്കുന്നവരുടെ ആവശ്യം.

നിരവധി വികസന പ്രവര്‍ത്തനങ്ങളും സാമ്പത്തിക മാറ്റങ്ങളും സീസിക്ക് കൊണ്ട് വരാന്‍ സമയം കൊടുക്കണമെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം രാജ്യത്തിന്റെ അധികാരം ഒരു കേന്ദ്രത്തിലേക്ക് നീങ്ങുന്നതിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. അധികാരമെല്ലാം പ്രസിഡന്റിലേക്ക് കേന്ദ്രീകരിക്കുന്ന രീതിയാണ് പുതിയ ഭരണഘടനാ ഭേദഗതിയിലൂടെ നിലവില്‍ വന്നതെന്നാണ് ഇവരുടെ ആരോപണം. പാര്‍ലമെന്റിലെ 596 അംഗങ്ങളില്‍ 485പേരും ഭരണഘടന ഭേദഗതി ബില്ലിനെ പിന്തുണച്ചു.14 പേര്‍ മാത്രമാണ് ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തതെന്ന് സ്പീക്കര്‍ പറഞ്ഞു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 140 പ്രകാരം പ്രസിഡന്റിന്റെ കാലാവധി 6 വര്‍ഷമാക്കുകയും നാല് പ്രാവശ്യം പ്രസിഡന്റായി തുടരാനും സാധിക്കും. കൂടാതെ ഈ കാലാവധിയില്‍ ഏത് തരത്തിലുമുള്ള മാറ്റം വരുത്താനും സീസിക്ക് സാധിക്കും. ഈ മാറ്റങ്ങള്‍ പാര്‍ലമെന്റ് കമ്മിറ്റി പരിശോധിക്കും. ശേഷം ഒരു തവണ കൂടി വോട്ട് ചെയ്യാന്‍ പാര്‍ലമെന്റിലേക്ക് അയക്കുകയും ചെയ്യും. ഈ വര്‍ഷം മധ്യത്തോട് കൂടി ഭരണഘടന ഭേദഗതി നിലവില്‍ വരും. 2014ലാണ് മുര്‍സിയുടെ ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് സീസി ഈജിപ്തിന്റെ പ്രസിഡന്റായി മാറിയത്.

TAGS :

Next Story