ലൈംഗികാരോപണം; കര്‍ദിനാളിന്റെ പൗരോഹിത്യം റദ്ദാക്കി
വാഷിങ്ടണ്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പായിരുന്ന മക് കാരിക്കിനെ നേരത്തെ കര്‍ദിനാള്‍ പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

ലൈംഗികാരോപണത്തെ തുടര്‍ന്ന് മുന്‍ അമേരിക്കന്‍ കര്‍ദിനാള്‍ തിയോഡോര്‍ മക് കാരിക്കിന്റെ പൗരോഹിത്യം വത്തിക്കാന്‍ റദ്ദാക്കി. വാഷിങ്ടണ്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പായിരുന്ന മക് കാരിക്കിനെ നേരത്തെ കര്‍ദിനാള്‍ പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചതടക്കം മക് കാരിക്കിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ആധുനിക സഭാ ചരിത്രത്തില്‍ പീഡനാരോപണങ്ങളെ തുടര്‍ന്ന് പദവി ഒഴിയേണ്ടി വരുന്ന ഏറ്റവും ഉയര്‍ന്ന പുരോഹിതനാണ് തിയോഡോര്‍ മക്കാരിക്ക്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒന്നിനോട് മാത്രം പ്രതികരിക്കാന്‍ തയ്യാറായ മക് കാരിക്ക് കൗമാരക്കാരനെ പീഡിപ്പിച്ച കേസില്‍, 50 വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ ഓര്‍മയില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ സെമിനാരി പഠനകാലത്ത് മക് കാരിക് പീഡിപ്പിച്ചതായി നിരവധി പുരോഹിതന്‍മാരും മുന്‍ പുരോഹിതന്‍മാരും ആരോപിച്ചിരുന്നു. അധികാരമുപയോഗിച്ച് മക് കാരിക്ക് ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിച്ചുവെന്നാണ് പൂര്‍വ വിദ്യാര്‍ഥികളുടെ ആരോപണം.
എന്നാല്‍ ഈ ആരോപണങ്ങളോട് പ്രതികരിക്കാന്‍ മക് കാരിക്ക് തയ്യാറായിട്ടില്ല. കര്‍ദിനാളിനെതിരായ നടപടി മുഴുവന്‍ പുരോഹിതന്മാര്‍ക്കും പാഠമാണെന്നും പരാതികളില്‍ കൃത്യമായ നടപടികളുണ്ടാകുമെന്നും വത്തിക്കാനു വേണ്ടി കേസ് അന്വേഷിച്ച ആര്‍ച്ച് ബിഷപ്പ് ചാള്‍സ് സിസ്‍ലൂന പ്രതികരിച്ചു. കര്‍ദിനാള്‍ പദവിയില്‍ നിന്നൊഴിവാക്കുകയും പൗരോഹിത്യം റദ്ദാക്കുകയും ചെയ്ത വത്തിക്കാന്‍ നടപടിക്കെതിരെ മക് കാരിക്ക് അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അനുവദിച്ചില്ല. ഈ വിഷയത്തില്‍ ഇനി അപ്പീല്‍ അനുവദിക്കില്ലെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചു.
Adjust Story Font
16

