Quantcast

മാനസരോവര്‍ യാത്ര; ഇന്ത്യക്കാര്‍ക്ക് ചൈന വിസ അനുവദിക്കുന്നില്ലെന്ന് പരാതി

സാധാരണ യാത്ര തുടങ്ങുന്നതിന് ഒരു ദിവസം മുമ്പെങ്കിലും വിസ അനുവദിക്കാറുണ്ട്. 

MediaOne Logo

Web Desk

  • Published:

    7 Aug 2019 6:19 AM GMT

മാനസരോവര്‍ യാത്ര; ഇന്ത്യക്കാര്‍ക്ക് ചൈന വിസ അനുവദിക്കുന്നില്ലെന്ന് പരാതി
X

കൈലാസ് മാനസരോവര്‍ യാത്ര നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടു സംഘം ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസ അനുവദിക്കാന്‍ ചൈന മനപൂര്‍വം കാലതാമസം വരുത്തുന്നതായി റിപ്പോര്‍ട്ട്. ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും ഇത് അംഗീകരിക്കില്ലെന്നും നേരത്തെ ചൈന വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിസാ നടപടികള്‍ ചൈന വൈകിപ്പിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇന്ന് കൈലാസ് മാനസരോവര്‍ യാത്ര നടത്താന്‍ തീരുമാനിച്ച തീര്‍ഥാടകര്‍ക്ക് ചൊവ്വാഴ്ച രാത്രിയായിട്ടും ചൈന വിസ അനുവദിച്ചില്ലെന്നാണ് പരാതി. സാധാരണ യാത്ര തുടങ്ങുന്നതിന് ഒരു ദിവസം മുമ്പെങ്കിലും വിസ അനുവദിക്കാറുണ്ട്. എന്നാല്‍ ബുധനാഴ്ച രാവിലെ യാത്ര പുറപ്പെടേണ്ടിയിരുന്ന രണ്ടു തീര്‍ഥാടക സംഘത്തിനാണ് വിസ ലഭിക്കാത്തത്. ചൈനയുടെ അധീനതയിലുള്ള ടിബറ്റിലെ തീര്‍ഥാടക കേന്ദ്രത്തിലേക്ക് എത്തേണ്ടവര്‍ ഇപ്പോഴും ഡല്‍ഹിയിലെ ചൈനീസ് എംബസിയില്‍ നിന്ന് ലഭിക്കേണ്ട യാത്രാ രേഖകള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേസമയം, വിസ അധികം വൈകാതെ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു. എല്ലാ വര്‍ഷവും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് വിദേശകാര്യ മന്ത്രാലയം കൈലാസ് മാനസരോവര്‍ യാത്ര സംഘടിപ്പിക്കാറുള്ളത്.

TAGS :

Next Story