Quantcast

2020 ഒളിംപിക്‌സിൽ താരമാവാൻ ഹലാൽ വിഭവങ്ങളും; വൻ വിപണി ലക്ഷ്യമിട്ട് മലേഷ്യ

ഒളിംപിക്‌സിൽ 300 ദശലക്ഷം മില്യൺ ഡോളറിന്റെ (2100 കോടി രൂപ) ഹലാൽ വ്യാപാരമാണ് മലേഷ്യ ലക്ഷ്യമിടുന്നത്.

MediaOne Logo

  • Published:

    19 Feb 2020 6:46 AM GMT

2020 ഒളിംപിക്‌സിൽ താരമാവാൻ ഹലാൽ വിഭവങ്ങളും; വൻ വിപണി ലക്ഷ്യമിട്ട് മലേഷ്യ
X

ഈ വർഷം ജപ്പാനിൽ നടക്കുന്ന സമ്മര്‍ ഒളിംപിക്‌സിൽ പങ്കെടുക്കുന്ന താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഹലാൽ ഭക്ഷണം ലഭ്യമാവും. ജൂലൈ 24 മുതൽ ആഗസ്ത് 9 വരെ നടക്കുന്ന കായിക മാ മാമാങ്കത്തിനുള്ള ഹലാൽ ഭക്ഷണങ്ങൾ മലേഷ്യയിൽ നിന്നാണ് കയറ്റുമതി ചെയ്യുക. 2020 ടോക്യോ ഒളിംപിക്‌സുമായി ഹലാൽ സഹകരണ കരാറിലെത്തിയ ഏക രാജ്യമാണ് മലേഷ്യ. റെഡി ടു ഈറ്റ് ഹലാൽ വിഭവങ്ങൾ ഒളിംപിക്‌സിന് ലഭ്യമാക്കുകവഴി രാജ്യാന്തര ഹലാൽ വിപണിയിൽ തങ്ങൾക്കുള്ള ആധിപത്യം അരക്കിട്ടുറപ്പിക്കാനാണ് മലേഷ്യ ലക്ഷ്യമിടുന്നത്.

ഒളിംപിക്‌സിൽ പങ്കെടുക്കാനെത്തുന്ന 50-ലധികം മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെയാണ് ഹലാൽ ഭക്ഷണങ്ങളിലൂടെ മലേഷ്യ ലക്ഷ്യമിടുന്നത്. നാസി ബിരിയാണി, റോട്ടി കനായ്, ചിക്കൻ ബിരിയാണി, ഫ്രൈഡ് റൈസ് തുടങ്ങിയ ജനപ്രിയ വിഭവങ്ങളെല്ലാം ഒളിംപിക്‌സിനെത്തും. ഒളിംപിക്‌സ് സമയത്തുമാത്രം ജപ്പാനിൽ സാന്നിധ്യമറിയിക്കുകയല്ല, സ്ഥിരമായി വിപണി സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മലേഷ്യയിലെ ഭക്ഷ്യനിർമാണ കമ്പനിയായ മൈഷെഫിന്റെ സി.ഇ.ഒ അഹ്മദ് ഹുസൈനി ഹസ്സൻ പറയുന്നു. ജാപ്പനീസ് റീട്ടെയ്‌ലിംഗ് കമ്പനിയായ അയോണുമായി സഹകരിച്ച് റെഡി ടു ഈറ്റ് ഹലാൽ വിഭവങ്ങളുടെയും സ്‌നാക്‌സുകളുടെയും വിപണി തുറക്കാൻ തയ്യാറെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നാസി ബിരിയാണി

ഒളിംപിക്‌സിൽ 300 ദശലക്ഷം മില്യൺ ഡോളറിന്റെ (2100 കോടി രൂപ) ഹലാൽ വ്യാപാരമാണ് മലേഷ്യ ലക്ഷ്യമിടുന്നത്. ഒളിംപിക്‌സ് സമയത്ത് 'മലേഷ്യ സ്ട്രീറ്റ് 2020' എന്ന പേരിൽ പ്രമോഷൻ ഇവന്റും ജപ്പാനിൽ സംഘടിപ്പിക്കുന്നുണ്ട്. മലേഷ്യൻ കമ്പനികൾക്ക് ജപ്പാനിൽ വലിയ സാധ്യതകളുണ്ടെന്ന് മലേഷ്യയിലെ ജാപ്പനീസ് എംബസിയിലെ ഇക്കണോമിക്‌സ് കൗൺസിലർ ഹിദെതോ നകാജിമ പറഞ്ഞു.

റോട്ടി കനായ്

ലോകത്ത് ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള ദക്ഷിണപൂർവ ഏഷ്യയിൽ നിന്ന് ജപ്പാനിലേക്കുള്ള ടൂറിസത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. 40 ദശലക്ഷം ടൂറിസ്റ്റുകളെയാണ് ജപ്പാൻ ഈ വർഷം പ്രതീക്ഷിക്കുന്നത്; അതിൽ കുറഞ്ഞത് 8 ദശലക്ഷമെങ്കിലും മുസ്ലിംകൾ ആയിരിക്കുമെന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിൽ ജപ്പാനിൽ ഹലാൽ വിപണിക്കുള്ള സാധ്യത ഗണ്യമായി വർധിക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story