Quantcast

കോറോണ കാലത്തെ പാചകം: ക്വാറന്‍റൈന്‍ ആഘോഷമാക്കി ഇറാന്‍ ജനത

പാചകം ചെയ്തും പാചകക്കുറിപ്പുകള്‍ പങ്കുവെച്ചും പുതിയ രുചികളിലേക്ക് പഴയ രുചികളെ ചേര്‍ത്തുവെച്ചും തങ്ങളുടെ ക്വാറന്‍റൈന്‍ കാലത്തെ ആഘോഷിക്കുകയാണ് ഇറാനികള്‍.

MediaOne Logo

Web Desk

  • Published:

    21 March 2020 10:29 AM GMT

കോറോണ കാലത്തെ പാചകം: ക്വാറന്‍റൈന്‍  ആഘോഷമാക്കി ഇറാന്‍ ജനത
X

ഇറാനില്‍ കോവിഡ് 19 രോഗബാധമൂലം ഓരോ പത്തുമിനിറ്റിലും ഒരാള്‍ വീതം മരിക്കുന്നുവെന്നും, ഓരോ മണിക്കൂറിലും 50 പേര്‍ വീതം രോഗബാധിതരാകുന്നുവെന്നുമാണ് ഇറാന്‍ ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തില്‍ ചൈനയും ഇറ്റലിയും കഴിഞ്ഞാല്‍ മൂന്നാംസ്ഥാനത്താണ് ഇറാന്‍.

രാജ്യത്തെ ജനങ്ങള്‍ മുഴുവനും കഴിഞ്ഞ 20 ദിവസമായി സെമി ക്വാറന്‍റൈന്‍ അവസ്ഥയിലാണ്. എല്ലാവരും സ്വയം ഹോം ഐസലേഷനില്‍ കഴിയുന്നു. ഇറാനിലെ ദശലക്ഷക്കണക്കിന് ആളുകള്‍ കോറോണ വൈറസില്‍ നിന്ന് രക്ഷതേടി വീട് വിട്ടിറങ്ങാതെയായിട്ട് ആഴ്ചകളോളമായി. സ്കൂളുകളും സര്‍വകലാശാലകളും തീയേറ്ററുകളും ജിമ്മുകളും എല്ലാം അടച്ചിട്ടിരിക്കുന്നു. ഇന്നലെയായിരുന്നു ഇറാന്‍റെ പുതുവര്‍ഷദിനം. തിരക്കുമൂലം ആളുകള്‍ ഞെങ്ങിഞെരുങ്ങുന്ന തെരുവുകളെല്ലാം പക്ഷേ കോവിഡ് 19 ഭീതിയില്‍ വിജനമായിരിക്കുകയായിരുന്നു. ഇറാന്‍റെ പൊതുസ്ഥലങ്ങളെല്ലാം നിശബ്ദമായിക്കൊണ്ടിരിക്കുന്നു. ഇറാനെതിരായ യുഎസ് ഉപരോധവും ഭയം വര്‍ധിപ്പിക്കുകയാണ്. കാരണം ഉപരോധം മൂലം അവശ്യമരുന്നുകള്‍ക്കും സാനിറ്റൈസര്‍ പോലുള്ള പ്രതിരോധവസ്തുക്കള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്.

പക്ഷേ, സ്വയം ക്വാറന്‍റൈന്‍ സ്വീകരിച്ച ഇറാനിലെ ജനങ്ങള്‍ ഭീതിയെല്ലാം മാറ്റിവെച്ച്, തങ്ങളുടെ സന്തോഷം പങ്കിടുകയാണിപ്പോള്‍. പാചകം ചെയ്തും പാചകക്കുറിപ്പുകള്‍ പങ്കുവെച്ചും പുതിയ രുചികളിലേക്ക് പഴയ രുചികളെ ചേര്‍ത്തുവെച്ചും തങ്ങളുടെ ക്വാറന്‍റൈന്‍ കാലത്തെ ആഘോഷിക്കുകയാണ് ഇറാനികള്‍. പുതിയ പുതിയ രുചിക്കൂട്ടുകള്‍ അവര്‍ കണ്ടെത്തുന്നു. അത് കൂട്ടിച്ചേര്‍ത്ത് നാവില്‍വെള്ളമൂറുന്ന നവവിഭവങ്ങളെ അവര്‍ സൃഷ്ടിച്ചെടുക്കുന്നു. തെരുവുകളിലെ അന്ധകാരത്തെയും നിശബ്ദതകളെയും ഇല്ലാതാക്കുകയാണ് ഇറാനിലെ ഉണര്‍ന്നിരിക്കുന്ന അടുക്കളകളിലെ വിളക്കും വെളിച്ചവും പാത്രങ്ങളുടെ ശബ്ദങ്ങളും.

ടെഹ്റാനിലെ ചിത്രകാരിയായ ഗോൽറോക്ക് നഫിസി തന്‍റെ പുതിയ പെയിന്‍റിംഗുകളുടെ സീരീസിന് നല്‍കിയിരിക്കുന്ന പേര് ക്വാറന്‍റൈന്‍ കിച്ചണ്‍ എന്നാണ്. പ്രേരണയായത് കോറോണ കാലത്ത് തനിക്കുചുറ്റിലുമുള്ള പാചകപരീക്ഷണങ്ങള്‍ തന്നെ. ക്വാറന്‍റൈന്‍ കാലത്ത് തങ്ങള്‍ നടത്തുന്ന പാചക പരീക്ഷണങ്ങളെകുറിച്ച് തന്‍റെ സുഹൃത്തുക്കളില്‍ നിന്ന് കേട്ട നഫിസി, ആ കഥകളെ ചിത്രങ്ങളായി വരച്ചു തുടങ്ങുകയായിരുന്നു. ഈ സീരീസ് വികസിപ്പിക്കണമെന്നാണ് അവളുടെ ആഗ്രഹം, അതിനാല്‍ സമാനമായ കഥയുള്ളവരോട് അവളെ ബന്ധപ്പെടാനും അവരുടെ സ്റ്റോറി പങ്കിടാനും അവള്‍ ആവശ്യപ്പെടുന്നു.

ഗോൽറോക്ക് നഫിസി

''ഈ കോറോണ കാലത്ത് തങ്ങള്‍ താമസിക്കുന്ന ഇടമെവിടെയാണോ, അതാണ് ഞങ്ങളുടെ ക്വാറന്‍റൈന്‍ കിച്ചന്‍. ആയിരക്കണക്കിന് പാചകക്കുറിപ്പുകളാണ് ഞങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നത്. അത് ഞങ്ങളെ വീട്ടില്‍ തന്നെ താമസിക്കാനും, ആ ബോറടി മാറ്റാന്‍ പാചകം ചെയ്യാനും പ്രേരിപ്പിക്കുന്നു. ഞങ്ങളുടെ വീടിന്‍റെ ഹൃദയമായ അടുക്കളയാണ് ഈ ക്വാറന്‍റൈന്‍ ദിവസങ്ങളില്‍ ഞങ്ങളുടെത്തന്നെ ഹൃദയം.'' - അവള്‍ പറയുന്നു.

''മണിക്കൂറുകളോളമാണ് അമ്മമാര്‍ അടുക്കളയില്‍ സമയം ചെലവഴിക്കുന്നത്.. അടുക്കളയിലെ ലൈറ്റുകള്‍ ഒരിക്കലും കെടാറേയില്ല. പക്ഷേ, പുതിയ തലമുറ ഭക്ഷണം കഴിക്കുന്നത് മൊബൈല്‍ ആപ്പ് വഴി ഫുഡ് ഓര്‍ഡര്‍ ചെയ്താണ്. ആരാണോ തനിച്ച് താമസിക്കുന്നത്, ആരാണോ എങ്ങനെ പാചകം ചെയ്യണമെന്ന് മറന്നുപോയത് അവരെല്ലാം ഭക്ഷണം ആപ്പ് ഉപയോഗിച്ച് ഓര്‍ഡര്‍ ചെയ്യുകയായിരുന്നു ഇതുവരെ.. അവരെ സംബന്ധിച്ചിടത്തോളം മണിക്കൂറുകളോളം അടുക്കളയില്‍ ചെലവഴിക്കുക എന്നത് ഒരു പുതിയ അനുഭവമായിരിക്കും. ഒരു പഴയ സുഹൃത്ത് കാലങ്ങള്‍ക്കുശേഷം നമ്മളെ കാണാനെത്തിയതുപോലുള്ള ഒരു അനുഭവമായിരിക്കുമത്... അങ്ങനെ അടുക്കള വീണ്ടും നമ്മുടെ വീടിന്‍റെ ഹൃദയമായി മാറും.''

''മറ്റൊന്ന് ക്വാറന്‍റൈന്‍ കാലത്ത് ഇറാനികള്‍ക്ക് പരസ്പരം വിളിക്കാനും മെസേജ് അയക്കാനും കൂടുതല്‍ സമയം കിട്ടി എന്നതാണ്. കൈ കഴുകുന്നതിനെ കുറിച്ചുള്ള പുതിയ ടിപ്സുകള്‍, ഈ കോറോണകാലത്ത് നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും മരുന്നുകളുണ്ടോ, ഏതൊക്കെ ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കാം, വിരുദ്ധാഹാരങ്ങള്‍ എങ്ങനെ തിരിച്ചറിയാം, ഒഴിവാക്കാം. വ്യത്യസ്തമായ ഒരു ആഹാരപദ്ധതി എങ്ങനെ സ്വയം ഉണ്ടാക്കാം, ഉച്ചഭക്ഷണത്തിലും അത്താഴത്തിലും എങ്ങനെ വ്യത്യസ്ത കൊണ്ടുവരാം.... കൂടാതെ ക്വാറന്‍റൈന്‍ കാലത്തെ വ്യാജപ്രചാരണങ്ങളും അതിന്‍റെ പ്രതിവിധികളും തുടങ്ങി, എന്തും ഞങ്ങള്‍ പരസ്പരം പങ്കുവെക്കുകയും സംസാരിക്കുകയും ചെയ്യുന്നു. അലമാരയില്‍ പൊടിപിടിച്ചുകിടന്ന പഴയ പാചകപുസ്തകങ്ങള്‍ വരെ ജനങ്ങള്‍ പൊടിത്തട്ടിയെടുത്തുകഴിഞ്ഞു. ഞങ്ങള്‍ അവയിലെ ഓരോ പേജും ഇപ്പോള്‍ വീണ്ടും വീണ്ടും വായിക്കുകയും ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുകയും ഭക്ഷണമുണ്ടാക്കി കഴിക്കുകയും ചെയ്യുന്നു''വെന്നും ഗോല്‍റോക്ക് നഫിസി കൂട്ടിചേര്‍ക്കുന്നു..

കടപ്പാട്: Ajam Media Collective

TAGS :

Next Story