Quantcast

ഇസ്ലാമോഫോബിയ: കാനഡയിൽ ഇന്ത്യൻ വംശജനെതിരെ കടുത്ത നടപടി

നടപടി നേരിട്ടതിനു പിന്നാലെ മാപ്പപേക്ഷയുമായി രവി ഹൂഡ രംഗത്തെത്തി. തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്ന് സി.ബി.സി ന്യൂസിനു നൽകിയ പ്രസ്താവനയിൽ ഇയാൾ പറഞ്ഞു.

MediaOne Logo

  • Published:

    6 May 2020 8:38 AM GMT

ഇസ്ലാമോഫോബിയ: കാനഡയിൽ ഇന്ത്യൻ വംശജനെതിരെ കടുത്ത നടപടി
X

മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ഇന്ത്യന്‍ വംശജനെതിരെ കാനഡയിൽ കടുത്ത നടപടി. സമൂഹമാധ്യമത്തിലൂടെ വംശീയവിദ്വേഷ പ്രചരണം നടത്തിയ രവി ഹൂഡ എന്നയാളെ പീൽ ഡിസ്ട്രിക്ട് സ്‌കൂൾ ബോർഡ് അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇയാളുമായുള്ള കരാർ രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് സ്ഥാപനം റദ്ദാക്കുകയും ചെയ്തു.

റമദാൻ മാസത്തിൽ ഇഫ്താർ സമയത്ത് ലൗഡ് സ്പീക്കറിലൂടെ ബാങ്കുവിളി സംപ്രേഷണം ചെയ്യാൻ ടൊറന്റോ മേഖലയിലെ മുനിസിപ്പാലിറ്റികൾ മുസ്ലിം പള്ളികൾക്ക് അനുമതി നൽകിയിരുന്നു. കോവിഡ് നിയന്ത്രണം കാരണം മുസ്ലിംകൾക്ക് പള്ളികളിൽ ഒരുമിച്ചുകൂടാൻ കഴിയാത്ത പ്രത്യേക സാഹചര്യത്തിലായിരുന്നു ഇത്. ബ്രാംപ്റ്റൺ മുനിസിപ്പാലിറ്റിയും ഈ രീതി പിന്തുടരാൻ തീരുമാനിച്ചു. ഇതിനെതിരെ വംശീയ വിദ്വേഷം നിറഞ്ഞ വാക്കുകളില്‍ അഭിപ്രായം രേഖപ്പെടുത്തിയതാണ് രവി ഹൂഡക്ക് തിരിച്ചടിയായത്.

ഏപ്രിൽ 30-ന് ബ്രാംപ്റ്റൺ മേയർ പാട്രിക് ബ്രൗൺ ട്വിറ്ററിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചതാണ് രവി ഹൂഡയെ പ്രകോപിപ്പിച്ചത്.

'നമ്മുടെ ശബ്ദനിയമങ്ങൾ 1984-ൽ പാസാക്കപ്പെട്ടതാണ്. ചർച്ച് ബെല്ലുകൾക്ക് മാത്രമാണ് അതിൽ ഇളവ് നൽകിയിരുന്നത്. അത് ഇപ്പോൾ നിയന്ത്രിത മണിക്കൂറുകളിലും ഡെസിബൽ ലെവലുകളിലുമായി എല്ലാ മതവിശ്വാസികൾക്കും ബാധകമാക്കുകയാണ്. മുസ്ലിം സമുദായത്തിന് സൂര്യാസ്തമയ ബാങ്കുമായി മുന്നോട്ടുപോകാം. കാരണം ഇത് 2020 ആണ്, നമ്മൾ എല്ലാ മതവിശ്വാസങ്ങളെയും തുല്യമായാണ് പരിഗണിക്കുന്നത്.' - എന്നായിരുന്നു പാട്രിക് ബ്രൗണിന്റെ ട്വീറ്റ്.

ഇതിനു മറുപടിയായി രവി ഹൂഡ കുറിച്ചതിങ്ങനെ:

'അടുത്തത് എന്തായിരിക്കും? ഒട്ടകപ്പുറത്തും ആട്ടിൻപുറത്തും ഇരുന്ന് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക വഴി, ബലിയുടെ പേരിൽ വീട്ടിൽ മൃഗങ്ങളെ അറുക്കുന്നതിന് അനുമതി, എല്ലാ സ്ത്രീകളും തലമുതൽ പാദംവരെ കൂടാരത്തിൽ മൂടണമെന്ന നിയമം... എല്ലാം വോട്ടിനു വേണ്ടി വിഡ്ഢികളെ പ്രീണിപ്പിക്കാൻ വേണ്ടി...'

ഇത് വിവാദമായതോടെ ഹൂഡ തന്റെ ട്വിറ്റർ അക്കൗണ്ട് പ്രൈവറ്റ് ആക്കിമാറ്റി. ഫേസ്ബുക്ക്, ലിങ്ക്ഡിന്‍ അക്കൌണ്ടുകള്‍ താല്‍ക്കാലികമായി ഡിആക്ടിവേറ്റ് ചെയ്യുകയും ചെയ്തു.

റിയൽ എസ്റ്റേറ്റ് രംഗത്തും ഇമിഗ്രേഷൻ കൺസൾട്ടേഷൻ രംഗത്തും പ്രവർത്തിക്കുന്നയാളാണ് താനെന്നാണ് രവി ഹൂഡയുടെ പ്രൊഫൈലിൽ പറയുന്നത്. പീൽ സ്‌കൂൾസിന്റെ ഭാഗമായ ബോൾട്ടൻ നഗരത്തിലെ മക് വില്ലി പബ്ലിക് സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് സ്‌കൂൾ കൗൺസിൽ മെമ്പർ കൂടിയായിരുന്നു ഇയാൾ. രവി ഹൂഡയുടെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ തൽസ്ഥാനത്തുനിന്ന് നീക്കിയതായി പീൽ സ്‌കൂൾസ് വ്യക്തമാക്കി.

ഇക്കാര്യം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെ മക്‌വില്ലി സ്‌കൂൾ പ്രിൻസിപ്പൽ സ്ഥിരീകരിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ ഹൂഡ ജോലി ചെയ്തിരുന്ന റിയൽ എസ്‌റ്റേറ്റ് സ്ഥാപനമായ റിമാക്‌സ് ഇയാളെ പുറത്താക്കിയ കാര്യവും വ്യക്തമാക്കി. കനേഡിയൻ ആന്റി ഹേറ്റ് നെറ്റ്‌വർക്ക് ഹൂഡയുടെ ട്വീറ്റ് ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ റിമാക്‌സിന്റെ നടപടി.

ജോലി പോയതോടെ മാപ്പപേക്ഷയുമായി രവി ഹൂഡ രംഗത്തെത്തി. തന്റെ പ്രസ്താവന ഏതെങ്കിലും മതവിഭാഗത്തിന് എതിരായിരുന്നില്ലെന്നും അത് വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും സി.ബി.സി ന്യൂസിനു നൽകിയ പ്രസ്താവനയിൽ ഇയാൾ പറഞ്ഞു. തന്റെ ട്വീറ്റ് വിവാദമായപ്പോൾ തന്നെ മാപ്പുപറഞ്ഞ് മറ്റൊരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇയാൾ സി.ബി.സി ന്യൂസിനോട് പറഞ്ഞു.

TAGS :

Next Story