Quantcast

''എനിക്ക് ശ്വാസം വിടാന്‍ പറ്റുന്നില്ല'': കറുത്തവര്‍ഗക്കാരനെ നടുറോഡിലിട്ട് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തി അമേരിക്കന്‍ പോലീസ്

പൊലീസ് ഇയാളുടെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുമ്പോള്‍ ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് അമ്മയെ വിളിച്ച് കരയുകയാണ് യുവാവ്. പിന്നെ കരച്ചില്‍ നില്‍ക്കുകയും നിശബ്ദനാവുകയും അനക്കമില്ലാതാകുകയും ചെയ്തു.

MediaOne Logo

  • Published:

    27 May 2020 8:37 AM GMT

എനിക്ക് ശ്വാസം വിടാന്‍ പറ്റുന്നില്ല:  കറുത്തവര്‍ഗക്കാരനെ നടുറോഡിലിട്ട് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി  കൊലപ്പെടുത്തി അമേരിക്കന്‍ പോലീസ്
X

''നിങ്ങളുടെ കാല്‍മുട്ട് എന്‍റെ കഴുത്തിലാണ്. എനിക്ക് ശ്വസിക്കാന്‍ വയ്യ.. മമ്മാ മമ്മാ'' എന്ന് പറഞ്ഞാണ് ജോര്‍ജ് ഫ്ലോയ്ഡ് അവസാനം ശ്വാസം നിലയ്ക്കും വരെ കരഞ്ഞത്.

അവന്‍റെ കയ്യില്‍ വിലങ്ങുണ്ടായിരുന്നു. സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം ചുമത്തിയാണ് ഫ്ലോയ്ഡിനെ അമേരിക്കയിലെ മിന്നപൊളിസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മര്‍ദ്ദിച്ച ശേഷം നടുറോഡില്‍ കിടത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നു. അഞ്ചുമിനിറ്റോളമാണ് മിനിയാപൊളിസ് പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ തന്‍റെ കാല്‍മുട്ട് അമര്‍ത്തിയിരുന്നത്. ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്കയെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.

തെരുവില്‍ കണ്ടുനിന്നവര്‍ ആരോ സംഭവത്തിന്‍റെ വീഡിയോ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ മനഃസാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. നാല്‍പ്പത് വയസ്സോളം പ്രായമുള്ള കറുത്ത വര്‍ഗക്കാരനായ യുവാവാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ് ഇയാളുടെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുമ്പോള്‍ ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് അമ്മയെ വിളിച്ച് കരയുകയാണ് യുവാവ്. പിന്നെ കരച്ചില്‍ നില്‍ക്കുകയും നിശബ്ദനാവുകയും അനക്കമില്ലാതാകുകയും ചെയ്തു. എന്നിട്ടും യുവാവിനോട് എഴുന്നേല്‍ക്കാനും കാറില്‍ കയറാനും നിര്‍ബന്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു പൊലീസ്. യുവാവിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിച്ചു.

ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിന് കാരണക്കാരായ, അവനെ കസ്റ്റഡിയിലെടുത്ത നാല് പൊലീസുകാരെ ശകാരിച്ച് മിനിയോപ്പൊളിസ് മേയര്‍ ജേക്കബ് ഫ്രേ രംഗത്തെത്തി. ഈ പൊലീസുദ്യോഗസ്ഥരെ പുറത്താക്കിയതായും മേയര്‍ അറിയിച്ചു. എങ്ങനെ നോക്കിയാലും ഈ സംഭവം തെറ്റാണെന്നായിരുന്നു മിനിയോപ്പൊളിസ് മേയര്‍ ജേക്കബ് ഫ്രേയുടെ പ്രതികരണം. ഒരു കറുത്തവര്‍ഗക്കാരന്‍റെ കഴുത്തില്‍ മുട്ട് അമര്‍ത്തുന്ന വെള്ളക്കാരനെയാണ് അഞ്ച് മിനുട്ട് നമ്മള്‍ കണ്ടത് -മേയര്‍ കൂട്ടിച്ചേര്‍ത്തു.

''അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനാകുക എന്നത് വധശിക്ഷ ലഭിക്കേണ്ട ഒന്നല്ല'' എന്നായിരുന്നു സിവില്‍ റൈറ്റ്സ് അറ്റോണിയായ ബെന്‍ ക്രംപിന്റെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ എഫ്ബിഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മിന്നപൊളിസ് പൊലീസ് ചീഫ് മെദാരിയ അറഡോണ്ടോ അറിയിച്ചു.

ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കന്‍ തെരുവുകളില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. എനിക്ക് ശ്വസിക്കാന്‍ വയ്യ, ഫ്ലോയിഡിന് നീതി വേണം തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.

അനധികൃതമായി സിഗരറ്റ് വിറ്റതിന് എറിക്ക് ഗാര്‍ണര്‍ എന്ന ന്യൂയോര്‍ക്ക് സ്വദേശിയെ 20914 ല്‍ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിന് സമാനമാണ് ഫ്ലോയ്ഡിന്‍റെ കൊലപാതകം.

TAGS :

Next Story