Quantcast

വീണ്ടും കോവിഡ്; ന്യൂസിലന്‍റില്‍ പൊതുതെരഞ്ഞെടുപ്പ് മാറ്റി

സെപ്തംബര്‍ 19ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ലേക്കാണ് മാറ്റിയത്.

MediaOne Logo

  • Published:

    17 Aug 2020 3:10 AM GMT

വീണ്ടും കോവിഡ്; ന്യൂസിലന്‍റില്‍ പൊതുതെരഞ്ഞെടുപ്പ് മാറ്റി
X

ന്യൂസിലന്‍റില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പൊതുതെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സെപ്തംബര്‍ 19ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ലേക്കാണ് മാറ്റിയത്. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വിദേശത്ത് നിന്ന് വന്നവര്‍ക്കല്ലാതെ കഴിഞ്ഞ 102 ദിവസം ഒരൊറ്റ കോവിഡ് സമ്പര്‍ക്ക കേസ് പോലും ന്യൂസിലന്‍റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ സൗത്ത് ഓക്ക്‍ലന്‍റിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ആഗസ്ത് 11ന് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിരുന്നില്ല. ഇതോടെ ഓക്ക്‍ലന്‍റില്‍ ലോക്ക്ഡൌണ്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം 13 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ഓക്ക്‍ലന്‍റില്‍ പുതിയ രോഗികളുടെ എണ്ണം 58 ആയി.

ഈ സാഹചര്യത്തില്‍ പൊതുതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടിയും ന്യൂസിലന്‍റ് ഫസ്റ്റ് പാ൪ട്ടിയുടെ നേതാവും ഉപപ്രധാനമന്ത്രിയുമായ വിൻസ്റ്റൺ പീറ്റേഴ്‌സ് ആവശ്യപ്പെടുകയുണ്ടായി. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഇപ്പോഴത്തെ സാഹചര്യം എതിരാണെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡന് എഴുതിയ കത്തിൽ അദ്ദേഹം വിശദീകരിച്ചു. ലോക്ക്‍ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് തിയ്യതി നീട്ടിയതോടെ 9 ആഴ്ച പ്രചാരണത്തിന് ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ഷന്‍ സുഗമമായി നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സമയം കിട്ടുമെന്നും ജസീന്ത വ്യക്തമാക്കി.

1600ഓളം കോവിഡ് കേസുകളാണ് ന്യൂസിലന്‍രില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 22ല്‍ പിടിച്ചുനിര്‍ത്താനുമായി. കോവിഡിനെ പിടിച്ചുകെട്ടിയ ന്യൂസിലന്‍റ് മാതൃക ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. മൂന്ന് കാര്യങ്ങൾ ഉറപ്പ് വരുത്തിയാണ് ജസീന്തയും ന്യൂസിലന്റ് ജനതയും കോവിഡിനെ നേരിട്ടത്. ആദ്യത്തേത് കർശനമായ ലോക്ക്ഡൗൺ ആയിരുന്നുവെങ്കിൽ രണ്ടാമതായി ചെയ്തത് രാജ്യ അതിർത്തികൾ പൂർണമായും അടയ്ക്കുക എന്നതാണ്. കേവലം ആറ് കേസുകൾ മാത്രമുള്ളപ്പോഴാണ് മാർച്ച് 19ന് ന്യൂസിലന്റ് ഈ കടുത്ത തീരുമാനം നടപ്പാക്കിയത്. ഇപ്പോഴും അതിർത്തികൾ അടഞ്ഞുകിടക്കുകയാണ്. സ്ഥിരതാമസക്കാർക്കും അവരുടെ ബന്ധുക്കൾക്കും വരാം. ഇങ്ങനെ വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. മൂന്നാമതായി ചെയ്തത് ഓരോ കേസുകളെയും അടിസ്ഥാനമാക്കി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്നതാണ്. ഓരോ കേസ് റിപ്പോർട്ട് ചെയ്യുമ്പോഴും സമ്പർക്കത്തിൽ വരുന്നവരെ കണ്ടെത്തി രോ​ഗം പകരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നു. നിരന്തരമായ കോൺടാക്റ്റ് ട്രേസിങ് ഇപ്പോഴും തുടരുകയാണ്.

TAGS :

Next Story