Quantcast

വിയന്നയില്‍ ഭീകരാക്രമണം; ആറിടങ്ങളില്‍ വെടിവെപ്പ്

ഒരു ഭീകരനെ വധിച്ചെന്ന് പൊലീസ് അറിയിച്ചു

MediaOne Logo

  • Published:

    3 Nov 2020 2:23 AM GMT

വിയന്നയില്‍ ഭീകരാക്രമണം; ആറിടങ്ങളില്‍ വെടിവെപ്പ്
X

ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഭീകരാക്രമണ പരമ്പര. സെന്‍ട്രല്‍ സിനഗോഗിന് സമീപം ആറിടങ്ങളില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചെന്ന് പൊലീസ് അറിയിച്ചു. ഒരു സംഘം അക്രമികള്‍ തോക്കേന്തി ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഭീകര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.

കഫേകളിലും റസ്റ്റോറന്റുകളിലുമാണ് ഭീകരാക്രമണം നടന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്ഡൗണിന് മുമ്പായി കഫേകളിലും റെസ്റ്റോറന്റുകളിലും ധാരളം ആളുകള്‍ എത്തിയിരുന്നു. നഗരം സജീവമായ സമയത്ത് ആയുധധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

"തലസ്ഥാനത്ത് ഭീകരാക്രമണത്തിന് നമ്മള്‍ ഇരകളായിരിക്കുകയാണ്. ആക്രമണം തുടരുന്നു. അക്രമികളില്‍ ഒരാളെ വധിച്ചെങ്കിലും പലയിടങ്ങളിലും അവര്‍ ഇപ്പോഴുമുണ്ട്. തീവ്രവാദം കൊണ്ട് നമ്മളെ ഭീഷണിപ്പെടുത്താന്‍ ഒരിക്കലും അനുവദിക്കില്ല. എല്ലാവിധത്തിലും ഈ ആക്രമണങ്ങളെ നേരിടും'' എന്നാണ് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞത്.

രാത്രി എട്ട് മണിക്ക് ശേഷമാണ് വിയന്നയിലെ തെരുവുകളില്‍ വെടിവെപ്പുണ്ടായത്. റോഡിലൂടെ നടന്ന് അജ്ഞാതര്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നഗരങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കാള്‍ നെഹമെര്‍ പറഞ്ഞു. പ്രധാന സിനഗോഗ് ലക്ഷ്യമിട്ടുള്ള ആക്രമണമാണോ എന്ന് വ്യക്തമായിട്ടില്ലെന്ന് വിയന്നയിലെ ജൂത തലവന്‍ ഓസ്‌കര്‍ ഡച്ച് പറഞ്ഞു.

TAGS :

Next Story