Quantcast

അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്‍റെ ബാഗില്‍ ചാണകം; വിമാനത്താവള അധികൃതര്‍ ബാഗ് നശിപ്പിച്ചു

രൂക്ഷമായ മണം വമിച്ചതോടെയാണ് ബാഗ് പരിശോധിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-05-11 08:41:45.0

Published:

11 May 2021 8:23 AM GMT

അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്‍റെ ബാഗില്‍ ചാണകം; വിമാനത്താവള അധികൃതര്‍ ബാഗ് നശിപ്പിച്ചു
X

അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ ഇന്ത്യക്കാരന്‍റെ ബാഗേജില്‍ നിന്ന് ചാണകക്കട്ട കണ്ടെത്തി. വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു

ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബാഗ്. രൂക്ഷമായ മണം വമിച്ചതോടെയാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജന്റുമാർ (സി.ബി.പി) ബാഗ് തുറന്നുപരിശോധിച്ചത്. ചാണകം ചില രോഗങ്ങളുടെ വാഹകരാണെന്ന് കരുതുന്നതിനാല്‍ ഉടന്‍ തന്നെ നശിപ്പിച്ചുകളഞ്ഞെന്ന് സി.ബി.പി ഏജന്‍റുമാര്‍ അറിയിച്ചു.

"ഏപ്രിൽ 4 ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരന്‍റേതാണ് ബാഗ്. വിമാനത്താവളം വൃത്തിയാക്കുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്"- സി.ബി.പി അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ചാണകം പാചകത്തിനും വളമായുമൊക്കെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കന്നുകാലികള്‍ക്ക് ഫൂട്ട് ആന്‍റ് മൌത്ത് ഡിസീസ് (എഫ്എംഡി) വന്നാലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ച് പേടിയുള്ളതിനാലാണ് പുറത്തുനിന്നുള്ള ചാണകം കയറ്റാത്തതെന്ന് യുഎസ് കാര്‍ഷിക വകുപ്പ് പ്രതികരിച്ചു.

'ചാണകം വാരി തേക്കരുത്, അത് കോവിഡിനുള്ള മരുന്നല്ല'

കോവിഡ് കാലത്ത് ചാണകം കോവിഡ് ചികിത്സയ്ക്കുള്ള മരുന്നാണ് എന്ന തരത്തില്‍ പലരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ചാണകം പ്രതിരോധശേഷി നല്‍കും എന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഗുജറാത്തും യു.പിയും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള അശാസ്ത്രീയ ചികിത്സാ രീതികൾ ജനങ്ങൾ പരീക്ഷിക്കുന്നത്. ജനപ്രതിനിധികളടക്കം ഇത്തരം അടിസ്ഥാന രഹിതമായ ചികിത്സാ രീതിയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

ഉത്തർപ്രദേശിലെ ബേരിയല്ലിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് കഴിഞ്ഞ ദിവസം ഗോമൂത്രം കുടിച്ചാൽ കോവിഡ് വരില്ലെന്ന പ്രസ്താവന നടത്തിയത്. ദിവസവും ഒഴിഞ്ഞ വയറിൽ ഗോമൂത്രം കുടിച്ചാൽ ഉറപ്പായും കോവിഡ് വരില്ലെന്നായിരുന്നു ബിജെപി എം.എൽ.എ സുരേന്ദ്ര സിംഗിന്റെ വാദം. ഗോമൂത്രം എങ്ങനെ കുടിക്കാമെന്ന വീഡിയോയും എംഎൽഎ പുറത്തിറക്കിയിരുന്നു. വിശ്വാസം മാത്രമാണ് ഇത്തരം രീതികളുടെ ആധാരമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷണൽ പ്രസിഡന്‍റ് ഡോക്ടര്‍ ജെ എ ജയലാല്‍ വ്യക്തമാക്കി. ഇത്തരം അശാസ്ത്രീയ രീതികളിലൂടെ മൃഗങ്ങളിലുള്ള മറ്റ് രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story