Quantcast

പ്രതിരോധം ഇനി കടുകട്ടി; ഗോവൻ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്

പ്രതിരോധത്തിൽ ഈ സീസണിൽ വമ്പൻ അഴിച്ചുപണിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    6 Aug 2023 11:16 AM GMT

Aiban Dohling
X

എഫ്‌സി ഗോവയുടെ പ്രതിഭാധനനായ ഡിഫൻഡർ ഐബാൻ ദോഹ്‌ലിങ്ങിനെ ട്രാൻസ്ഫർ ഫീ നൽകി കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ട്രാന്‍സ്ഫര്‍ വിവരം ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ട്രാന്‍സ്ഫര്‍ ഫീയെ ചൊല്ലി ഇരു ക്ലബ്ബുകളും നേരത്തെ നിരവധി കൂടിയാലോചനകള്‍ നടത്തിയിരുന്നു.

ഐബനുമായി എഫ്.സി ഗോവ ഈയിടെ ബഹുവര്‍ഷ കരാരില്‍ ഒപ്പുവച്ചിരുന്നു. 2018-19ൽ ഐ ലീഗിലെ ഷില്ലോങ് ലിജോങ്ങിനു വേണ്ടി നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഐബൻ ഗോവയിലെത്തിയത്. മൂന്നു സീസണുകളിലായി ക്ലബിനു വേണ്ടി 30 മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുണ്ട്. പ്രതിരോധത്തിൽ ഏതു പൊസിഷനിലും കളിക്കാൻ ശേഷിയുള്ള താരമാണ് ഐബൻ. ഇടതു ബാക്കാണ് ഇഷ്ടപൊസിഷൻ.

ഐബന്‍റെ വരവോടെ കേരള ടീമിന്‍റെ പ്രതിരോധം ഒന്നുകൂടി ശക്തിപ്പെടും. ഇത്തവണ വമ്പൻ അഴിച്ചുപണിയാണ് പിന്‍നിരയില്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുള്ളത്. മോഹൻ ബഗാൻ ക്യാപ്റ്റൻ പ്രീതം കോട്ടാൽ, ബംഗളൂരു എഫ്‌സി താരം പ്രബീർ ദാസ് എന്നിവരാണ് നേരത്തെ ബ്ലാസ്റ്റേഴ്‌സിലെത്തിയ പ്രതിരോധ താരങ്ങൾ. വായ്പാ അടിസ്ഥാനത്തില്‍ മുംബൈ സിറ്റി എഫ്‌സിയിൽനിന്ന് യുവ ഡിഫന്‍ഡര്‍ നവോച്ച സിങ്ങിനെയും എത്തിച്ചു. കഴിഞ്ഞ സീസണിൽ പ്രതിരോധം കാത്ത വിദേശതാരം മാർകോ ലസ്‌കോവിച്ച്, ഹോർമിപാം റുയ്‌വ, സന്ദീപ് സിങ്, ബിജോയ് വർഗീസ് എന്നിവർ ഈ സീസണിലും തുടരും.

ക്ലബ്ബിന്റെ പോസ്റ്റർ ബോയ് സഹൽ അബ്ദുൽ സമദിനെ വമ്പന്‍ തുകയ്ക്ക് കൈമാറിയാണ് കോട്ടാലിനെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചത്. 2026 വരെയാണ് കരാർ. ബഗാൻ ഉൾപ്പെടെ വിവിധ ക്ലബുകൾക്കായി 143 ഐഎസ്എൽ മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള താരമാണ് കോട്ടാൽ. ഫ്രീ ട്രാൻസ്ഫറിൽ ബംഗളൂരുവിൽ നിന്നെത്തിയ പ്രബീർ ദാസും പ്രതിരോധത്തിലെ വിശ്വസ്തനാണ്. ക്ലബ്ബുമായി മൂന്നു വർഷത്തെ കരാറാണ് പ്രബീറിനുള്ളത്.

നേരത്തെ, പ്രധാന ഡിഫൻഡർമാരായ ഹർമൻജോത് ഖബ്ര, ക്യാപ്റ്റൻ ജസൽ കാർണൈറോ, വിദേശ താരം വിക്ടർ മോംഗിൽ എന്നിവരെ ബ്ലാസ്‌റ്റേഴ്‌സ് റിലീസ് ചെയ്തിരുന്നു. നിഷു കുമാറിനെ വായ്പാ അടിസ്ഥാനത്തില്‍ ഈസ്റ്റ് ബംഗാളിനും കൈമാറി.




TAGS :

Next Story