Quantcast

പ്രധാന താരങ്ങൾ പരിക്കേറ്റ് പുറത്ത്, ഇന്ത്യൻ മിഡ്ഫീൽഡ്, എന്നിട്ടും തലപ്പത്ത്- ബ്ലാസ്റ്റേഴ്‌സ് വേറെ ലെവൽ

കളത്തിന് പുറത്ത് തുടർച്ചയായി നേരിട്ട തിരിച്ചടികൾക്കിടയിലാണ് കേരള ടീമിന്റെ സ്വപ്‌നക്കുതിപ്പ്.

MediaOne Logo

അഭിമന്യു എം

  • Published:

    28 Dec 2023 8:15 AM GMT

പ്രധാന താരങ്ങൾ പരിക്കേറ്റ് പുറത്ത്, ഇന്ത്യൻ മിഡ്ഫീൽഡ്, എന്നിട്ടും തലപ്പത്ത്- ബ്ലാസ്റ്റേഴ്‌സ് വേറെ ലെവൽ
X

മോഹൻ ബഗാനെ അവരുടെ തട്ടകമായ സാൾട്ട്‌ലേക്കിൽ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയതിന്റെ ആഹ്ലാദത്തോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് 2023 വർഷം അവസാനിപ്പിക്കുന്നത്. വിജയത്തോടെ 12 കളിയിൽനിന്ന് 26 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാമതു നിൽക്കുന്നു ഇവാൻ വുകുമനോവിച്ചിന്റെ സംഘം. ഇതിൽ എട്ടു ജയവും രണ്ട് സമനിലയും രണ്ട് തോൽവിയും. പഞ്ചാബ് എഫ്‌സി, മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ എന്നിവർക്കെതിരെ നേടിയ തുടർച്ചയായ മൂന്നു ക്ലീൻഷീറ്റ് വിജയമാണ് അടുത്ത വർഷത്തേക്കുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്ധനം. കളത്തിന് പുറത്ത് തുടർച്ചയായി നേരിട്ട തിരിച്ചടികൾക്കിടയിലാണ് കേരള ടീമിന്റെ സ്വപ്‌നക്കുതിപ്പ്.

തളർത്താതെ പരിക്കുകൾ

സീസൺ ആരംഭിക്കും മുമ്പേ പരിക്കുകളോട് പടവെട്ടേണ്ടി വന്ന ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഈ വർഷം ടീമിലേക്ക് റിക്രൂട്ട് ചെയ്ത ആസ്‌ട്രേലിയൻ താരം ജോഷ്വ സെറ്റിരിയാണ് പരിക്കേറ്റ് മടങ്ങിയ ആദ്യതാരം. പരിശീലന സെഷനിടെ കണങ്കാലിന് പരിക്കേറ്റ താരത്തിന് ഈ സീസൺ നഷ്ടമാകും. ആസ്‌ട്രേലിയൻ എ ലീഗിലെ ന്യൂകാസിൽ ജെറ്റ്‌സിൽ നിന്ന് രണ്ടു വർഷത്തെ കരാറിലാണ് ജോഷ്വയെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്.


ജീക്സണ്‍ സിങ്

തൊട്ടുപിന്നാലെ, മിഡ്ഫീല്‍ഡ് എഞ്ചിൻ ജീക്‌സൺ സിങ്ങും പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നു. തോളിന് പരിക്കേറ്റ താരം ഇപ്പോൾ വിശ്രമത്തിലാണ്. ഫെബ്രുവരിയിൽ ജീക്‌സൺ ടീമിനൊപ്പം ചേരുമെന്നാണ് കോച്ച് ഇവാൻ പറയുന്നത്. ബ്ലാസ്റ്റേഴ്‌സിന് മാത്രമല്ല, ഇന്ത്യൻ ദേശീയ ടീമിനും ജീക്‌സന്റെ പരിക്ക് തിരിച്ചടിയായി. ദേശീയ കോച്ച് ഇഗോർ സ്റ്റിമാച് അതു തുറന്നു പറയുകയും ചെയ്തു.

മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒക്ടോബർ എട്ടിന് നടന്ന കളിക്കിടെയാണ് ജീക്‌സണ് പരിക്കേറ്റത്. അതേ കളിയിൽ തന്നെ വിങ് ബാക്ക് ഐബൻ ദോഹ് ലിങ്ങും പരിക്കേറ്റ് മടങ്ങി. ഐബന് ഈ സീസണിൽ കളത്തിലിറങ്ങനാകില്ല. 27കാരനായ ഡിഫൻഡറെ എഫ്‌സി ഗോവയിൽനിന്ന് പൊന്നും വില കൊടുത്താണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ജീക്‌സണ് പകരം ഡിഫൻസീവ് മിഡ്ഫീൽഡിൽ കളം നിറഞ്ഞു കളിച്ച മലയാളി വിബിൻ മോഹനനും പരിക്കു പറ്റി വിശ്രമത്തിലാണ്. വിബിന്റെ പരിക്ക് എത്രമാത്രം ഗുരുതമാണ് എന്നറിയില്ല.


അഡ്രിയാന്‍ ലൂന

ഇതിന് പിന്നാലെ, സൂപ്പർ താരം അഡ്രിയാൻ ലൂനയ്ക്ക് പരിക്കേറ്റെന്ന ആധി നിറഞ്ഞ വാർത്തയെത്തി. പരിശീലനത്തിടെയാണ് താരത്തിന് പരിക്കേറ്റത്. ഈ സീസൺ യുറഗ്വായ് താരത്തിന് പുറത്തിരിക്കേണ്ടി വരും. ലൂനയെ ആശ്രയിച്ചാണ് ടീമിന്റെ ഘടന തന്നെ കോച്ച് ഇവാൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്ത ലൂന ഒമ്പത് കളികളിൽനിന്ന് മൂന്നു ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. നാലു അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. ഒരച്ചുതണ്ട് പോലെ ലൂനയിൽ കറങ്ങിത്തിരിയുന്ന ടീം എന്നത് പ്രശംസയായും വിമർശനമായും ഉയർന്നു കേൾക്കുന്നതിനിടെയാണ് ബഗാനെതിരെയുള്ള മത്സരമെത്തിയത്.

കെട്ടുറപ്പുള്ള ഇന്ത്യൻ മിഡ്ഫീൽഡ്

കൊൽക്കത്തയിൽ അവരുടെ തട്ടകത്തിൽ പോയി ബഗാനെ മലർത്തിയടിക്കുക എന്ന നേട്ടം അധികമാർക്കും കഴിയാത്തതാണ്. അതാണ് ഇവാന്റെ സംഘം ബുധനാഴ്ച സ്വന്തം പേരിലാക്കിയത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസിന്റെ വ്യക്തിഗത മികവുള്ള ഗോളാണ് വിജയം സമ്മാനിച്ചത്. ഒരു ഡയമണ്ട് തന്നെയാണ് താനെന്ന് ഡയമന്റകോസ് ഒരിക്കൽക്കൂടി തെളിയിച്ചു. ഏഴ് ഗോളുമായി ഗോൾഡൻ ബൂട്ട് റേസില്‍ ഒന്നമതാണ് ബ്ലാസ്‌റ്റേഴ്‌സ് സ്‌ട്രൈക്കർ.

ബഗാനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ മിഡ്ഫീൽഡിനെ കുറിച്ചും എടുത്തു പറയണം. സഹോദരങ്ങളായ മുഹമ്മദ് ഐമൻ, മുഹമ്മദ് അസ്ഹർ, കെ.പി രാഹുൽ, ഡാനിഷ് ഫാറൂഖ് എന്നിവരായിരുന്നു മധ്യനിരയിൽ ഉണ്ടായിരുന്നത്. ഇതിൽ ഡാനിഷ് ഒഴികെ എല്ലാവരും പരിഭ്രമങ്ങളില്ലാതെ കളിച്ചു. ഇഞ്ച്വറി ടൈമിൽ കിട്ടിയ സുവർണാവസരം പാഴാക്കിയിരുന്നില്ലെങ്കിൽ രാഹുൽ സ്‌കോറർമാരുടെ പട്ടികയിലും ഇടംപിടിച്ചേനെ. പെട്രടോസ്, ഹ്യൂഗോ ബൗമു എന്നീ അന്താരാഷ്ട്ര നിലവാരമുള്ള കളിക്കാർ ബഗാൻ മധ്യനിരയിൽ ഉള്ള വേളയിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ പരീക്ഷണം.


അയ്മനും അസ്ഹറും

എതിർ താരങ്ങൾക്ക് സ്‌പേസ് അനുവദിക്കാതെ, കോംപാക്ട് ആയി കളം നിറയാൻ കേരള മധ്യനിരയ്ക്കും പ്രതിരോധത്തിനുമായി. രണ്ടാം പകുതിയിൽ ബഗാൻ ആക്രമിച്ചു കളിച്ച വേളയിൽ പോലും അനുഭവ സമ്പത്തു കറഞ്ഞ ബ്ലാസ്റ്റേഴ്‌സ് മധ്യനിര സമചിത്തത കൈവിട്ടില്ല. ഐമനും അസ്ഹറും പന്ത് കാലിലെടുത്ത് ഡ്രിബിൾ ചെയ്ത് മുമ്പോട്ടു പോകാൻ ധൈര്യം കാണിച്ചു. ഫൈനൽ തേഡിൽ ഐമനും രാഹുലിനും ഇടയിൽ ഉണ്ടായി വരുന്ന കെമിസ്ട്രി അടുത്ത മത്സരങ്ങളിൽ കൂടുതൽ മിഴിവോടെ കാണാം. ടൈറ്റ് സ്‌പേസിൽ കുറിയ പാസുകളുമായി കൊണ്ടും കൊടുത്തും ബോക്‌സിലേക്ക് കടന്നു കയറിയ ഇരുവരെയും ഒരു വേള പണിപ്പെട്ടാണ് ബഗാൻ പ്രതിരോധം പൂട്ടിയത്.

കടുകട്ടി പ്രതിരോധം

പരിക്കിൽ നിന്ന് മോചിതനായി മാർകോ ലെസ്‌കോവിച്ച് പ്രതിരോധത്തിലേക്ക് തിരിച്ചെത്തിയ ശേഷം മൂന്നു മത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ് ഗോൾ വഴങ്ങിയിട്ടില്ല. ലൂന പോയ ശേഷം ലഭിച്ച ക്യാപ്റ്റന്റെ ആം ബാൻഡ് ക്രൊയേഷ്യൻ താരത്തെ കൂടുതൽ സമർപ്പിതനായിക്കിയിട്ടുണ്ട്. കളത്തിൽ സഹകളിക്കാരോട് കൃത്യമായി ആശയവിനിമയം നടത്താനും ആവശ്യമായ വേളയിൽ നിർദേശങ്ങൾ നൽകാനും ശാസിക്കാനും ലെസ്‌കോവിച്ച് സമയം കണ്ടെത്തുന്നു. വിദേശ ഡിഫൻഡർ മിലോസ് ഡ്രിൻസിച്ചുമൊത്തുള്ള കെമിസ്ട്രിയും മികച്ചതാണ്. പ്രതിരോധത്തിൽ പ്രായക്കൂടുതലുള്ള പ്രീതം കോട്ടാൽ മാത്രമാണ് ചിലപ്പോഴെങ്കിലും പതറി നിൽക്കുന്നത്. അതിവേഗക്കാരായ എതിർ വിങ്ങർമാർക്ക് മുമ്പിൽ പലപ്പോഴും പ്രീതം നിസ്സഹായനാകുന്നുണ്ട്.


സഹതാരങ്ങളെ അഭിനന്ദിക്കുന്ന മാര്‍കോ ലെസ്കോവിച്ച്

ഈ സീസണിൽ മുംബൈ സിറ്റിയിൽനിന്ന് ലോണിൽ ടീമിലെത്തിയ നവോച്ച സിങ്ങിന്റെ പ്രകടനമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. പഞ്ചാബ് എഫ്‌സിക്കെതിരെയുള്ള മത്സരത്തിൽ ഫൈനൽ തേഡിലേക്ക് 21 തവണയാണ് നവോച്ച പന്തുമായി കടന്നു കയറിയത്. ഈ ലീഗിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ഫൈനൽ തേഡ് എൻട്രിയാണിത്. ബഞ്ചിലിരിക്കുന്ന ഹോർമിപാമും പ്രബീർ ദാസും ആദ്യ ഇലവനിൽ ഇടം നേടാൻ കെൽപ്പുള്ളവരാണ്.

പെപ്ര-ഡയമന്റകോസ് കൂട്ടുകെട്ട്

ഉരച്ചുരച്ചു വരുമ്പോൾ തിളങ്ങുന്ന ലോഹം പോലെയാണ് മുന്നേറ്റത്തിൽ ഡയമന്റകോസ്-പെപ്ര കൂട്ടുകെട്ട്. മത്സരങ്ങൾ പുരോഗമിക്കുന്തോറും ഇരുവരും തമ്മിലുള്ള ആശയവിനിമയവും കൊടുക്കൽ വാങ്ങലും കൂടിക്കൂടി വരുന്നു. പെനാൽറ്റി ബോക്‌സിലെ പ്രഹര ശേഷിയാണ് ഡയമന്റകോസിന്റെ ബലം. ആദ്യ കളികളിൽ മറ്റുള്ളവർക്ക് സ്‌പേസ് ഉണ്ടാക്കുന്ന ജോലിയാണ് പെപ്ര ചെയ്തതെങ്കിൽ ഇപ്പോൾ ഗോളിലേക്ക് നിർഭയം നിറയൊഴിക്കാനുള്ള ത്വരയും പെപ്ര കാണിക്കുന്നു. ഷൂട്ടിങ്ങിൽ കുറച്ചുകൂടി കൃത്യത കാണിച്ചാൽ ലീഗിലെ അപകടകാരിയായ സ്‌ട്രൈക്കര്‍മാരില്‍ ഒരാളായി ഘാന താരം മാറും.


പെപ്രയും ഡയമന്‍കോസും

മുന്നേറ്റത്തിലെ വിദേശികൾക്കൊപ്പം ലോക്കൽ ബോയ് രാഹുൽ കെപി കൂടി ഫോമിലെത്തിയാൽ അപാരമായ പ്രഹരശേഷിയിലേക്ക് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയെത്തും. ബഗാനെതിരെ കളം നിറഞ്ഞു കളിച്ചെങ്കിലും ഗോളെന്നുറച്ച അവസരമാണ് രാഹുൽ നഷ്ടപ്പെടുത്തിയത്. തുടർച്ചയായ നാലു മഞ്ഞക്കാർഡ് കണ്ട രാഹുൽ അടുത്ത കളിയിൽ ഉണ്ടാകില്ല. പകരം ബ്രൈസ് മിറാന്റയോ സൗരവോ ആദ്യ ഇലവനിൽ ഇടംപിടിക്കും.

ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കാഡമി ഉത്പന്നങ്ങൾ കളത്തിൽ പെരുമ കാണിച്ചു തുടങ്ങിയ സീസൺ കൂടിയാണിത്. ഐമൻ, അസ്ഹർ, വിബിൻ, യോഹൻബ മീഠെ, സച്ചിൻ സുരേഷ് എന്നിവരാണ് അക്കാഡമി വഴി സീനിയർ ടീമിലെത്തിയ താരങ്ങൾ. 19കാരനായ യോഹൻബയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇന്നലത്തേത്. പകരക്കാരനായാണ് താരം ബഗാനെതിരെ കളത്തിലിറങ്ങിയത്.

Summary: Kerala Blasters in unbelievable form to finish off the calendar year and without a certain Adrian Luna


TAGS :

Next Story