Quantcast

അപ്പോൾ യഥാർത്ഥ വില്ലൻ നമ്മുടെ ആഭരണ ഭ്രമം ഒന്നുമല്ല..പിന്നെ?

പക്ഷെ അന്താരാഷ്ട്രമായി സ്ഥിരമായി വില കൂടുന്ന ഒന്നല്ല സ്വർണ്ണം. സ്വർണ്ണ വില കൂടുകയും കുറയുകയും ചെയ്യും

MediaOne Logo

Web Desk

  • Published:

    19 July 2021 5:44 AM GMT

അപ്പോൾ യഥാർത്ഥ വില്ലൻ നമ്മുടെ ആഭരണ ഭ്രമം ഒന്നുമല്ല..പിന്നെ?
X

കുറച്ചു നാളുകളായി സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളുമാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ചെറിയ സ്വര്‍ണ തട്ടിപ്പ് മുതല്‍ കോടികളുടെ കള്ളക്കടത്ത് വരെ നടക്കുന്നു. പണ്ട് കാലത്ത് പുകയിലയായിരുന്നു കള്ളക്കടത്തുകാര്‍ കടത്തിയിരുന്നത്. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ വെട്ടിപ്പുകാരുടെ കണ്ണ് സ്വര്‍ണത്തിലേക്കായി. സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് മുരളി തുമ്മാരുകുടി.

മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

ഹാജി മസ്താനും ചൊവ്വരയിലെ കള്ളക്കടത്തുകാരും കാലടിയിൽ നിന്നും ആലുവയിലേക്ക് പോകുന്ന വഴിയിലുള്ള ഒരു ചെറു ഗ്രാമം ആണ് ചൊവ്വര. ഇപ്പോൾ അത് ആരും അറിയുന്ന സ്ഥലമല്ല. പക്ഷെ ഒരു കാലത്ത് ചൊവ്വര കൊച്ചി രാജ്യത്ത് ആയിരുന്നു, കൊച്ചി രാജാവിന് അവിടെ ഒരു കൊട്ടാരം ഉണ്ടായിരുന്നു. കൊട്ടാരം ഉൾപ്പെട്ട സ്ഥലം ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ കയ്യിലാണ് എന്നാണ് എന്‍റെ സുഹൃത്ത് അഡ്വക്കേറ്റ് ജയശങ്കർ പറഞ്ഞത്. ചൊവ്വരയിൽ ഇപ്പോഴും ഒരു പാലസ് റോഡ് ഉണ്ട് എന്ന് സുഹൃത്ത് അനിൽ കുമാറും പറഞ്ഞിട്ടുണ്ട്. ഒരിക്കൽ അവിടെയൊക്കെ പോകണം എന്ന് ഞങ്ങൾ മൂന്നുപേരും കൂടി പ്ലാൻ ഇട്ടിട്ടുണ്ട്.

ചൊവ്വരയിലൂടെ ആണ് പെരിയാർ ഒഴുകുന്നത്. പുഴക്ക് ഇക്കരെ കുട്ടമശ്ശേരി എന്നൊരു മറ്റൊരു ഗ്രാമമാണ്. അതും അധികം ആളുകൾ കേട്ടിട്ടുണ്ടാവില്ല. പക്ഷെ പണ്ട് കുട്ടമശ്ശേരി തിരുവിതാംകൂറിൽ ആയിരുന്നു. ഒരു കാലത്ത് ചൊവ്വര - കുട്ടമശ്ശേരി ബെൽറ്റ് കള്ളക്കടത്തിന്‍റെ കേന്ദ്രം ആയിരുന്നു. കൊച്ചിയിൽ നിന്നും തിരുവിതാംകൂറിലേക്ക് ആണ് കള്ളക്കടത്ത്. കാരണം കൊച്ചിയിൽ നികുതി കുറവായിരുന്നു. അതിനാൽ സാധനങ്ങൾക്ക് വില കുറവാണ്. അവിടെ നിന്നും പുഴ കടത്തി തിരുവിതാംകൂറിൽ എത്തിച്ചാൽ കൂടിയ വിലക്ക് വിൽക്കാം. ഇതാണ് കള്ളക്കടത്തിന്‍റെ അടിസ്ഥാനം. പുകയിലയാണ് പ്രധാന കടത്ത് ഇനം.ഇന്നത്തെ കുട്ടികൾ പുകയില കണ്ടിട്ടുണ്ടോ എന്തോ. അല്പം ലഹരി തരുന്ന ഒരു ഇലയാണ്. ഉണക്കിയാണ് ഉപയോഗിക്കുന്നത്. നീളത്തിൽ കെട്ടുകെട്ടായി പാളയിൽ പൊതിഞ്ഞു വക്കും. ഒരു ഇല അല്ലെങ്കിൽ ഒരു കെട്ട് (പല ഇലകൾ കൂട്ടി കെട്ടിയത്) ആയി വാങ്ങാം.

പണ്ടൊക്കെ എല്ലാ വീടുകളിലും പുകയില ഉണ്ടായിരുന്നു. സമൂഹത്തിന്റെ എല്ലാ തലത്തിലും ഉള്ളവർ ഉപയോഗിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിച്ചിരുന്നു. കല്യാണത്തിന് പുകയില ശർക്കരയിൽ വരട്ടിയെടുത്ത് അതിഥികൾക്ക് വേണ്ടി വച്ചിരിക്കും. ഒരാൾ മരിച്ചുകഴിഞ്ഞാൽ ആചാരമായി അവരുടെ വീടുകളിൽ ബന്ധുക്കൾ പുകയില എത്തിക്കേണ്ടത് നിർബന്ധമായ ആചാരമായിരുന്നു. പുകയില കഷായം കൃഷിക്ക് കീട നാശിനിയായിരുന്നു. വയറിളക്കുന്നതിന് അണക്കെണ്ണക്കും അപ്പുറത്തുള്ള ഒരു ഒറ്റമൂലിയായും പുകയില ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ അനവധി ആവശ്യങ്ങൾ ഉള്ളതും എല്ലാ വീടുകളിലും ഉപയോഗിക്കുന്നതുമായ ഒരു വസ്തുവിന്റെ നികുതിയിൽ ചെറിയൊരു മാറ്റം ഉണ്ടെങ്കിൽ പോലും കള്ളക്കടത്ത് ലാഭകരമാകും. അങ്ങനെയാണ് പെരിയാറിനപ്പുറത്തു നിന്നും ഇപ്പുറത്തേക്ക് പുകയില കടത്ത് വ്യാപകമായത്.

ഇത് റിസ്ക് ഇല്ലാത്ത പരിപാടി ഒന്നുമല്ല. കള്ളക്കടത്ത് പിടിക്കാൻ രാജ കിങ്കരന്മാരും ഒറ്റുകാരും ഒക്കെ അന്നും ഉണ്ട്. പുകയില കടത്തിയതിന് പോലീസുകാർ തല്ലി എല്ലാ നഖങ്ങളും ഊരിയെടുത്ത ഒരാൾ വീട്ടിൽ ചെറുകിട കച്ചവടവുമായി വന്നിരുന്ന കാര്യം അമ്മാവൻ പറഞ്ഞിട്ടുണ്ട്. സർക്കാർ ഉദ്യോഗസഥരുടെ വിവേചന അധികാരവും, അതുകൊണ്ട് തന്നെ അവരുടെ ക്രൂരതയും കൈക്കൂലിയും ഒക്കെ ഇന്നത്തേക്കാൾ പതിന്മടങ്ങാണ്. പക്ഷെ ദാരിദ്ര്യം ഇപ്പോഴത്തേക്കാൾ കൂടുതലാണ്, അതുകൊണ്ട് തന്നെ ആളുകൾ കൂടുതൽ റിസ്ക് എടുക്കും. പുകയിലയുടെ ഒരു കെട്ട് ആസനത്തിനുള്ളിൽ തിരുകി പുഴ നീന്തിക്കടക്കുന്ന കള്ളക്കടത്തുകാരുടെ കഥ ഞാൻ അന്ന് വിശ്വസിച്ചിരുന്നില്ല. ആസനത്തിൽ തിരുകിയ പുകയിലയൊക്കെയാണ് കാരണവന്മാർ ചുറ്റുംകൂടിയിരുന്നു ചവച്ചിരുന്നതെന്ന് ആലോചിക്കുമ്പോൾ എനിക്ക് ഇപ്പോൾ തമാശ തോന്നുന്നു. ആസനം വഴി കടന്നു വന്ന മാലയല്ല കഴുത്തിൽ കിടക്കുന്നതെന്ന് നാട്ടിൽ സ്വർണ്ണാഭരണം വാങ്ങിയ ആർക്ക് ഉറപ്പിച്ചു പറയാൻ പറ്റും ?

ഇന്നിപ്പോൾ പുകയില കടത്തൊന്നും ഇല്ല. പുകയിലയുടെ ഉപയോഗം തന്നെ ഏതാണ്ട് ഇല്ലാതായി. കൊച്ചിയിലും തിരുവിതാംകൂറിലും പുകയിലക്ക് ഒരേ വിലയാണ്, അതുകൊണ്ട് തന്നെ പുകയില കള്ളക്കടത്ത് എന്നൊരു തൊഴിൽ ഇന്നിപ്പോൾ ഇല്ല. പക്ഷെ ഇന്നിപ്പോൾ നമ്മൾ ഏറ്റവും കേൾക്കുന്നത് സ്വർണ്ണ കള്ളക്കടത്തിനെ പറ്റിയാണ്. കഥയൊക്കെ ഏതാണ്ട് ഒരുപോലെ തന്നെ. പുഴക്ക് പകരം കടൽ, തിരുവിതാംകൂറിനും കൊച്ചിക്കും പകരം ഇന്ത്യയും ഗൾഫ് രാജ്യങ്ങളും എന്നത് മാത്രം മാറ്റം. കള്ളക്കടത്തുകാർ, ഒറ്റുകാർ, പോലീസുകാർ, കൈക്കൂലി, അടി, ഇടി, ആസനത്തിൽ കടത്ത്. ഇതൊക്കെ ഒന്ന് തന്നെ !! റാഡിക്കൽ ആയ മാറ്റമല്ല. അടിസ്ഥാന കാരണത്തിനും മാറ്റമൊന്നുമില്ല. കടലിനിക്കരെ സ്വർണ്ണത്തിന് ഒടുക്കത്തെ ഡിമാൻഡ്. കടലിനക്കരെ വില കുറവ്.സ്വർണ്ണം കുഴിച്ചെടുക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ ഒന്നുമല്ല. അവരും എവിടെ നിന്നോ ഇറക്കുമതി ചെയ്യുകയാണ്. പക്ഷെ അവിടുത്തെ ഇറക്കുമതി നികുതി ഇന്ത്യയിലെ ഇറക്കുമതി നികുതിയിലേതിലും ഏറെ കുറവാണ്. അതുകൊണ്ടാണ് അവിടെ നിന്നും നികുതി കൊടുക്കാതെ ഇന്ത്യയിലേക്ക് സ്വർണ്ണം കൊണ്ടുവരുന്നതിൽ അല്പം ലാഭം ഉണ്ട്. അത്രയേ ഉള്ളൂ കാര്യം.

(ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ, അത് പറയാനാണോ ചേട്ടൻ ആസനത്തിലൊക്കെ പുകയില കയറ്റിയത്)

ഞാൻ പറഞ്ഞുവരുന്നത് അതല്ല. വാസ്തവത്തിൽ പൂർണ്ണമായും നിയമവിധേയമായി ഇന്ത്യയിൽ ഉപയോഗിക്കാവുന്ന വസ്തുവാണ് സ്വർണ്ണം. പക്ഷെ നികുതി ഘടനയിലെ ഒരു മാറ്റം കൊണ്ട് അത് കള്ളമായി കടത്തുന്നു. അതിൽ ക്രിമിനലുകൾ ഇടപെടുന്നു. ഹവാല, കാരിയർ, കൈക്കൂലി, കാർ ചേസിംഗ്, പൊട്ടിക്കൽ, തട്ടിക്കൊണ്ടു പോകൽ, ഒറ്റിക്കൊടുക്കൽ, കൊലപാതകം എന്നിങ്ങനെ അനവധി സംഭവങ്ങൾ അതെ തുടർന്ന് ഉണ്ടാകുന്നു. നമ്മുടെ സമൂഹത്തെ അത് മോശമായി ബാധിക്കുന്നു.അതിന്‍റെ ആവശ്യമില്ല. വളരെ എളുപ്പത്തിൽ നിർത്താവുന്ന ഒന്നാണ് സ്വർണ്ണക്കടത്ത്. അത് പക്ഷെ പോലീസും കസ്റ്റംസും വിചാരിച്ചാൽ സാധിക്കുന്ന ഒന്നല്ല എന്നത് ഹാജി മസ്താൻ തൊട്ടുള്ള കാലം നമ്മെ പഠിപ്പിക്കുന്നു. സ്വർണ്ണത്തിന്റെ കള്ളക്കടത്ത് നിൽക്കണമെങ്കിൽ രണ്ടു കാര്യങ്ങൾ സംഭവിക്കണം. ഒന്ന് ഇന്ത്യയിലെ ഇറക്കുമതി തീരുവ കുറയണം. സ്വർണ്ണം നിയമപരമായി ഇറക്കുമതി ചെയ്യാത്ത രാജ്യം ഒന്നുമല്ല നമ്മുടേത്. ഒരു വർഷം ആയിരത്തോളം ടൺ സ്വർണ്ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അതിന്‍റെ നാലിലൊന്നു പോലും വരില്ല കള്ളക്കടത്ത്. ഇന്ത്യയിലെ ഇറക്കുമതി നികുതി കുറച്ചാൽ അന്ന് തീരും ഈ സ്വർണ്ണക്കടത്ത്. അല്ലെങ്കിൽ പിന്നെ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറയണം.

അതും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. വാസ്തവത്തിൽ ആഭരണത്തോടുള്ള താല്പര്യം കൊണ്ട് മാത്രമല്ല ഇന്ത്യയിൽ സ്വർണ്ണത്തിന് ഡിമാൻഡ് ഉണ്ടാകുന്നത്. എക്കാലത്തും വില മുകളിലേക്ക് മാത്രം പോകുന്ന ഒരു വസ്തുവാണ് സ്വർണ്ണം എന്നൊരു തെറ്റിദ്ധാരണ നമുക്കുണ്ട്. രൂപയുടെ കാര്യത്തിൽ അത് ശരിയുമാണ്.

പക്ഷെ അന്താരാഷ്ട്രമായി സ്ഥിരമായി വില കൂടുന്ന ഒന്നല്ല സ്വർണ്ണം. സ്വർണ്ണ വില കൂടുകയും കുറയുകയും ചെയ്യും. ഡോളറിന്‍റെ മൂല്യത്തിൽ നോക്കിയാൽ തൊള്ളായിരത്തി എൺപതുകളിലെ സ്വർണ്ണ വില ഇപ്പോൾ സ്വർണ്ണത്തിന് ഇല്ല എന്നത് നമുക്ക് അതിശയമായി തോന്നാം, പക്ഷെ സത്യമാണ് ! അപ്പോൾ യഥാർത്ഥ വില്ലൻ നമ്മുടെ ആഭരണ ഭ്രമം ഒന്നുമല്ല, നമ്മുടെ കറൻസിയുടെ വില സ്ഥിരമായി താഴേക്ക് പോകുന്നതാണ്. അത് നിന്നാൽ ഇടക്കിടക്ക് സ്വർണ്ണത്തിന്റെ വില കുറയും, അപ്പോൾ സ്വർണ്ണം "ഉറപ്പായിട്ടും" ലാഭം കിട്ടുന്ന ഒന്നാണെന്നുള്ള വിശ്വാസം നഷ്ടപ്പെടും. അനാവശ്യമായി ആളുകൾ സ്വർണ്ണം വാങ്ങുന്നത് നിൽക്കും.

ഇന്ത്യയിൽ സ്വർണ്ണത്തിന്‍റെ ഡിമാൻഡ് കുറഞ്ഞാൽ ലോകത്തെ സ്വർണ്ണ വില വീണ്ടും കൂപ്പു കുത്തും കാരണം ലോകത്തെ നമ്പർ വൺ സ്വർണ്ണ ഉപഭോക്താക്കൾ നമ്മളാണ്. സ്വർണ്ണത്തിന്റെ ആവശ്യം കുറഞ്ഞാൽ അതിന് വേണ്ടി പോകുന്ന വിദേശ നാണ്യം നമുക്ക് ലാഭമാകും, നമ്മുടെ ബാലൻസ് ഓഫ് പേയ്മെന്‍റ് നന്നാകും, രൂപയുടെ മൂല്യം കൂടും. കേരളത്തിൽ സ്വർണ്ണമായി ലോക്കറിൽ ഇരിക്കുന്ന പണം ഒക്കെ പുറത്തിറങ്ങും. അത് കൂടുതൽ പ്രൊഡക്ടീവ് ആയ എന്തെങ്കിലും വ്യവസായത്തിലേക്ക് നീങ്ങും.കള്ളക്കടത്തുകാരുടെ ആസനം മറ്റു വസ്തുക്കൾ കടത്തുന്നതിനായി ഉപയോഗിക്കാൻ അവസരം കിട്ടും

TAGS :

Next Story