'ട്രെയിനിലെ ടിടിആര്‍ ബജ്റംഗ്ദളിന്‍റെ ആളായിരുന്നു, പൊലീസിന്‍റെ മുന്നില്‍ വെച്ച് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു'; സിസ്റ്റര്‍ വന്ദനയുടെ സഹോദരങ്ങള്‍
നേരത്തെയും ഇവരുടെ മഠത്തിന് നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്,അതും ഇതുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ടെന്നും സഹോദരങ്ങള്‍

കണ്ണൂര്‍: പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കുമെന്ന് ആശങ്കയുണ്ടെന്ന് ഛത്തീസ്ഗഡിൽ മനുഷ്യ കടത്ത് ആരോപിച്ച് അറസ്റ്റിലായ സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെ കുടുംബം. ട്രെയിനിലെ ടിടിആര്‍ ബജ്റംഗ്ദളിന്‍റെ ആളായിരുന്നു. അവർ വിളിച്ചിട്ടാണ് മറ്റുള്ളവർ വന്നതെന്നും വന്ദനയുടെ സഹോദരൻ ജിൻസ് മീഡിയവണിനോട് പറഞ്ഞു.
'നേരത്തെയും ഇവരുടെ മഠത്തിന് നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. മനുഷ്യക്കടത്തെന്ന് ആരോപിക്കുന്ന കുട്ടികള്‍ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ടിടിആർ പ്ലാറ്റ്‌ഫോം ടിക്കറ്റ് ചോദിച്ചു.അവരുടെ കൈയില്‍ ടിക്കറ്റ് ഇല്ലെന്നും സിസ്റ്റര്മാര്‍ വന്നാല്‍ തരുമെന്ന് ഇവര്‍ പറഞ്ഞു.എന്നാല്‍ ഇതിന് പിന്നാലെയാണ് ബജ്റംഗ്ദൾ പ്രവർത്തകര്‍ കുട്ടികളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്.തുടര്‍ന്ന് ആള്‍ക്കാരെല്ലാം കൂടി. റെയിൽവെസ്റ്റേഷനിൽ പൊലീസുകാരുടെ മുന്നിൽവെച്ചാണ് മർദിച്ചത്'. സഹോദരങ്ങള്‍ പറഞ്ഞു.
'രണ്ടുകൊല്ലം മുമ്പും ബജ്റംഗ്ദൾ പ്രവർത്തകര്‍ കന്യാസ്ത്രീകളെ മഠത്തിൽ പൂട്ടിയിട്ടുണ്ട്.ഇവര്‍ പോകുന്ന പള്ളിയും ബജ്റംഗ്ദൾ പ്രവർത്തകര്‍ പൊളിച്ചിട്ടുണ്ട്.അതും ഇതുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. ജയിലിലും കന്യാസ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുകയാണ്. 18 പേരുള്ള കുടുസുമുറിയിലാണ് ഇവരെ താമസിച്ചിട്ടുള്ളത്.രണ്ട് കസേരമാത്രമാണുള്ളത്.ആരോഗ്യ സ്ഥിതിയും മോശമാണ്. സത്യസന്ധമായാണ് അന്വേഷണം നടക്കുന്നതെങ്കിൽ ജാമ്യം കിട്ടണം.എന്നാല്‍ ഭീഷണിപ്പെടുത്തി കുട്ടികളുടെ മൊഴി മാറ്റിയിട്ടുണ്ട്.അതില്‍ ആശങ്കയുണ്ട്. സിസ്റ്റർ വന്ദന തെറ്റായ കാര്യങ്ങൾ ചെയ്യില്ല'.. സഹോദരങ്ങളായ ചെറിയാൻ മാത്യു, ജിൻസ് എന്നിവര്‍ പറഞ്ഞു.
Adjust Story Font
16

