Quantcast

പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഇന്ന് കൈമാറും

രാഹുൽ ഗാന്ധി നാളെ പോളിന്റെ വീട് സന്ദർശിക്കും.

MediaOne Logo

Web Desk

  • Published:

    17 Feb 2024 10:41 AM GMT

10 lakhs will be handed over to Pauls family today
X

മാനന്തവാടി: വയനാട് പുൽപ്പള്ളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. നഷ്ടപരിഹാര തുകയിൽ 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് എ.ഡി.എം അറിയിച്ച ശേഷമാണ് മൃതദേഹം ആംബുലൻസിൽനിന്ന് ഇറക്കാൻ നാട്ടുകാർ സമ്മതിച്ചത്. ആദ്യം അഞ്ച് ലക്ഷം രൂപ നൽകാമെന്നാണ് അറിയിച്ചിരുന്നത്. പ്രതിഷേധം കനത്തതോടെയാണ് 10 ലക്ഷം ഇന്ന് തന്നെ നൽകാൻ തീരുമാനമായത്. ബാക്കി 40 ലക്ഷം രൂപ സർക്കാർ തലത്തിൽ ചർച്ച ചെയ്ത ശേഷമേ നൽകാനാവൂ എന്നും എ.ഡി.എം അറിയിച്ചിട്ടുണ്ട്. പൊളിന്റെ മൃതദേഹം ഇന്ന് തന്നെ സംസ്‌കരിക്കും.

വയനാട് എം.പി രാഹുൽ ഗാന്ധി നാളെ പോളിന്റെ വീട് സന്ദർശിക്കും. ന്യായ് യാത്രക്ക് ഒരു ദിവസത്തെ അവധി നൽകിയാണ് രാഹുൽ വയനാട്ടിലെത്തുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് വരണാസിയിൽനിന്ന് പുറപ്പെടുന്ന രാഹുൽ രാത്രി കണ്ണൂരിലാണ് തങ്ങുന്നത്. നാളെ രാവിലെയാണ് കൽപ്പറ്റയിലെത്തുക.

വന്യജീവിയാക്രമണത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകളാണ് ഇന്ന് വയനാട്ടിൽ തെരുവിലിറങ്ങിയത്. എം.എൽ.എമാരായ ടി. സിദ്ദീഖിനും ഐ.സി ബാലകൃഷ്ണനും നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമവുമുണ്ടായി. തുടർന്ന് ആളുകളെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശുകയായിരുന്നു.

TAGS :

Next Story