Quantcast

മന്ത്രി റിയാസിന്റെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ! പഞ്ചായത്ത് അംഗത്തിന്റെ ശബ്ദ സന്ദേശം വിവാദത്തിൽ

നെടുമങ്ങാട് പഴകുറ്റി പാലത്തിന്‍റെ ഉദ്ഘാടനത്തിന് എത്താനാണ് നിർദേശം

MediaOne Logo

Web Desk

  • Updated:

    2023-03-11 07:47:54.0

Published:

11 March 2023 6:10 AM GMT

pa muhammed riyas, pazhakutti palam
X

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പാലം ഉദ്ഘാടന ചടങ്ങിൽ എത്തിയില്ലെങ്കിൽ പിഴ നൽകണമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് പഞ്ചായത്ത് അംഗത്തിന്റെ ശബ്ദ സന്ദേശം. തിരുവനന്തപുരം നെടുമങ്ങാട് പഴകുറ്റി പാലത്തിന്‍റെ ഉദ്ഘാടനത്തിന് എത്താനാണ് ആനാട് പഞ്ചായത്തംഗവും സിപിഐ പ്രാദേശിക നേതാവുമായ ശ്രീജ സന്ദേശമയച്ചത്. പങ്കെടുക്കാത്തവർ 100 രൂപ പിഴയടയ്ക്കണമെന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു.

''പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. വൈകിട്ട് നാലുമണിക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ജി.ആർ.അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്‌ക്കേണ്ടതില്ല. അഥവാ വെക്കണമെന്നാണ് ആവശ്യമെങ്കിൽ ശനിയാഴ്ച വെക്കുക. ഞായറാഴ്ച എല്ലാ അംഗങ്ങളും ക്യത്യം നാലരയ്ക്ക് പഴകുറ്റി പാലത്തിൽ എത്തിച്ചേരേണ്ടതാണ്. ഒരു കുടുംബശ്രീയിൽ നിന്നും ഒരു വ്യക്തി പോലും വരാതിരിക്കരുത്. കൃത്യം അഞ്ചരക്കു തിരിച്ചു പോകാം. വരാത്തവരിൽനിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്''- ശബ്‍ദ സന്ദേശത്തില്‍ പറയുന്നു.

പിഴയൊടുക്കണമെന്ന നിര്‍ദേശത്തെ കുടുംബശ്രീ അംഗങ്ങള്‍ തന്നെ ചോദ്യം ചെയ്തു. വാര്‍ഡിലെ പ്രധാന പരിപാടിയായതിനാല്‍ ആരും പങ്കെടുക്കാതിരിക്കരുതെന്ന് കരുതി പറഞ്ഞതാണെന്നും പിഴ നിര്‍ദേശം തമാശയാണെന്നുമാണ് മെമ്പറുടെ വിശദീകരണം. നാളെയാണ് പാലത്തിന്റെ ഉദ്ഘാടനം.

TAGS :

Next Story