Quantcast

കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവം: 11 ലക്ഷം നഷ്ടപരിഹാരം

അഞ്ച് ലക്ഷം ഇന്ന് തന്നെ കൈമാറുമെന്ന് മന്ത്രി ഒ.ആർ കേളു

MediaOne Logo

Web Desk

  • Updated:

    2025-01-24 10:44:32.0

Published:

24 Jan 2025 2:56 PM IST

കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവം: 11 ലക്ഷം നഷ്ടപരിഹാരം
X

കൽപ്പറ്റ: വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് മന്ത്രി ഒ.ആർ കേളു അറിയിച്ചു. അഞ്ച് ലക്ഷം വെള്ളിയാഴ്ച തന്നെ കൈമാറും. ബാക്കി ആറ് ലക്ഷം പിന്നീട് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വനംവകുപ്പിലെ താൽക്കാലിക വാച്ചർ അച്ചപ്പന്‍റെ ഭാര്യയായ രാധ (45) ആണ് കൊല്ലപ്പെട്ടത്.

പ്രിയദർശനി എസ്റ്റേറ്റിനു സമീപം വനത്തോട് ചേർന്ന തോട്ടത്തിൽ കാപ്പി പറിക്കാൻ പോയതായിരുന്നു രാധ. പാതി ഭക്ഷിച്ചനിലയിലുള്ള മൃതദേഹം തണ്ടർബോൾട്ടാണ് കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തുവന്നു. സ്ഥലത്തെത്തിയ മന്ത്രി ഒ.ആർ കേളുവിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. വന്യമൃഗശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

രാധയുടെ മൃതദേഹം വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, കടുവയെ വെടിവെച്ചു കൊല്ലുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഇതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കും.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണിയുടെ അമ്മാവന്റെ ഭാര്യയാണ് കൊല്ലപ്പെട്ട രാധ. ‘വളരെ ഞെട്ടിക്കുന്ന വാർത്തയാണ് അൽപ്പം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത് എൻ്റെ അമ്മാവന്റെ ഭാര്യയാണ്....അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു....ആത്മാവിന് നിത്യശാന്തി നേരുന്നു’ -മിന്നുമണി ഫേസ്ബുക്കിൽ കുറിച്ചു.

TAGS :

Next Story