പാലക്കാട് 15 വർഷം മാത്രം പഴക്കമുള്ള സ്കൂൾ കെട്ടിടം പൊളിച്ച് മാറ്റി; എട്ട് വർഷം മുമ്പ് നിർമ്മിച്ച കെട്ടിടവും അപകടാവസ്ഥയിൽ
ജില്ലാ പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനാൽ കഴിഞ്ഞ വർഷം തന്നെ ഫിറ്റ്നസ് നൽകിയിരുന്നില്ല

പാലക്കാട്: 15 വർഷം മാത്രം പഴക്കമുള്ള സ്കൂൾ കെട്ടിടം പൊളിച്ച് മാറ്റി. പാലക്കാട് തോലനൂർ ഹയർ സെക്കണ്ടറി സ്കൂളിലെ കെട്ടിടമാണ് പൊളിച്ച് മാറ്റിയത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണ്, സുരക്ഷിതമല്ലാത്തതിനാൽ പൊളിച്ചത്. ഇതേ സ്കൂളിലെ എട്ട് വർഷം മുൻപ് നിർമ്മിച്ച കെട്ടിടവും അപകട നിലയിലായതിനാൽ വിദ്യാർഥികളെ മാറ്റി. ഇതോടെ തോലനൂർ സ്കൂളിലെ ഹയർസെക്കണ്ടറിയുടെ പ്രവർത്തനം തന്നെ താളം തെറ്റി. കെട്ടിട നിർമ്മാണത്തിൽ അഴിമതി ഉണ്ടെന്ന ആരോപണവുമുണ്ട്.
പാലക്കാട് ജില്ലാ പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനാൽ കഴിഞ്ഞ വർഷം തന്നെ ഫിറ്റ്നസ് നൽകിയിരുന്നില്ല . അറ്റകുറ്റപണി നടത്തി കെട്ടിടം സുരക്ഷിതമാക്കാൻ കഴിയാത്തതിനാൽ ഓണ അവധി ദിവസങ്ങളിൽ കെട്ടിടം പൊളിച്ച് മാറ്റുകയായിരുന്നു.
പൊളിച്ച് മാറ്റിയ കെട്ടിട നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന് വാർഡ് മെമ്പർ ആരോപിച്ചു. എട്ടു വർഷം മുമ്പാണ് കെട്ടിടത്തിൻ്റെ പണിപൂർത്തിയാക്കിയത്.15 അടിയോളം നീളമുള്ള ചുറ്റുമതിൽ സുരക്ഷിതമല്ലാതെ നിർമ്മിച്ചതിനാൽ തകർന്നു. ഇതോടെ കെട്ടിടത്തിൻ്റെ ഒരു ഭാഗവും തറയിൽ ഇരുന്നു. ഈ കെട്ടിടത്തിൽ കുട്ടികളെ ഇരുത്തുന്നത് സുരക്ഷിതമല്ലന്നെ റിപ്പോർട്ട് ലഭിച്ചതോടെ മാറ്റി. ഇതോടെ ഹയർ സെക്കണ്ടറി വിഭാഗത്തിന് സ്വന്തമായി ക്ലാസ് മുറികളില്ലാതായി. ഒരു ദിവസം പ്ലസ് വൺ ക്ലാസും അടുത്ത ദിവസം പ്ലസ്ടു ക്ലാസുകളുമാണ് നിലവിൽ നടത്തുന്നത്.
സ്കൂൾ മതിൽ തകർന്ന് വീഴാൻ സാധ്യതയുള്ളതിനാൽ സ്കൂളിന് സമീപത്തെ താമസക്കാർ ഒഴിഞ്ഞ് പോകണമെന്ന് കാണിച്ച് കുത്തനൂർ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പൽ പ്രതിസന്ധി ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രി മുതൽ ഡിഇഒ വരെയുള്ളവർക്ക് കത്ത് നൽകിയിട്ടുണ്ട്. വളരെ പെട്ടെന്ന് കെട്ടിടങ്ങൾ തകർന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Adjust Story Font
16

