കേരളത്തിലേക്ക് 17 പ്രത്യേക ട്രെയിനുകൾ അനുവദിച്ചു
ക്രിസ്മസ്, പുതുവത്സരത്തോട് അനുബന്ധിച്ചാണ് ട്രെയിനുകള്‍ അനുവദിച്ചത്

കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ക്രിസ്മസ്, പുതുവത്സരത്തോട് അനുബന്ധിച്ചാണ് ട്രെയിനുകള്‍ അനുവദിച്ചത്. 17 ട്രെയിനുകളാണ് ദക്ഷിണ റെയിൽവേ അനുവദിച്ചത്. ഡിസംബർ 22 മുതൽ 2023 ജനുവരി 2 വരെയാണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക. എറണാകുളം - ചെന്നൈ സെൻട്രൽ, എറണാകുളം - വേളാങ്കണ്ണി, കൊല്ലം - ചെന്നൈ എഗ്‌മോർ, എറണാകുളം - താംബരം എന്നിവയാണ് പ്രത്യേക സർവീസുകൾ എന്നാണ് നിലവിലെ വിവരം.
ക്രിസ്മസ്-പുതുവത്സര അവധിക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താൻ മലയാളികള്‍ വലിയ വില കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ്. ഉത്സവ സീസണായതിനാല്‍ വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടി കൂട്ടി. ദീർഘദൂര യാത്രകൾക്ക് സ്ലീപ്പർ ടിക്കറ്റുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. തൽക്കാൽ ടിക്കറ്റുകൾ സെക്കന്റുകൾക്കുള്ളിലാണ് തീരുന്നത്. പ്രീമിയം തൽക്കാൽ ടിക്കറ്റിന് സാധാരണ ടിക്കറ്റിന്‍റെ ആറിരട്ടിയാണ് നിരക്ക്. അതിനിടെ 17 ട്രെയിനുകള്‍ കേരളത്തിലേക്ക് അനുവദിച്ചത് ആശ്വാസമാണ്.
ഡൽഹിയിൽ നിന്നും എറണാകുളത്തേക്ക് സ്ലീപ്പർ നിരക്ക് 940 ആണെങ്കിൽ പ്രീമിയം തൽക്കാൽ നിരക്ക് 6140 രൂപയാണ്. സ്ഥിരമായി മറുനാട്ടിൽ താമസിക്കുന്നവർക്ക് മാത്രമല്ല ബുദ്ധിമുട്ട്. അഡ്മിഷനും അഭിമുഖത്തിനുമൊക്കെ കേരളത്തിന് പുറത്ത് എത്തിയവർ നാട്ടിലേക്കു മടങ്ങാൻ കഴിയാതെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങികിടക്കുകയാണ്. കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് കേരളത്തിലേക്ക് സതേണ്‍ റെയിൽവേ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചത്. മറ്റ് റെയില്‍വേ സോണുകളും ട്രെയിനുകള്‍ പ്രഖ്യാപിച്ചാല്‍ യാത്രാക്ലേശം കുറഞ്ഞേക്കും.
Adjust Story Font
16

