Quantcast

ചെന്നിത്തലക്കെതിരെ സോണിയക്ക് യൂത്ത് ഫ്രണ്ട് എമ്മിന്റെ കത്ത്

MediaOne Logo

admin

  • Published:

    18 Feb 2017 2:49 PM GMT

ചെന്നിത്തലക്കെതിരെ സോണിയക്ക് യൂത്ത് ഫ്രണ്ട് എമ്മിന്റെ കത്ത്
X

ചെന്നിത്തലക്കെതിരെ സോണിയക്ക് യൂത്ത് ഫ്രണ്ട് എമ്മിന്റെ കത്ത്

ബാര്‍ കോഴ സംബന്ധിച്ച ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ചെന്നിത്തലയും പങ്കാളികളായി. ഉമ്മന്‍ചാണ്ടിയുടെ പങ്കും അന്വേഷിക്കണം

രമേശ് ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ പരാതി നല്‍കി യൂത്ത് ഫ്രണ്ട് എം. ബാര്‍കോഴക്കേസില് കെഎം മാണിയെ കുടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് ഫ്രണ്ട് നേതൃത്വം കത്ത് നല്‍കിയത്. ഇതിനിടെ പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്ന് വിഷയം ചര്‍ച്ചചെയ്യുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു.

ബിജു രമേശിന്റെ മകളുടെയും അടൂര്‍ പ്രകാശിന്റെ മകന്റേയും വിവാഹ നിശ്ചയ ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തതാണ് കേരള കോണ്‍ഗ്രസ് എം നേതൃത്വത്തെ ചൊടിപ്പിച്ചത്. ബാര്‍ക്കോഴ കേസിലൂടെ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടത്തിയ ബിജു രമേശിന്റെ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരി കഴിഞ്ഞയാഴ്ച പ്രതികരിച്ചിരുന്നു.

ബാര്‍കോഴ കേസിലൂടെ മാണിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് പല ആവര്‍ത്തി പറഞ്ഞിരുന്നു. ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തതിലൂടെ ഗൂഢാലോചന വ്യക്തമായെന്നും കേരള കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. ഇതിനിടെയാണ് പാര്‍ട്ടിയുടെ പോഷക സംഘടനയായ യൂത്ത് ഫ്രണ്ട് എം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല രാജിവെക്കണമെന്നും ആവശ്യപ്പെട്ടത്.

കേസില് രമേശ് ചെന്നിത്തലയുടെയും അടൂര്‍ പ്രകാശിന്റെയും ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ‌നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടന്പിലാണ് സോണിയക്ക് പരാതി നല്‍കിയത്. വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കും സംശയകരമാണെന്നും ഇതു സംബന്ധിച്ചുംഅന്വേഷണം നടത്തണമെന്നും യൂത്ത് ഫ്രണ്ട് കത്തില്‍ ആവശ്യപ്പെടുന്നു. അതിനിടെ കെഎം മാണി വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. പറയാനുള്ളത് പറഞ്ഞുവെന്നും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്ന് വിഷയം ചര്‍ച്ചചെയ്യുമെന്നും മാണി പ്രതികരിച്ചു.

കേരള കോണ്‍ഗ്രസ് എം കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുവെന്നാണ് ഇരു പാര്‍ട്ടികളുടെയും നേതാക്കളുടെ പ്രതികരണങ്ങളിലില്‍ നിന്ന് വ്യക്തമാകുന്നത്. വരുന്ന ആഴ്ചയില്‍ തന്നെ സ്റ്റിയറിംഗ് കമ്മിറ്റി ചേരാനാണ് കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ തീരുമാനം .
നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്നുള്ള വികാരം കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയില്‍ ചിലര്‍ കെ എം മാണിയെ ഇതിനോടകം അറിയിച്ചു. ബാര്‍ക്കോഴ ഗൂഢാലോചന സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി ചര്‍ച്ചചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ സ്റ്റിയറിങ് കമ്മിറ്റിയിലെ നീക്കങ്ങളാകും കോണ്‍ഗ്രസ് നേതാക്കള്‍ ഉറ്റു നോക്കുക

TAGS :

Next Story