Quantcast

അരുംകൊലകളില്‍ അന്വേഷണം നേരിടുന്നവര്‍ എങ്ങനെ സ്വൈര ജീവിതം ഉറപ്പാക്കും - ഉമ്മന്‍ചാണ്ടി

MediaOne Logo

admin

  • Published:

    16 March 2017 8:06 AM GMT

അരുംകൊലകളില്‍ അന്വേഷണം നേരിടുന്നവര്‍ എങ്ങനെ സ്വൈര ജീവിതം ഉറപ്പാക്കും - ഉമ്മന്‍ചാണ്ടി
X

അരുംകൊലകളില്‍ അന്വേഷണം നേരിടുന്നവര്‍ എങ്ങനെ സ്വൈര ജീവിതം ഉറപ്പാക്കും - ഉമ്മന്‍ചാണ്ടി

രാഷ്ട്രീയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎമ്മിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അരുംകൊലകളില്‍ സിബിഐ അന്വേഷണം നേരിടുന്നവര്‍ എങ്ങനെ സ്വൈര ജീവിതം ഉറപ്പാക്കുമെന്നാണ് ഉമ്മന്‍ചാണ്ടി ചോദിക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസും ഫസല്‍ വധവും 51 വെട്ടുമൊക്കെ ഓര്‍മ്മപ്പെടുത്തിയാണ് ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റ്.

''അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ഇടതുപക്ഷത്തിന്റെ കല്യാശ്ശേരിയിലെ സ്ഥാനാര്‍ഥി ടി.വി. രാജേഷും പ്രതികളാണെന്ന കേരളാ പൊലിസിന്റെ കണ്ടെത്തല്‍ പൂര്‍ണമായി അംഗീകരിച്ചുകൊണ്ട് സി.ബി.ഐ. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചല്ലോ. 2012 ഫെബ്രുവരി 20നാണ് കണ്ണൂരിലെ അരിയില്‍ ഷുക്കൂര്‍ എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനെ സി.പി.എം അക്രമികള്‍ പാടത്തേക്കു കൂട്ടിക്കൊണ്ടുപോയി പരസ്യമായി തലയറുത്തു എന്നതാണ് കേസ്. ഭീകര സംഘടനയായ ഐ.എസിന്റെ കൊലപാതകങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ അരുംകൊല സി.പി.എം നടത്തിയത് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലെറിഞ്ഞു എന്ന നിസാര കുറ്റത്തിനാണ് എന്ന പൊലിസിന്റേയും സി.ബി.ഐയുടെയും കണ്ടെത്തല്‍ ഏവരേയും ഞെട്ടിപ്പിക്കുന്നതാണ്.

സി.പി.എം വിട്ട് ഒരു ബദല്‍ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിപ്പോന്ന ടി.പി.ചന്ദ്രശേഖരനെ 2012 മെയ് നാലിന് 51 വെട്ട് വെട്ടി സി.പി.എം ക്രിമിനലുകള്‍ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവം ഇന്നും ജനമനസുകളില്‍നിന്നു മാഞ്ഞിട്ടില്ല. ഈ അരുംകൊലയും തങ്ങളല്ല നടത്തിയതെന്നാണ് ആദ്യാവസാനം സി.പി.എം. പറഞ്ഞുപോന്നത്. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേസിലെ യഥാര്‍ഥ പ്രതികളെ കണ്ടെത്തിയപ്പോള്‍ അതില്‍ സി.പി.എം ക്രിമിനലുകളോടൊപ്പം പ്രമുഖ പ്രാദേശിക നേതാക്കള്‍ വരെ പ്രതിപ്പട്ടികയില്‍ വന്നു. കേസിലെ പ്രതിയായ പി.കെ.കുഞ്ഞനന്തനെ ജയിലില്‍ കിടക്കവേ തലശ്ശേരി ഏര്യാ കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്ത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച പാര്‍ട്ടിയാണ് സി.പി.എം.

സി.പി.എമ്മില്‍ നിന്നു പുറത്തുപോയ ഫസല്‍ എന്ന ചെറുപ്പക്കാരനെ സി.പി.എമ്മുകാര്‍ തലശ്ശേരിയില്‍വച്ച് അതി ദാരുണമായാണ് കൊലപ്പെടുത്തിയെന്നതാണ് മറ്റൊരു കേസ്. ഫസലിനെ കൊലപ്പെടുത്തിയതിനു ശേഷം ചുടുചോരയില്‍ മുക്കിയ തൂവാല സമീപത്തുള്ള ക്ഷേത്രാങ്കണത്തില്‍ കൊണ്ടിട്ട ശേഷം വര്‍ഗീയ ലഹളയുണ്ടാക്കാനും സി.പി.എമ്മുകാരായ പ്രതികള്‍ ശ്രമിച്ചു എന്നാണ് ഈ കേസില്‍ സി.ബി.ഐ കുറ്റപത്രത്തിലുള്ളത്. ഈ കേസിലെ പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് യഥാക്രമം കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റേയും തലശ്ശേരി നഗരസയുടേയും അധ്യക്ഷന്‍മാരാക്കി സി.പി.എം. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചത് ജനം മറന്നിട്ടില്ല. എന്നാല്‍ ജനരോഷവും രൂക്ഷമായ കോടതി പരാമര്‍ശവും ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ രാജിവയ്പ്പിക്കാന്‍ സി.പി.എം. നിര്‍ബന്ധിതമാകുകയായിരുന്നു.
കതിരൂര്‍ മനോജിനെ അദ്ദേഹം ഓടിച്ചുവന്ന മാരുതി വാനില്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് ബോംബെറിഞ്ഞാണ് സി.പി.എം. അക്രമികള്‍ കൊലപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഈ കേസില്‍ സി.ബി.ഐ. അന്വേഷണം നേരിടുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്‍ ജില്ലയില്‍ കയറാനാകാതെ കഴിയുകയാണ്.

കോഴിക്കോട് ജില്ലയിലെ പയ്യോളി മനോജ് എന്ന ചെറുപ്പക്കാരനെ സി.പി.എം. ക്രിമിനലുകള്‍ ഇതുപോലെ തന്നെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലും സി.ബി.ഐ. അന്വേഷണം നടക്കുകയാണ്. ഏറ്റവും ഒടുവില്‍ ഹരിപ്പാട് ചേപ്പാട് സി.പി.എം വിട്ട് കോണ്‍ഗ്രസിലേക്കു വന്ന സനല്‍ കുമാറിനെ ഭാര്യയുടേയും കുഞ്ഞിന്റേയും മുന്നിലിട്ട് വെട്ടുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് വെട്ടി കൊലപ്പെടുത്തിയ കേസിലും സി.പി.എം. ക്രിമിനലുകളല്ലേ പ്രതികള്‍.

കേരളത്തിലെ പൊതുസമൂഹം നിയമവ്യവസ്ഥക്കു വിധേയരായി ജീവിക്കുന്നവരാണ്. അവര്‍ സമാധാനപ്രിയരാണ്. അക്രമത്തോടും അക്രമികളോടും മുഖംതിരിക്കുന്നവരാണ്. ഈ സംഭവങ്ങളെല്ലാം കേരള ജനതയുടെ മനസ്സാക്ഷിയെ പിടിച്ചുലച്ചവയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍തന്നെ നടത്തിയ അരുംകൊലകളില്‍ സി.ബി.ഐ അന്വേഷം നേരിടുന്ന സി.പി.എമ്മിന് എങ്ങനെ ജനങ്ങളുടെ സ്വൈര ജീവിതം ഉറപ്പാക്കാനാകുമെന്നു സംശയിച്ചാല്‍ കുറ്റംപറയാനാകില്ലല്ലോ.''

അരുംകൊലകകളില്‍ സി.ബി.ഐ അന്വേഷണം നേരിടുന്നവര്‍ എങ്ങനെ സ്വൈര ജീവിതം ഉറപ്പാക്കും അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ക...

Posted by Oommen Chandy on Saturday, April 23, 2016
TAGS :

Next Story