Quantcast

തിരുവല്ലയില്‍ പോരാട്ടം പ്രവചനാതീതം

MediaOne Logo

admin

  • Published:

    29 April 2017 7:19 AM GMT

കണക്കുകളിലെ ആധിപത്യം യുഡിഎഫിനാണെങ്കിലും കഴിഞ്ഞ രണ്ട് തണയും മണ്ഡലം നിലയുറപ്പിച്ചത് എല്‍ഡിഎഫിനൊപ്പമാണ്.

പ്രവചനാതീത പോരാട്ടത്തിനാണ് ഇത്തവണ തിരുവല്ല മണ്ഡലത്തില്‍ കളമൊരുങ്ങുന്നത്. കണക്കുകളിലെ ആധിപത്യം യുഡിഎഫിനാണെങ്കിലും കഴിഞ്ഞ രണ്ട് തണയും മണ്ഡലം നിലയുറപ്പിച്ചത് എല്‍ഡിഎഫിനൊപ്പമാണ്. നിലവിലെ എംഎല്‍എ മാത്യു ടി തോമസിനെ വീണ്ടും രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനാണ് എല്‍ഡിഎഫിന്റെ നീക്കം. എന്നാല്‍ ഒറ്റക്കെട്ടായി നിന്നാല്‍ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ.

ഏറിയ കാലവും തിരുവല്ലയുടെ മനസ്സ് വലത് പക്ഷത്തായിരുന്നു. പഴയ തിരുവല്ല മണ്ഡലം കേരളാ കോണ്‍ഗ്രസ് മിക്കപ്പോഴും കുത്തകയാക്കി വെച്ചിരുന്നു. എന്നാല്‍ യുഡിഎഫ് പാളയത്തിലെ പടലപ്പിണക്കങ്ങളും സാമുദായിക സമവാക്യങ്ങളും അനുകൂലമായതോടെ ‍കഴിഞ്ഞ രണ്ട് നിയമ സഭാ തിരഞ്ഞെടുപ്പുകളിലും മണ്ഡലം ഇടത്തേക്ക് ചാഞ്ഞു. ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് തിരുവല്ലയ്ക്ക് വികസന കാര്യത്തില്‍ ഏറെ നേട്ടം ഉണ്ടാക്കാനായെന്നും യുഡിഎഫ് ഭരണത്തിനെതാരായ ജനവികാരത്തിനൊപ്പം ഇതും പ്രതിഫിലിക്കുമെന്നും എല്‍ഡിഎഫ് വാദിക്കുന്നു. ജനതാദള്‍ എസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ മാത്യുടി തോമസ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥ‌ിത്വം ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു.

എന്നാല്‍ യുഡിഎഫില്‍ കാര്യങ്ങള്‍ അത്ര സുഗമമാവില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കേരളാ കോണ്‍ഗ്രസില്‍ നിന്ന് തിരുവല്ല സീറ്റ് ഏറ്റെടുക്കണമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ പൊതുവികാരം. തെര‍ഞ്ഞെടുപ്പടുക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ രൂപപ്പെടുന്ന വിഭാഗീയതയാണ് ഉറപ്പുള്ള മണ്ഡലം നഷ്ടപ്പെടാനിടയാക്കുന്നതെന്ന വിമര്‍ശം അവര്‍ പരസ്യമായി ഉന്നയിക്കുകയും ചെയ്യുന്നു. എന്നാല്‍ സീറ്റ് വെച്ചുമാറ്റം സാധ്യമാകാനിടയില്ല. കേരളാ കോണ്‍ഗ്രസിലെ വിക്ടര്‍ ടി തോമസും ജോസഫ് എം പുതുശ്ശേരിയുമാണ് തിരുവല്ല സീറ്റിനായി രംഗത്തുള്ളത്. സീറ്റ് ലഭിക്കാനായി ഇരുവരും ചരടുവലികള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ വിക്ടര്‍ ടി തോമസ് ഒരു തവണകൂടി അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ മുന്‍ കല്ലൂപ്പാറ എംഎല്‍എ കൂടിയായ ജോസഫ് എം പുതുശ്ശേരിക്ക് ഇത്തവണ പരിഗണന ലഭിച്ചേക്കുമെന്നാണ് സൂചന.

മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളില്‍ ബിജെപിക്ക് അധികാരമുണ്ട്. അതിനാല്‍ തന്നെ മികച്ച മത്സരം പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പും.

TAGS :

Next Story