Quantcast

ഹൈക്കോടതിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു

MediaOne Logo

Ubaid

  • Published:

    22 May 2017 9:00 PM GMT

ഹൈക്കോടതിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു
X

ഹൈക്കോടതിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു

മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ പോയത് ചീഫ് ജസ്റ്റിസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്. മടങ്ങിയത് പോലീസ് സംരക്ഷണയില്‍


ഹൈക്കോടതിയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ വീണ്ടും തടഞ്ഞു. വനിത മാധ്യമപ്രവര്‍ത്തകരടക്കം 8 പേരെയാണ് അഭിഭാഷകര്‍ തടഞ്ഞത്. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനായി പോയത്.

കഴിഞ്ഞദിവസം ഹൈക്കോടതി ചീഫ് ജസ്റ്റിസ് പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളുമായും അഭിഭാഷക സംഘടനാ പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു 8 മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയത്. ഉച്ചക്ക്ശേഷം ചീഫ് ജസ്റ്റിസിന്‍റ കോടതിയില്‍ ഇരിക്കുന്പോളാണ് ഇവര്‍ക്കെതിരെ പ്രതിഷേധവുമായി ഒരു സംഘം അഭിഭാഷകര്‍ രംഗത്തെത്തിയത്. കോടതിയില്‍ നിന്ന് പോയില്ലെങ്കില്‍ മര്‍ദ്ദിക്കുമെന്ന് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി. പ്രശ്നം മാധ്യമപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസിന്‍റെ ഗവണ്‍മെന്‍റ് പ്ലീഡര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ രജിസ്ട്രാറോട് പരാതിപെടാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. തുടര്‍ന്ന് പൊലീസ് സംരക്ഷണയിലാണ് മാധ്യമപ്രവര്‍ത്തകര്‍ രജിസ്ട്രാറുടെ ഓഫീസില്‍ പരാതി നല്‍കാനെത്തിയത്.

അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തങ്ങള്‍ക്കെതിരെ മൊഴി നല്‍കിയവരെ ഒരുതരത്തിലും കോടതിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അഭിഭാഷകര്‍ ഭീഷണിമുഴക്കി. തുടര്‍ന്ന് അഭിഭാഷകര്‍ പ്രകോപിതരായതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിക്ക് പുറത്തുപോകണമെന്ന് രജിസ്ട്രാരും ആവശ്യപ്പെട്ടു. തുടര്‍ന്ന് രജിസ്ട്രാര്‍ക്ക് പരാതി എഴുതി നല്‍കിയശേഷം കനത്ത പോലീസ് സംരക്ഷണയിലാണ് 3 വനിതാമാധ്യമപ്രവര്‍ത്തകരങ്ങിയ സംഘം ഹൈക്കോടതിയില്‍ നിന്ന് പുറത്തുകടന്നത്.

TAGS :

Next Story