Quantcast

ശരംകുത്തിയുടേത് നഷ്ടപ്രണയത്തിന്റെ കഥ

MediaOne Logo

Subin

  • Published:

    26 May 2017 1:58 AM IST

ശരംകുത്തിയുടേത് നഷ്ടപ്രണയത്തിന്റെ കഥ
X

ശരംകുത്തിയുടേത് നഷ്ടപ്രണയത്തിന്റെ കഥ

ശരംകുത്തിയില്‍ ശരംകാണാതിരുന്നാല്‍ കന്നി അയ്യപ്പന്മാര്‍ എത്തിയിട്ടില്ലെന്നാണ് കണക്കാക്കുക. അങ്ങിനെയെങ്കില്‍ മാളികപ്പുറത്തമ്മയുടെ പ്രണയം സഫലമാകും.

ശബരിമലയിലേയ്ക്കുള്ള യാത്രയില്‍ കന്നി അയ്യപ്പന്മാര്‍ അനുഷ്ഠിയ്‌ക്കേണ്ട പ്രധാന ആചാരങ്ങളില്‍ ഒന്നാണ് ശരംകുത്തിയിലെ ശരംകുത്തല്‍. എരുമേലി പേട്ടകെട്ടി കഴിയുമ്പോള്‍ മുതല്‍ കന്നി അയ്യപ്പന്റെ കൈവശം ശരമുണ്ടാകും. മരക്കൂട്ടത്തു നിന്നും സന്നിധാനത്തേയ്ക്കുള്ള യാത്ര, ശരംകുത്തിയിലെത്തുമ്പോഴാണ് ഈ ആചാരം അനുഷ്ഠിയ്‌ക്കേണ്ടത്.

ശബരിമലയിലെ ഓരോ അനുഷ്ഠാനങ്ങള്‍ക്കു പിന്നിലും ഓരോ ഐതീഹ്യങ്ങളുണ്ട്. ഇതില്‍ മാളികപ്പുറത്തമ്മയുടെ നഷ്ടപ്രണയത്തിന്റെതാണ് ശരംകുത്തിയുടെ കഥ. നിത്യബ്രഹ്മചാരിയായ അയ്യപ്പന് മാളികപ്പുറത്തമ്മയുടെ പ്രണയം നിഷേധിക്കേണ്ടി വന്നു. നിര്‍ബന്ധം കൂടിയപ്പോള്‍, തന്നെ കാണാന്‍ കന്നി അയ്യപ്പന്മാര്‍ എത്താതിരുന്നാല്‍ വിവാഹം കഴിക്കാമെന്ന് അയ്യപ്പന്‍ വാക്കു നല്‍കി. ശരംകുത്തിയില്‍ ശരംകാണാതിരുന്നാല്‍ കന്നി അയ്യപ്പന്മാര്‍ എത്തിയിട്ടില്ലെന്നാണ് കണക്കാക്കുക. അങ്ങിനെയെങ്കില്‍ മാളികപ്പുറത്തമ്മയുടെ പ്രണയം സഫലമാകും.

കന്നി അയ്യപ്പന്മാര്‍ എത്തിയിട്ടുണ്ടോ എന്നറിയാന്‍ മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തുണ്ട് ശരംകുത്തിയിലേയ്ക്ക്. മകരവിളക്ക് ഉത്സവത്തിനു ശേഷമാണ് ഇത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തുന്ന എഴുന്നള്ളത്ത്, ശരംകുത്തിയില്‍ കന്നി അയ്യപ്പന്മാര്‍ കുത്തിയ ശരംകണ്ട് വിഷമത്തോടെ മടങ്ങും. ഈ സമയം വാദ്യമേളങ്ങള്‍ നിലയ്ക്കും. ഒരു തീവെട്ടിയുടെ വെളിച്ചം മാത്രം അകമ്പടിയാകും.

Next Story