Quantcast

വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നീക്കം

MediaOne Logo

admin

  • Published:

    4 July 2017 3:19 PM IST

വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നീക്കം
X

വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നീക്കം

ദേശീയ ഗെയിംസിനായി സര്‍ക്കാര്‍ നിര്‍മിച്ച വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നീക്കം.

ദേശീയ ഗെയിംസിനായി സര്‍ക്കാര്‍ നിര്‍മിച്ച വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നീക്കം. ഷൂട്ടിങ് അക്കാദമി സ്ഥാപിക്കാനാണ് റേഞ്ച് വിട്ടുനല്‍കുന്നത്. ടെന്‍ഡറില്‍ പങ്കെടുക്കാത്ത കമ്പനിക്കാണ് റേഞ്ച് കൈമാറാന്‍ ശ്രമം നടക്കുന്നത്. എന്നാല്‍ നടപടികള്‍ സുതാര്യമല്ലെന്നും പിന്നില്‍ അഴിമതിയാണെന്നും ആരോപണമുയരുന്നു.

ദേശീയ ഗെയിംസിനായി വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്കിന്റെ ഭൂമിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച ഷൂട്ടിങ് റേഞ്ചാണ് കുരുക്കിലേക്ക് നീങ്ങുന്നത്. കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കുമായി ചെലവായത് 30 കോടി. ഗെയിംസിന് ശേഷം ഇവിടെ ഷൂട്ടിങ് അക്കാദമി സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്പോര്‍ട്സ് ഡയറക്ടറേറ്റ് വിളിച്ച ഇ ടെന്‍ഡറില്‍ പങ്കെടുത്തത് 2 പേര്‍. ഡല്‍ഹിയിലെ ഗഗന്‍ നാരംഗ് ഷൂട്ടിങ് അക്കാദമിയും തിരുവനന്തപുരം ജില്ലാ റൈഫിള്‍ അസോസിയേഷനും.

എന്നാല്‍ ടെന്‍ഡര്‍ ലഭിച്ചത് ‍ടോപ്ഗണ്‍ എന്ന സ്വകാര്യ സ്ഥാപനത്തിന്. തങ്ങളുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ് ടോപ്ഗണ്‍ എന്നാണ് തിരുവനന്തപുരം റൈഫിള്‍ അസോസിയേഷന്‍ വിശദീകരിക്കുന്നത്. റേഞ്ചിന്റെ നടത്തിപ്പിന് പ്രതിമാസം 5 ലക്ഷം രൂപ വേണ്ടിവരുമന്നും ഇത് സര്‍ക്കാറിന് ബാധ്യതയാണെന്നുമാണ് വട്ടിയൂര്‍ക്കാവ് റേഞ്ച് സ്വകാര്യകമ്പനികള്‍ക്ക് കൈമാറുന്നതിനെ ന്യായീകരണമായി പറയുന്നത്.

ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ മറ്റ് നടപടികളിലേക്ക് കടക്കാനായില്ല. ഇപ്പോള്‍ കായിക വകുപ്പിന്റെ പരിഗണനയിലുള്ള ഫയല്‍ വേഗത്തില്‍ നീക്കിക്കിട്ടാന്‍ ശ്രമം നടത്തുകയാണ് സ്പോര്‍ട്സ് ഡയറക്ടറേറ്റ്. അക്കാദമിക്ക് പുറമെ, ജിംനേഷ്യം, കൂള്‍ബാര്‍, മാള്‍ തുടങ്ങിയ വിനോദങ്ങള്‍ക്കും സ്ഥലം വിനിയോഗിക്കാന്‍ കമ്പനിക്ക് അവകാശമുണ്ടാകും. സ്വകാര്യകമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ സര്‍ക്കാര്‍ വക ഷൂട്ടിങ് റേഞ്ച് തീറെഴുതി നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ അഴിമതിയാണെന്ന് ആരോപണമുണ്ട്.

ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ല

വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ചിനായി രംഗത്തുള്ള തിരുവനന്തപുരം ജില്ലാ റൈഫിള്‍ അസോസിയേഷന് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് ആക്ഷേപം. സ്വന്തമായി ഒരു ഷൂട്ടിങ് റേഞ്ചോ ആയുധ ലൈസന്‍സോ പോലുമില്ലാത്ത അസോസിയേഷന് മറ്റൊരു സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് ടെന്‍ഡറില്‍ പങ്കെടുത്തതിന് പിന്നിലും ദുരൂഹതയുണ്ട്.

പേരിന് മാത്രമുള്ള ഒരു സംഘടനയാണ് തിരുവനന്തപുരം ജില്ലാ റൈഫിള്‍ അസോസിയേഷന്‍. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷൂട്ടിങ് റേഞ്ച് നടത്താനുള്ള സാങ്കേതിക പരിജ്ഞാനമോ അനുഭവസമ്പത്തോ ഇവര്‍ക്കില്ല. സാങ്കേതികമായി ജില്ലാകലക്ടറാണ് സംഘടനയുടെ പ്രസിഡന്റ്. പക്ഷെ, അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു വിവരവും തങ്ങളുടെ പക്കലില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം കലക്ടറേറ്റില്‍ നിന്ന് ലഭിച്ച മറുപടി. അതേസമയം, അസോസിയേഷന്‍ സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ ടെന്‍ഡറില്‍ പങ്കെടുത്തതും സ്വകാര്യ കമ്പനിയായ ടോപ്ഗണുമായി സഹകരിക്കുന്നതും കലക്ടറുടെ അറിവോടെയാണെന്ന് വ്യക്തമാക്കുന്നുണ്ട്.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച സംവിധാനം തുച്ഛമായ നടത്തിപ്പ് ചെലവ് പറഞ്ഞാണ് പാട്ടത്തിന് നല്‍കുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ അക്കാദമി സ്ഥാപിച്ചാല്‍ കേരളത്തിലെയും ദേശീയ തലത്തിലെയും നിരവധി താരങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ പരിശീലനം നല്‍കാനാവും. ചെലവിന്റെ നല്ലൊരു ഭാഗം ഷൂട്ടിങ് താരങ്ങളില്‍ നിന്നും സജീവമായി പ്രവര്‍ത്തിക്കുന്ന ജില്ലാ റൈഫിള്‍ അസോസിയേഷനുകളില്‍ നിന്നും പിരിച്ചെടുക്കാവുന്നതാണ്. ദേശീയ ക്യാമ്പുകളില്‍ നിന്നും ടൂര്‍ണമെന്റുകളില്‍ നിന്നുള്ള വരുമാനം വേറെ. റേഞ്ച് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുക വഴി വന്‍തുക ഫീസ് വാങ്ങി താരങ്ങളെ പിഴിയാന്‍ അവസരമൊരുക്കുകയാണ് ചെയ്യുന്നത്.

TAGS :

Next Story