Quantcast

അഴീക്കോട്ടെ യുഡിഎഫ് വിമതന്‍ പി കെ രാഗേഷിനെ തളക്കാന്‍ യുഡിഎഫ് കൌണ്‍സിലര്‍മാര്‍

MediaOne Logo

admin

  • Published:

    7 March 2018 7:30 AM GMT

അഴീക്കോട്ടെ യുഡിഎഫ് വിമതന്‍ പി കെ രാഗേഷിനെ തളക്കാന്‍ യുഡിഎഫ് കൌണ്‍സിലര്‍മാര്‍
X

അഴീക്കോട്ടെ യുഡിഎഫ് വിമതന്‍ പി കെ രാഗേഷിനെ തളക്കാന്‍ യുഡിഎഫ് കൌണ്‍സിലര്‍മാര്‍

രാഗേഷ് പിടിക്കുന്ന ഓരോ വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാറിനു സഹായകരമാകുമെന്നതിനാല്‍ യുഡിഎഫ് ക്യാമ്പ് കടുത്ത ആശങ്കയിലാണ്.വരും ദിവസങ്ങളില്‍ മറ്റു വാര്‍ഡുകളിലും പ്രചാരണം നടത്താനുള്ള ഒരുക്കത്തിലാണ് കൌണ്‍സിലര്‍മാര്‍.

അഴീക്കോട് മണ്ഡലത്തില്‍ യുഡിഎഫ് വിമത സ്ഥാനാര്‍ത്ഥി പി കെ രാഗേഷിനെ തളക്കാന്‍ യുഡിഎഫ് കൌണ്‍സിലര്‍മാര്‍ ഒന്നടങ്കം രംഗത്ത്. രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് മത്സരിച്ച് ജയിച്ച പഞ്ഞിക്കല്‍ വാര്‍ഡിലാണ് കൌണ്‍സിലര്‍മാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിക്കായി വോട്ട് ചോദിച്ചെത്തിയത്. നിര്‍ണായക പോരാട്ടം നടക്കുന്ന അഴീക്കോട് രാഗേഷിന് ലഭിക്കുന്ന വോട്ടുകള്‍ നിര്‍ണായകമായ സാഹചര്യത്തിലാണ് യുഡിഎഫിന്‍റെ പുതിയ തന്ത്രം.

ഈ കൌണ്‍സിലര്‍മാരെയെല്ലാം ദിവസങ്ങളോളം മുള്‍മുനയില്‍ നിര്‍ത്തിയ ആളാണ് യുഡിഎഫ് വിമതനായ പി കെ രാഗേഷ്. പ്രഥമ കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിമതനായി നിന്ന് ജയിച്ച രാഗേഷിന്‍റെ വോട്ടിലായിരുന്നു ഭരണം എല്‍ഡിഎഫ് പിടിച്ചത്. വീണ്ടും വിമതനായി രാഗേഷ് അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് യുഡിഎഫിനാണ്.

ഇതോടെ രാഗേഷിനെതിരെ പ്രചാരണവുമായി യുഡിഎഫിന്‍റെ 27 കൌണ്‍സിലര്‍മാരും ഒരേ മനസോടെ രംഗത്തിറങ്ങി. അതും രാഗേഷിന്‍റെ സ്വന്തം വാര്‍ഡില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിക്കായി കൌണ്‍സിലര്‍മാരുടെ പട തന്നെയിറങ്ങിയതില്‍ വോട്ടര്‍മാര്‍ക്കും അമ്പരപ്പ്. രാഗേഷിന്‍റെ സാന്നിധ്യമൊന്നും യുഡിഎഫിന്‍റെ വിജയ സാധ്യതയെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് കൌണ്‍സിലര്‍മാര്‍.

രാഗേഷ് പിടിക്കുന്ന ഓരോ വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി നികേഷ് കുമാറിനു സഹായകരമാകുമെന്നതിനാല്‍ യുഡിഎഫ് ക്യാമ്പ് കടുത്ത ആശങ്കയിലാണ്.വരും ദിവസങ്ങളില്‍ മറ്റു വാര്‍ഡുകളിലും പ്രചാരണം നടത്താനുള്ള ഒരുക്കത്തിലാണ് കൌണ്‍സിലര്‍മാര്‍.

TAGS :

Next Story