Quantcast

ജിഷ്ണു കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടിയുള്ള കൃഷ്ണദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി

MediaOne Logo

Muhsina

  • Published:

    15 April 2018 11:22 AM GMT

ജിഷ്ണു കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടിയുള്ള കൃഷ്ണദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
X

ജിഷ്ണു കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടിയുള്ള കൃഷ്ണദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി

ഷഹീര്‍ ഷൌക്കത്തലി കേസില്‍ നെഹ്റു കോളജ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഇളവില്ല. ഇളവ് തേടി കൃഷ്ണദാസ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. കേസിലെ വിചാരണ തീരും വരെ കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ നിലനില്‍ക്കും. ജിഷ്ണു പ്രണോയ് കേസില്‍ എന്തുകൊണ്ടാണ്..

ഷഹീര്‍ ഷൗക്കത്തലി കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. കേരളത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ കേസിലെ വിചാരണ തീരും വരെ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ജിഷ്ണു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി നടത്തിയ പരമാര്‍ശങ്ങള്‍ കോടതി നീക്കം ചെയ്തു. കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

പി കൃഷ്ണദാസ് പ്രതിയായ, ഒറ്റപ്പാലം നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. അസുഖ ബാധിതയായ അമ്മയെ സന്ദര്‍ശിക്കാന്‍, കേരളത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. ഇതിനായി അമ്മയുടെ ആരോഗ്യനില സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്ന മെഡിക്കല്‍ സ്ഥാപനം കൃഷ്ണദാസിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്നും അതിനാല്‍ വിശ്വാസയോഗ്യമല്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് വിചാരണ തീരും വരെ ജാമ്യവസ്ഥയില്‍ ഇളവില്ലെന്ന് കോടതി വ്യക്തമാക്കിയത്.

ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവേയാണ്, കേസുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതി നടത്തിയ പരമാര്‍ശങ്ങള്‍ സുപ്രിം കോടതി നീക്കം ചെയ്തത്. കേസില്‍ ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നതടക്കമുള്ള പരമാര്‍ശങ്ങള്‍ അനാവശ്യമെന്ന് പറഞ്ഞാണ് നീക്കം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐ അന്വേഷണത്തിന് യോഗ്യമാണെന്ന് പറയുമ്പോള്‍ സിബിഐക്ക് അവഗണിക്കാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണ വിഷയത്തില്‍ നാളെയും വാദം തുടരും.

TAGS :

Next Story