Quantcast

റേഷന്‍ വിഹിതം ലഭിക്കുന്ന കാര്‍ഡുകളുടെ മുന്‍ഗണനാ പട്ടികയായി

MediaOne Logo
റേഷന്‍ വിഹിതം  ലഭിക്കുന്ന കാര്‍ഡുകളുടെ മുന്‍ഗണനാ പട്ടികയായി
X

റേഷന്‍ വിഹിതം ലഭിക്കുന്ന കാര്‍ഡുകളുടെ മുന്‍ഗണനാ പട്ടികയായി

ഈ ലിസ്റ്റ് പ്രകാരം സംസ്ഥാനത്തെ 1.79 കോടി ജനങ്ങള്‍ സബ്സിഡി നിരക്കിലെ റേഷന്‍ വിഹിതത്തില്‍ നിന്നും പുറത്താകും

ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റേഷന്‍ വിഹിതം ലഭിക്കുന്ന മുന്‍ഗണന കാര്‍ഡുകളുടെ കരട് പട്ടിക സിവില്‍ സപ്ലൈസ് വകുപ്പ് പുറത്തിറക്കി. ഈ ലിസ്റ്റ് പ്രകാരം സംസ്ഥാനത്തെ 1.79 കോടി ജനങ്ങള്‍ സബ്സിഡി നിരക്കിലെ റേഷന്‍ വിഹിതത്തില്‍ നിന്നും പുറത്താകും. കാര്‍ഡ് സംബന്ധിച്ച പരാതികള്‍ ഈ മാസം 30 വരെ നല്‍കാവുന്നതാണ്.

എപിഎല്‍ - ബിപിഎല്‍ കാര്‍ഡുകള്‍ക്ക് പകരം മുന്‍ഗണന, മുന്‍ഗണന ഇതര കാര്‍ഡുകളാണ് ഇനിമുതലുണ്ടാവുക. റേഷന്‍ ആനുകൂല്യം ലഭിക്കുന്ന മുന്‍ഗണന കാര്‍ഡുകളുടെ ലിസ്റ്റ് സിവില്‍ സപ്ലൈസ് പുറത്തിറക്കി.

2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 46.36 ശതമാനം ജനങ്ങളെയാണ് മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം ഒരു കോടി 54 ലക്ഷം ജനങ്ങള്‍ക്ക് മാത്രമേ റേഷന്‍വിഹിതം ലഭിക്കൂ. 1.79 കോടി ജനങ്ങള്‍ റേഷന്‍ ആനുകൂല്യത്തിന് പുറത്താണ്. 20 വര്‍ഷം മുന്‍പുളള എഎവൈ കാര്‍ഡുടമകളെ മുന്‍ഗണനാ വിഭാഗത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാര്‍ഡുകള്‍ പുനപരിശോധിക്കാതെയാണ് നടപടിയെന്നും അനര്‍ഹര്‍ ലിസ്റ്റിലുണ്ടെന്നും റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നു.

14.45 ലക്ഷം മെട്രിക് ടണ്‍ അരിയാണ് സംസ്ഥാനത്തിന് ലഭിക്കുക. ഇതില്‍ 10.25 മെട്രിക് ടണ്‍ അരി മുന്‍ഗണനാ കാര്‍ഡുടമകള്‍ക്കുളള വിഹിതമാണ്. ബാക്കി വരുന്ന ഭക്ഷ്യധാന്യം മാത്രമേ മുന്‍ഗണനാ ഇതര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കൂ. ഈ കാര്‍ഡ് ഉടമകള്‍ക്ക് ഏത് വിലയ്ക്ക് ഭക്ഷ്യധാന്യം നല്‍കണമെന്ന കാര്യത്തില്‍ സംസ്ഥാനം തീരുമാനമെടുത്തിട്ടില്ല.

TAGS :

Next Story