Quantcast

ഉപചാരം ചൊല്ലി പിരിഞ്ഞു; പൂരത്തിന് സമാപനം

MediaOne Logo

Khasida

  • Published:

    30 April 2018 9:47 PM GMT

ഉപചാരം ചൊല്ലി പിരിഞ്ഞു; പൂരത്തിന് സമാപനം
X

ഉപചാരം ചൊല്ലി പിരിഞ്ഞു; പൂരത്തിന് സമാപനം

സമാപന ദിനത്തിലെ പകൽപ്പൂരത്തെ തൃശൂർക്കാർ ആവേശത്തോടെ ഏറ്റെടുത്തു

തൃശ്ശൂർ പൂരത്തിന് സമാപനം. പാറമ്മേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ പകൽപ്പൂരത്തിന് ശേഷം ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഇത്തവണത്തെ പൂരത്തിന് പരിസമാപ്തിയായത്.

തൃശൂർ ദേശക്കാരുടെ പുരമെന്നറിയപ്പെടുന്ന സമാപന ദിനത്തിലെ പകൽപ്പൂരത്തെ തൃശൂർക്കാർ ആവേശത്തോടെ ഏറ്റെടുത്തു. പാറമേക്കാവ്‌ വിഭാഗം മണികണ്ഠനാലിൽ നിന്നും തിരുവമ്പാടി വിഭാഗം നായ്ക്കനാലിൽ നിന്നും രാവിലെ എട്ടു മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിലേക്ക് എഴുന്നള്ളിയെത്തി. തുടർന്ന് പൂര ദിനത്തിന്റെ ആവർത്തനം പോലെ ഇരു വിഭാഗത്തിന്റെയും പാണ്ടിമേളവും കുടമാറ്റവും അരങ്ങേറി. പന്ത്രണ്ട്‌ മണിയോടെ ശ്രീ മൂല സ്ഥാനത്തേക്ക് പ്രവേശിച്ച് ഇരു വിഭാഗവും പരസ്പരം ഉപചാരം ചൊല്ലി. തുടർന്ന് പകൽ വെടിക്കെട്ടും നടന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകൾക്ക് സമാപനമായി.

ഇന്നലെ നടന്ന തൃശൂർ പൂരം വെടിക്കെട്ട്ആകാശത്ത് വർണ കാഴ്ചകളൊരുക്കി. കേന്ദ്ര എക്സ്പ്ലോസിവ് വിഭാഗത്തിന്റെ കടുത്ത നിയന്ത്രണത്തിലായിരുന്നു ഇത്തവണ വെടിക്കെട്ട് നടന്നത്.

വെടിക്കെട്ടിന് തിരി കൊളുത്തിയത് തിരുവമ്പാടി. പിന്നാലെ പാറമേക്കാവിന്റെ വെടിക്കോപ്പുകൾ വായുവിലുയർന്നു. അനുമതിക്ക് ശേഷമുണ്ടായ ചെറിയ കാലയളവൊന്നും വെടിക്കെട്ടിൽ പ്രതിഫലിച്ചില്ല. അമിട്ടും കുഴിമിന്നലും കൊണ്ട് കാത്ത് നിന്നവരെ ത്രസിപ്പിക്കാൻ ഇരു വിഭാഗത്തിനുമായി. വെടിക്കെട്ട് നിരീക്ഷിക്കാൻ എക്സ്പ്ലോസീവ് വിഭാഗം എത്തിയതോടെ കടുത്ത നിയന്ത്രണങ്ങൾക്കും സുരക്ഷക്കും ഇടയിലായിരുന്നു വെടിക്കോപ്പുകൾ പൊട്ടി തീർന്നത്.

TAGS :

Next Story