Quantcast

മേഴ്സിക്കുട്ടിയമ്മക്ക് ധീവരസഭാ വേദിയില്‍ വിലക്ക്; സിപിഎം എംഎല്‍എ പങ്കെടുത്തു

MediaOne Logo

Sithara

  • Published:

    1 May 2018 12:25 AM GMT

ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ധീവരസഭയുടെ മത്സ്യത്തൊഴിലാളി സംഗമത്തില്‍ സിപിഎം എംഎല്‍എ എ എം ആരിഫ് പങ്കെടുത്തു.

ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ധീവരസഭയുടെ മത്സ്യത്തൊഴിലാളി സംഗമത്തില്‍ സിപിഎം എംഎല്‍എ എ എം ആരിഫ് പങ്കെടുത്തു. ആരിഫിനെ വേദിയിലിരുത്തി പിണറായി വിജയനും തോമസ് ഐസകിനും മെഴ്സിക്കുട്ടിയമ്മയ്ക്കുമെതിരെ സഭ ജനറല്‍ സെക്രട്ടറി വി ദിനകരന്‍ രൂക്ഷവിമര്‍ശം ഉന്നയിച്ചു. തനിക്ക് വോട്ട് ചെയ്യരുതെന്ന വി ദിനകരന്‍ സര്‍ക്കുലര്‍ ഇറക്കിയപ്പോഴും ധീവര സമുദായാംഗങ്ങള്‍ വോട്ടു ചെയ്തതെന്ന് എ എം ആരിഫ് പ്രസംഗത്തില്‍ മറുപടി നല്‍കി.

ആലപ്പുഴ കടപ്പുറത്ത് വിളിച്ചു ചേര്‍ത്ത മത്സ്യത്തൊഴിലാളി സംഗമത്തില്‍ ജെ മേഴ്സിക്കുട്ടിയമ്മയെ പങ്കെടുപ്പിക്കില്ലെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി ദിനകരന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ മന്ത്രിയെ ബഹിഷ്കരിച്ച സംഘടനയുടെ ക്ഷണം സ്വീകരിച്ച് സിപിഎം നേതാവു കൂടിയായ എ എം ആരിഫ് എംഎല്‍എ മത്സ്യത്തൊഴിലാളി സംഗമ വേദിയിലെത്തി. ആരിഫ് വേദിയിലിരിക്കെത്തന്നെ സിപിഎം നേതാക്കള്‍ക്കെതിരെ വി ദിനകരന്‍ രൂക്ഷവിമര്‍ശമുന്നയിച്ചു.

മേഴ്സിക്കുട്ടിയമ്മയ്ക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യമന്ത്രി തോമസ് ഐസക് എന്നിവരെയാണ് ദിനകരന്‍ കാര്യമായി വിമര്‍ശിച്ചത്. മന്ത്രി എസ് ശര്‍മയെയും സംഗമത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും ശര്‍‍മ എത്തിയില്ല. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും സംഗമത്തിനുള്ള ക്ഷണം സ്വീകരിക്കാതിരുന്നത് അവഗണനയല്ലെന്ന് പറഞ്ഞ എ എം ആരിഫ് പക്ഷേ മേഴ്സിക്കുട്ടിയമ്മയുടെ കാര്യത്തില്‍ മറുപടി പറഞ്ഞില്ല.

രാഷ്ട്രീയ വിഷയങ്ങളിലും മറുപടി പറഞ്ഞ എ എം ആരിഫ് വിളിച്ചു വരുത്തി ആക്ഷേപിക്കരുതെന്ന് ദിനകരനോട് പറഞ്ഞാണ് വേദി വിട്ടത്. നോട്ടീസില്‍ പേരില്ലാതിരുന്നിട്ടും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പരിപാടിക്കെത്തിയതും ശ്രദ്ധേയമായി.

TAGS :

Next Story