Quantcast

സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള മത്സ്യബന്ധനം വ്യാപകം

MediaOne Logo

Muhsina

  • Published:

    3 May 2018 2:13 AM GMT

സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള മത്സ്യബന്ധനം വ്യാപകം
X

സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള മത്സ്യബന്ധനം വ്യാപകം

ജുവനൈല്‍ ഫിഷിങ് ആക്ട് ലംഘിച്ച് ചെറുമത്സ്യങ്ങളെ കൂട്ടത്തോടെ പിടിക്കുന്നതായി ഫിഷറീസ് വകുപ്പ് കണ്ടെത്തി

സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള മത്സ്യബന്ധനം വ്യാപകം. ജുവനൈല്‍ ഫിഷിങ് ആക്ട് ലംഘിച്ച് ചെറുമത്സ്യങ്ങളെ കൂട്ടത്തോടെ പിടിക്കുന്നതായി ഫിഷറീസ് വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയില്‍ മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിയമം ലംഘിച്ചതിന് 15 ബോട്ടുകളാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തത്. ഫിറ്റ്നസും ലൈസന്സും ഇല്ലാത്ത ബോട്ടുകളുപയോഗിച്ചുള്ള മത്സ്യബന്ധനവും കൂടിയെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. കേരളതീരത്ത് ഓരോ വര്‍ഷവും പതിനഞ്ച് ശതമാനത്തോളം മത്സ്യത്തിന്റെ കുറവുണ്ടാകുന്നുവെന്നാണ് കണക്ക്. അശാസ്ത്രീയയവും അനിയന്ത്രിതവുമായ മത്സ്യ ബന്ധനമാണ് ഇതിനുള്ള കാരണം.

2015 ലെ ജുവനൈല്‍ ഫിഷിങ് ആക്ട് പ്രകാരം വളര്‍ച്ചയെത്താത്ത മത്സ്യങ്ങളെ പിടിക്കുന്നത് നിയമവിരുദ്ധമാണ്. ഒപ്പം 12 നോട്ടിക്കല്‍ മൈല്‍ അഥവാ 22 കിലോമീറ്റര്‍ അകലെ വരെ മാത്രമാണ് മത്സയബന്ധനം നടത്താന്‍ അനുമതിയുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജില്ലയില്‍ മാത്രം 142 ബോട്ടുകളാണ് വിവിധ നിയമങ്ങള്‍ ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന്റെ പേരില്‍ പിടിയിലായത്.

നിലവിലെ കേരള മറൈന്‍ ഫിഷിങ് റെഗുലേറ്റിങ് ആക്ട് മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുന്നതില്‍ കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിലവില്‍ 14 മത്സ്യങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം 44 എണ്ണത്തിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

അതേസമയം കടലില്‍ നിന്നും ചെറുമല്‍സ്യങ്ങളെ പിടിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ വിജ്ഞാപനമിറക്കുമെന്നും മേഴ്സിക്കുട്ടിയമ്മ മീഡിയാവണിനോട് പറഞ്ഞു.

TAGS :

Next Story