Quantcast

ചെങ്ങറ പുനരധിവാസ മേഖലയിലെ ദുരിതം തുടരുന്നു

MediaOne Logo

Sithara

  • Published:

    4 May 2018 3:42 AM GMT

ചെങ്ങറ പുനരധിവാസ മേഖലയിലെ ദുരിതം തുടരുന്നു
X

ചെങ്ങറ പുനരധിവാസ മേഖലയിലെ ദുരിതം തുടരുന്നു

ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച പ്രത്യേക പാക്കേജും കടലാസില്‍ ഒതുങ്ങിയതോടെ കണ്ണൂരിലെ പുനരധിവാസ മേഖലയിലെ ഭൂരിഭാഗം കുടുംബങ്ങളും ഭൂമി ഉപേക്ഷിച്ച് സ്വദേശത്തേക്ക് മടങ്ങി

ഏഴ് വര്‍ഷം പിന്നിട്ടിട്ടും ചെങ്ങറ പുനരധിവാസ മേഖലയിലെ ദുരിതം അവസാനിക്കുന്നില്ല. ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച പ്രത്യേക പാക്കേജും കടലാസില്‍ ഒതുങ്ങിയതോടെ കണ്ണൂര്‍ ഒടുവളളി പുനരധിവാസ മേഖലയിലെ ഭൂരിഭാഗം കുടുംബങ്ങളും ഭൂമി ഉപേക്ഷിച്ച് സ്വദേശത്തേക്ക് മടങ്ങി. ബാക്കിയുളളവരാകട്ടെ അതിനുളള തയ്യാറെടുപ്പിലുമാണ്.

2010ലാണ് ചെങ്ങറ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒടുവളളിയില്‍ 21 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അര ഏക്കര്‍ വീതം ഭൂമി പതിച്ച് നല്‍കിയത്. ചെങ്കല്‍പ്പാറകള്‍ മാത്രമുളള ഈ ഭൂമിയിലേക്ക് ഏറെ പ്രതീക്ഷകളുമായി എത്തിയ ഇവര്‍ക്ക് മുന്നില്‍ വാഗ്ദാനങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ടായിരുന്നു. ആ വാഗ്ദാനങ്ങളൊന്നും പക്ഷെ നടപ്പിലായില്ല. വീട് നിര്‍മിക്കാനായി ഒരു കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചെങ്കിലും ആ തുകക്ക് വീട് പൂര്‍ത്തിയാക്കാനായില്ല. ചിലര്‍ കയ്യിലുളളതും കടം വാങ്ങിയതുമായി വീടിന് മേല്‍ക്കൂര കെട്ടി. മറ്റ് ചിലര്‍ ഇന്നും പ്ലാസ്റ്റിക്കും ഓലയും വലിച്ച് കെട്ടിയ ഷെഡ്ഡുകളില്‍ അന്തിയുറങ്ങുന്നു.

ഒരു പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കാന്‍ പണം അനുവദിച്ച പശ്ചാത്തലത്തില്‍ വീണ്ടും ഇതേ ആവശ്യത്തിന് തുക അനുവദിക്കാനാവില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട്. ഇതോടെ ഭൂമി ലഭിച്ച പലരും സ്വന്തം നാടുകളിലേക്ക് തന്നെ മടങ്ങി. മറ്റുളളവരാകട്ടെ അതിനുളള തയ്യാറെടുപ്പിലുമാണ്. 2015ല്‍ ജില്ലാ ഭരണകൂടം ഇവര്‍ക്കായി ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും അതും കടലാസിലൊതുങ്ങി. ഇതോടെ ഈ വാഗ്ദത്ത ഭൂമിയില്‍ ഇനി എത്രകാലം എന്ന ചോദ്യം മാത്രമാണ് ഇവരുടെ മുന്നില്‍ ബാക്കിയുളളത്.

TAGS :

Next Story