Quantcast

മൂന്നാര്‍ ഭൂപ്രശ്നം: സിപിഎമ്മില്‍ ആഭ്യന്തര തര്‍ക്കത്തിന് തു‍ടക്കം

MediaOne Logo

Muhsina

  • Published:

    5 May 2018 3:35 AM GMT

മൂന്നാര്‍ ഭൂപ്രശ്നം: സിപിഎമ്മില്‍ ആഭ്യന്തര തര്‍ക്കത്തിന് തു‍ടക്കം
X

മൂന്നാര്‍ ഭൂപ്രശ്നം: സിപിഎമ്മില്‍ ആഭ്യന്തര തര്‍ക്കത്തിന് തു‍ടക്കം

പാര്‍ട്ടി എംഎല്‍എയെ ഭൂമാഫിയയുടെ ആളെന്ന് വിളിച്ച വിഎസ് അച്യുതാന്ദന്‍ ഇടുക്കി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നത്..

മൂന്നാറിലെ ഭൂപ്രശ്നം സിപിഎമ്മിനുള്ളില്‍ വീണ്ടും ആഭ്യന്തര തര്‍ക്കത്തിന് വഴിതുറക്കുന്നു. പാര്‍ട്ടി എംഎല്‍എയെ ഭൂമാഫിയയുടെ ആളെന്ന് വിളിച്ച വിഎസ് അച്യുതാന്ദന്‍ ഇടുക്കി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നത് ഒരിടവേളക്ക് ശേഷം പാര്‍ട്ടിയും വിഎസും തമ്മിലെ പോരിനിടയാക്കും. മുഖ്യമന്ത്രി പിണറായിക്ക് നേരെയുള്ള ഒളിയന്പുകള്‍ കൂടിയാണ് വിഎസിന്റെ നീക്കങ്ങള്‍.

കയ്യേറ്റങ്ങള്‍ക്കെതിരെ സബ്കളക്ടര്‍ ശ്രീറാം ശ്രീനിവാസന്‍ സ്വീകരിച്ച ശക്തമായ നടപടികളാണ് മൂന്നാറിനെ കേന്ദ്രീകരിച്ച രാഷ്ട്രീയവിവാദങ്ങള്‍ക്ക് വീണ്ടും തിരികൊളുത്തിയത്. സബ് കളക്ടര്‍ക്കെതിരെ സിപിഎം ജില്ലാ നേതൃത്വവും എംഎല്‍എ രാജേന്ദ്രനും രംഗത്തുവന്നപ്പോള്‍ എല്ലാ കണ്ണുകളും വിഎസിലേക്കായി. രാജേന്ദ്രന്റേത് കയ്യേറ്റ ഭൂമിയെന്ന ആരോപണം പിണറായി വിജയന്‍ തള്ളിയപ്പോള്‍ അയാള്‍ ഭൂമാഫിയയുടെ ആളാണെന്നായിരുന്നു വിഎസിന്റെ പ്രതികരണം. പാര്‍ട്ടി രാജേന്ദ്രനെതിരെ നടപടിയെടുക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. തന്റെ ഭരണകാലത്തെ മൂന്നാര്‍ ദൌത്യം ഓര്‍മ്മിപ്പിച്ച വിഎസ് പാര്‍ട്ടിയെത്തന്നെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു.

വന്‍കിട കയ്യേറ്റങ്ങള്‍ തിരിച്ചുപിടിച്ച് പൊതുസ്വീകാര്യത നേടിയ വിഎസിന്റെ ഓപറേഷന്‍ പാര്‍ട്ടി കെട്ടിടങ്ങളില്‍ കൈവെച്ചതോടെ സിപിഎം തന്നെ ഇടപെട്ട് ദൌത്യം അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോഴത്തെ വൈദ്യുതി മന്ത്രി എംഎം മണിയുള്‍പ്പെടെയുള്ളവര്‍ വിഎസിന്റെ ശത്രുപക്ഷത്തുമായി. വേണ്ടിവന്നാല്‍ മൂന്നാറില്‍ പോകുമെന്നാണ് ഇപ്പോള്‍ വിഎസിന്റെ പ്രഖ്യാപനം.

മൂന്നാറിലെ അനധികൃത കെട്ടിടനിര്‍മാണം നിയന്ത്രിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലും ശക്തമാണ്. അതിനാല്‍ വിഎസിനെതിരെ സംസ്ഥാന നേതാക്കള്‍ പരസ്യമായി രംഗത്തുവരാന്‍ ഇടയില്ല. പാര്‍ട്ടി ഇടുക്കി നേതൃത്വത്തിന്റെ നിലപാടിനൊപ്പം നില്‍ക്കുന്ന പിണറായിക്ക് വിഎസിന്റെ നീക്കങ്ങള്‍ പുതിയ തലവേദനയാവും. തുടരെത്തുടരെയുള്ള വിവാദങ്ങളില്‍ പ്രതിരോധത്തിലായിരിക്കുന്ന പിണറായി സര്‍ക്കാരിന് മൂന്നാര്‍ മറ്റൊരു വെല്ലുവിളിയാവുമെന്ന് ഉറപ്പാണ്.

TAGS :

Next Story