കെഎഫ്ഡിസിയിലെ ആശ്രിത നിയമനത്തിനെതിരെ സിഐടിയു
വനം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ബന്ധുവിനെയാണ് ചട്ടവിരുദ്ധമായി കെഎഫ്ഡിസി മാനേജിങ് ഡയറക്ടറായി നിയമിച്ചത്.
വനം വികസന കോര്‍പറേഷനിലെ എം ഡി നിയമനത്തിനെതിരെ സിഐടിയു രംഗത്ത്. ചട്ടവിരുദ്ധമായ നിയമനത്തിനെതിരെ സിഐടിയു ഹൈക്കോടതിയെ സമീപിക്കും. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും തെറ്റായ നിയമനവുമായി വനം വകുപ്പ് മുന്നോട്ടുപോയ സാഹചര്യത്തിലാണ് സിഐടിയു തീരുമാനം. കെഎഫ്ഡിസിയിലെ ചട്ടവിരുദ്ധ നിയമനം മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.
വനം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ബന്ധുവിനെയാണ് ചട്ടവിരുദ്ധമായി കെഎഫ്ഡിസി മാനേജിങ് ഡയറക്ടറായി നിയമിച്ചത്. ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് പകരം ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഗ്രേഡിലുള്ള പി ആര്‍ സുരേഷിനെ എം ഡിയായി നിയമിച്ചു. ഇതിനെതിരെ ഈ മാസം 17ന് കെ എഫ് ഡി സിയിലെ സിഐടിയു നേതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി പരാതി വനം സെക്രട്ടറിക്ക് അയച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ എം ഡി നിയമനത്തിന് ഔദ്യോഗിക ഉത്തരവ് പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് ചട്ടവിരുദ്ധമായ നിയമനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജീവനക്കാര്‍ തയ്യാറായത്.
നാളെത്തന്നെ ഹൈക്കോടതിയില്‍ ഹരജി നല്‍കും. മതിയായ യോഗ്യതയില്ലാത്തയാള്‍ എംഡിയായി വരുന്നത് കോര്‍പറേഷന്റെ പ്രവര്‍ത്തനം താളം തെറ്റിക്കുമെന്നാണ് ജീവനക്കാരുടെ പരാതി. വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കേണ്ടി വരും. കെഎഫ്ഡിസി സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാതെയുള്ള നിയമനം കോടതി റദ്ദാക്കിയാല്‍ സര്‍ക്കാരിനും സിപിഐ ഭരിക്കുന്ന വനംവകുപ്പിനും അത് കനത്ത തിരിച്ചടിയാവും.
Adjust Story Font
16

