Quantcast

സര്‍ക്കാരിന്റെ വാഗ്ദാനത്തിന് പഴക്കമേറെ; കൊമ്മഞ്ചേരിയിലെ കുടുംബങ്ങള്‍ കാട്ടില്‍ തന്നെ

MediaOne Logo

admin

  • Published:

    13 May 2018 4:45 AM GMT

സര്‍ക്കാരിന്റെ വാഗ്ദാനത്തിന് പഴക്കമേറെ; കൊമ്മഞ്ചേരിയിലെ കുടുംബങ്ങള്‍ കാട്ടില്‍ തന്നെ
X

സര്‍ക്കാരിന്റെ വാഗ്ദാനത്തിന് പഴക്കമേറെ; കൊമ്മഞ്ചേരിയിലെ കുടുംബങ്ങള്‍ കാട്ടില്‍ തന്നെ

കൊമ്മഞ്ചേരിയിലെ കുടുംബങ്ങളെ കാടിനു പുറത്തെത്തിയ്ക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന് പഴക്കം ഏറെയുണ്ട്

ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് ദുരിത ജീവിതം നയിക്കുകയാണ് വയനാട് ബത്തേരി കൊമ്മഞ്ചേരി കോളനിയിലെ സോമന്‍ മാരന്‍. നോക്കാന്‍ ആളില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോലും പോകാന്‍ സാധിയ്ക്കാത്ത അവസ്ഥയാണ്.

ഒരു വര്‍ഷം മുമ്പാണ് സോമന്റെ ശരീരത്തില്‍ തളര്‍ച്ച അനുഭവപ്പെട്ടത്. പിന്നീട്, ഒരു ഭാഗം പൂര്‍ണമായും ശേഷി നിലച്ച അവസ്ഥയിലായി. വടി കുത്തി വീടിനു പുറത്തിറങ്ങാന്‍ മാത്രമാണ് ഇപ്പോള്‍ സാധിയ്ക്കുന്നത്. അധികം സംസാരമില്ല. കുറച്ചു മുന്‍പ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകാനായിരുന്നു നിര്‍ദേശം. എന്നാല്‍, കൂടെ നില്‍ക്കാന്‍ ആളില്ലാത്തതിനാല്‍ തിരികെ കോളനിയിലേയ്ക്കു തന്നെ കൊണ്ടുവന്നു. കൂലിപ്പണിയെടുത്ത് ജീവിതം മുമ്പോട്ടുകൊണ്ടുപോയിരുന്ന സോമന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഒറ്റമുറി കുടിലില്‍ കഴിയുകയാണ്.

വനാന്തര്‍ഭാഗത്തുള്ള കോളനിയിലുള്ള മറ്റു വീട്ടുകാര്‍ എത്തിയ്ക്കുന്ന ഭക്ഷണമാണ് നാല്‍പത്തി അഞ്ചുകാരനായ സോമന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ആരും ഇല്ലാത്ത അവസ്ഥ. വന്യമൃഗങ്ങള്‍ ഏറെയുള്ളതിനാല്‍ രാത്രികാലങ്ങളില്‍ അസുഖം കൂടിയാലും പുറത്തെത്തിയ്ക്കാന്‍ സാധിയ്ക്കില്ല.

പക്ഷേ, മാറ്റിപ്പാര്‍പ്പിയ്ക്കല്‍ എന്ന പഴകിയ വാഗ്ദാനത്തില്‍ ഇപ്പോഴും പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സോമന്‍ അടക്കമുള്ള കൊമ്മഞ്ചേരി കാട്ടുനായ്ക കോളനിയിലുള്ളവര്‍. മഴ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍, ഭീതി നിറഞ്ഞ കണ്ണുകളാണ് കോളനിയിലെ കുടിലുകളില്‍ കാണുന്നത്. എന്നെങ്കിലും ഒരു നല്ല ജീവിതം ഞങ്ങള്‍ക്കുണ്ടാകുമെന്ന പ്രതീക്ഷയും ഈ കണ്ണുകളിലുണ്ട്.

വയനാട് വന്യജീവി സങ്കേതത്തിനകത്താണ് കൊമ്മഞ്ചേരി കോളനി. പ്രധാന റോഡില്‍ നിന്നും കാട്ടുപാതയിലൂടെ മൂന്നു കിലോമീറ്ററോളം യാത്രചെയ്യണം ഇവിടെയെത്താന്‍. ആറു കുടുംബങ്ങളിലായി 21 പേര്‍. ഇതില്‍ രണ്ടു കുടുംബങ്ങള്‍ കൂലിപ്പണിയ്ക്കായി മറ്റൊരിടത്തേയ്ക്ക് താമസം മാറി. പ്രായമായവരും കുട്ടികളും അടങ്ങുന്ന നാലുകുടുംബങ്ങള്‍ ഇപ്പോഴും വനത്തിനകത്ത്. പുനരധിവാസ പദ്ധതികള്‍ ഏറെ നടപ്പാക്കപ്പെട്ടെങ്കിലും ഒന്നും ഇവരിലേയ്ക്ക് എത്തിയില്ല. കൂലിപ്പണിയാണ് പ്രധാന വരുമാനം. വല്ലപ്പോഴും ലഭിയ്ക്കുന്ന അരി കൊണ്ടാണ് ജീവിതം നിലനിര്‍ത്തിപ്പോകുന്നത്. 2013ല്‍ ഈ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിയ്ക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, നടപ്പായില്ല. കാട്ടാനയും കടുവയും നരിയും കരടിയുമെല്ലാം ഈ കോളനിയിലെ നിത്യസന്ദര്‍ശകരാണ്.

അസുഖം വന്നാല്‍ പോലും പുറംലോകത്തെത്തിയ്ക്കാന്‍ ദിവസങ്ങളെടുക്കും. ട്രൈബല്‍ പ്രമോട്ടര്‍ ആരെന്നു പോലും ഇവര്‍ക്കറിയില്ല. പ്രാക്തന ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കാട്ടുനായ്ക വിഭാഗക്കാര്‍ക്കായി കേന്ദ്രസര്‍ക്കാറിന്റെതടക്കം പദ്ധതികള്‍ ഏറെയുണ്ട്. എന്നാല്‍, ഇവരുടെ ദുരിത ജീവിതത്തിന് ഇനിയും പരിഹാരമുണ്ടായിട്ടില്ല. കൊമ്മഞ്ചേരിയിലെ കുടുംബങ്ങളെ കാടിനു പുറത്തെത്തിയ്ക്കാമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന് പഴക്കം ഏറെയുണ്ട്. സോമനടക്കമുള്ളവര്‍ ഇതും പ്രതീക്ഷിച്ചാണ് കോളനിയില്‍ കഴിയുന്നത്.

TAGS :

Next Story