Quantcast

ലീഗിന്‍റെ ഉറച്ച കോട്ടയായി മഞ്ചേരി; വിള്ളല്‍ വീഴ്ത്തുമെന്ന് എല്‍ഡിഎഫ്

MediaOne Logo

Sithara

  • Published:

    22 May 2018 12:01 AM GMT

ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷമാണ് മഞ്ചേരി നിയമസഭാ മണ്ഡലം യുഡിഎഫിന് നല്‍കിയിട്ടുള്ളത്.

മലപ്പുറത്ത് മുസ്ലീം ലീഗിന്‍റെ കരുത്തുറ്റ കോട്ടയാണ് മഞ്ചേരി നിയമസഭാ മണ്ഡലം. ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷമാണ് മഞ്ചേരി നിയമസഭാ മണ്ഡലം യുഡിഎഫിന് നല്‍കിയിട്ടുള്ളത്. ഇക്കുറി യുഡിഎഫ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി.

അക്ഷരാര്‍ഥത്തില്‍ പച്ച പുതച്ച മണ്ഡലം. അതാണ് മഞ്ചേരി. ഇടത് തരംഗം സംസ്ഥാനമാകെ വീശിയടിച്ച നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പോലും മുസ്ലീം ലീഗിനൊപ്പം ഉറച്ച് നിന്ന മഞ്ചേരിയില്‍ ഇക്കുറിയും മാറ്റമൊന്നുമുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. 1977 മുതലുള്ള ചരിത്രമെടുത്താല്‍ ലീഗിന്‍റെ പടയോട്ടത്തിന് ആരും തടയിട്ടിട്ടില്ലെന്നതാണ് വസ്തുത. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ എം ഉമ്മര്‍ ഇവിടെ നിന്നും ജയിച്ച് കയറിയത് 29079 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ഭൂരിപക്ഷം 26062 ആയി. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 19616 ആയി ചുരുങ്ങി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് തന്നെയായിരുന്നു മുന്നേറ്റം.

മഞ്ചേരി നഗരസഭയിലും പാണ്ടിക്കാട്, കീഴാറ്റൂര്‍, തൃക്കലങ്ങോട് പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം പിടിച്ചു. ലീഗും കോണ്‍ഗ്രസും തമ്മിലടിച്ച എടപ്പറ്റ പഞ്ചായത്തില്‍ ലീഗ് ഭരിക്കുന്നത് സിപിഎം പിന്തുണയോടെയാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 10656 വോട്ട് മഞ്ചേരിയില്‍ പിടിച്ചെങ്കിലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 6319 ആയി കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11223 വോട്ട് നേടിയ ബിജെപി ഇക്കുറി കരുത്ത് കാട്ടാമെന്ന പ്രതീക്ഷയിലാണ്.

TAGS :

Next Story