Quantcast

സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു‌

MediaOne Logo

Khasida

  • Published:

    24 May 2018 12:52 PM GMT

സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു‌
X

സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയിലേക്ക് ഒഴുകുന്നു‌

പ്രതിമാസം മറിച്ചുവില്‍ക്കുന്നത് ഇരുപത് ലക്ഷം കിലോ അരി

ഒരു വില്ലേജിലെ അഞ്ച് റേഷന്‍കടകളില്‍ നിന്ന് മാത്രം പ്രതിമാസം 8000 കിലോ അരി മറിച്ച് വില്ക്കുന്നതായി പഠന റിപ്പോര്‍ട്ട്. സബ്സിഡി നിരക്കില്‍ സാധാരണകാര്‍ക്ക് വിതരണം ചെയ്യേണ്ട 7000 കിലോ ഗോതമ്പും,116 ലിറ്റര്‍ മണ്ണെണ്ണയും കരിഞ്ചന്തയിലേക്ക് ഒഴുകുന്നതായും കണ്ടത്തി. തൃശ്ശൂര്‍ ചെങ്ങാലൂര്‍ വില്ലേജില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ ഇരുപത് ലക്ഷം കിലോ അരിയെങ്കിലും സംസ്ഥാനത്തെ റേഷന്‍ കടകളില്‍ നിന്ന് പ്രതിമാസം കരിഞ്ചന്തയിലെത്തുന്നതായും വിലയിരുത്തപ്പെടുന്നു.

അഞ്ച് റേഷന്‍കടകളും 2844 റേഷന്‍ കാര്‍ഡുടമകളുമുള്ള ചെങ്ങാലൂര്‍ വില്ലേജിലെ ജൂലൈ മാസത്തെ ആകെ റേഷന്‍ വിഹിതം എത്ര പേര്‍ക്ക് ലഭ്യമായി എന്ന സര്‍വെയും പഠനവുമാണ് നടത്തിയത്. ഇതില്‍ നിന്നും ബിപിഎല്‍ വിഭാഗത്തിന് സൌജന്യമായി ലഭിക്കണ്ട അരിയില്‍ 2742 കിലോയും എപിഎല്‍ സബ്സിഡിക്കാര്ക്ക് 2047 കിലോയും എപിഎല്‍ വിഭാഗത്തിന് 1600 കിലോയും ഏറ്റവും അവശതയനുഭവിക്കുന്ന അന്ത്യോദയ അന്നയോജന വിഭാഗക്കാര്‍ക്കുള്ള 1920 കിലോയുമടക്കം 8305 കിലോ അരി റേഷന്‍ കടകളില്‍ നിന്ന് യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കാതെ കരിഞ്ചന്തയിലേക്കൊഴുകുന്നതായി വ്യക്തമായി. ബിപിഎല്‍ വിഭാഗത്തിനുള്ള 3393 കിലോ ഗോതമ്പടക്കം 7016 കിലോ ഗോതമ്പും 106 ലിറ്റര്‍ മണ്ണെണ്ണയും സാധാരണക്കാര്‍ക്ക് നഷ്ടമാകുന്നതായും കണ്ടെത്തി. സംസ്ഥാനത്ത് 60 ശതമാനത്തിലധികം റേഷന് സാധനങ്ങളും ഇത്തരത്തില്‍ നഷ്ടമാകുന്നതായി ചെങ്ങാലൂര്‍ പഠനം വ്യക്തമാക്കുന്നു.

യഥാര്‍ഥ റേഷന്‍ വിഹിതം ഗുണഭോക്താക്കളില്‍ നിന്ന് മറച്ചുവെച്ചാണ് മിക്ക റേഷന്‍ വ്യാപാരികളും തട്ടിപ്പ് നടത്തുന്നത്. ഭൂരിപക്ഷം വ്യാപാരികളും ബില്ലും നല്കുന്നില്ല. ബിപിഎല്‍കാര്‍ക്ക് പ്രതിമാസം വിതരണം ചെയ്യേണ്ട 25 കിലോ അരിയില്‍ 20 കിലോ മാത്രം നല്കിയാണ് വ്യാപക തട്ടിപ്പ്. റേഷന്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായും ആക്ഷേപമുണ്ട്.

ചെങ്ങാലൂരിലെ ഐനിക്കല് തങ്കപ്പന്റെ പ്രധാന ആശ്രയം നാട്ടിലെ റേഷന്‍കടയാണ്. അവശതയനുഭവിക്കുന്നതും പ്രത്യേക പരിഗണന അര്‍ഹിക്കുന്നതുമായ വിഭാഗത്തില്‍പെട്ട എഎവൈ കാര്‍ഡിന്റെ ഉടമയാണ് ഈ 65കാരന്‍. നിയമപ്രകാരം 35 കിലോ അരി സൌജന്യമായി കിട്ടണം. ഈ അടുത്ത കാലം വരെ കിട്ടിയിരുന്നതാകട്ടെ നാല് തവണയായി 20 കിലൊ അരി മാത്രം. ബിപിഎല്‍ കാര്ക്ക് 25 കിലൊ അരി സൌജന്യമായി കിട്ടണം. എട്ട് കിലോ അരി 2 രൂപ നിരക്കിലാണ് എപിഎല്‍ സബ്സിഡിക്കാരുടെ കോട്ട. എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമുണ്ട് 8 രൂപ നിരക്കില്‍ 8 കിലോ അരി, പക്ഷെ ഇതൊന്നും ഗുണഭോക്താക്കള്‍ അറിയാറില്ല.

റേഷന്‍ വിഹിതം സിവില് സപ്ലൈസ് വെബ്സൈറ്റ് വഴി പ്രസിദ്ധീകരിച്ചിട്ടും, തദ്ദേശ സ്ഥാപനങ്ങള് വഴി അറിയിപ്പ് നല്കിയിട്ടും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ഇടപെടുന്നില്ല. ഉദ്യോഗസ്ഥരും കണ്ണടയ്ക്കുന്നതോടെ പരസ്യമായ ഈ തട്ടിപ്പ് തുടരുകയും ചെയ്യുന്നു.

റേഷന് സംരക്ഷണ കൂട്ടായ്മയുണ്ടാക്കി റേഷന്‍ ചോര്‍ച്ച തടയുവാനുള്ള ശ്രമത്തിലാണ് ചെങ്ങാലൂരിലെ പരിഷത്ത് പ്രവര്‍ത്തകര്‍.

TAGS :

Next Story