Quantcast

ആധാറില്ലാത്തതിന്റെ പേരില്‍ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങി

MediaOne Logo

Khasida

  • Published:

    24 May 2018 3:25 AM GMT

ആധാര്‍ ഇല്ലാത്തവര്‍ക്ക് പെന്‍ഷനും സ്കോളര്‍ഷിപ്പും രക്ഷിതാക്കള്‍ക്കുളള ആശ്വാസകിരണം പെന്‍ഷനും ലഭിക്കുന്നില്ല

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പെന്‍ഷനുകള്‍ ഉള്‍പ്പടെയുളള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി പരാതി. ആധാറുമായി ബാങ്ക് അക്കൌണ്ട് ലിങ്ക് ചെയ്യാത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ലെന്നാണ് ആരോപണം. ആധാറിന്റെ പേരില്‍ ക്ഷേമ പെന്‍ഷനുകള്‍ നിഷേധിക്കരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത്.

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുളള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആധാര്‍ കാര്‍ഡ് വഴി ലിങ്ക് ചെയ്തതോടെയാണ് മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷനും സ്കോളര്‍ഷിപ്പും മുടങ്ങിയത്. കഴിഞ്ഞ നാല് മാസമായി ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ടില്ല.

കോഴിക്കോട് ജില്ലയില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ 2033 പേരാണുളളത്. ഇവരില്‍ ചുരുക്കം പേര്‍ക്ക് മാത്രമാണ് ആധാര്‍ ലഭിച്ചിട്ടുളളത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുക എന്നത് പ്രയാസകരമായ കാര്യമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റുളളവരുടെ ക്ഷേമ പെന്‍ഷനുകള്‍ തടയരുതെന്നാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇതിനായി തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന രക്ഷിതാക്കള്‍ക്ക് ആധാറില്ലാത്തതിനാല്‍ പെന്‍ഷന്‍ അയയ്ക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്നത്.

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്ക് സാമൂഹ്യസുരക്ഷ മിഷന്‍ നല്കിയിരുന്ന ആശ്വാസ കിരണം പെന്‍ഷനും നിലച്ചു. ഫണ്ടില്ലാത്തതിനാലാണ് ആശ്വാസ കിരണം നല്കാന്‍ കഴിയാത്തതെന്നാണ് സാമൂഹ്യ സുരക്ഷാമിഷനില്‍ നിന്നും ലഭിക്കുന്ന വിവരം. പെന്‍ഷനും സ്കോളര്‍ഷിപ്പും ഉള്‍പ്പടെയുളള ആനുകൂല്യങ്ങള്‍ നിലച്ചതോടെ പല കുടുംബങ്ങളും പ്രതിസന്ധിയിലാണ്.

എന്നാല്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലെങ്കിലും പെന്‍ഷന്‍ തുക ലഭിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ വാര്‍ത്തയോട് പ്രതികരിച്ചു. മുടങ്ങിയ പെന്‍ഷന്‍ തുക കുടിശ്ശിക സഹിതം നല്‍കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story