Quantcast

ബാര്‍ കോഴക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെപി സതീശനെ മാറ്റി

MediaOne Logo

Subin

  • Published:

    26 May 2018 6:22 PM GMT

ബാര്‍ കോഴക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെപി സതീശനെ മാറ്റി
X

ബാര്‍ കോഴക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെപി സതീശനെ മാറ്റി

കെ എം മാണിക്കെതിരായ അഴിമതിക്കേസുകളില്‍ വിജിലന്‍സിന് മെല്ലെപ്പോക്കാണെന്നും, ബാര്‍കോഴക്കേസ് വിജിലന്‍സ് അട്ടിമറിച്ചുവെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെപി സതീശന്‍ നേരത്തെ പറഞ്ഞതായിരുന്നു വിവാദങ്ങളുടെ തുടക്കം.

മുന്‍ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെപി സതീശനെ മാറ്റി. ഇന്ന് കേസ് പരിഗണിക്കുന്നതിനിടയില്‍ കെപി സതീശനും വിജിലന്‍സിന്റെ നിയമോപദേഷ്ടാവും തമ്മില്‍ തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് സ്ഥലംമാറ്റ ഉത്തരവില്‍ ആഭ്യന്തരസെക്രട്ടറി ഒപ്പിട്ടത്. കെപി സതീശന്‍ കോടതിയില്‍ ഹാജരായതിനെ വിജിലന്‍സിന്റെ നിയമോപദേശകന്‍ എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണമായത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞ് വീഴുമോയെന്ന് ചോദിച്ച കോടതി രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

കെ എം മാണിക്കെതിരായ അഴിമതിക്കേസുകളില്‍ വിജിലന്‍സിന് മെല്ലെപ്പോക്കാണെന്നും, ബാര്‍കോഴക്കേസ് വിജിലന്‍സ് അട്ടിമറിച്ചുവെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെപി സതീശന്‍ നേരത്തെ പറഞ്ഞതായിരുന്നു വിവാദങ്ങളുടെ തുടക്കം. കെപി സതീശന്റെ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ എന്‍സി അസ്താന ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്തിരിന്നു. ഇതേ തുടര്‍ന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് കെപി സതീശനെ മാറ്റിയത്. രണ്ട് ദിവസം മുന്‍പെ കെപി സതീഷനെ മാറ്റാന്‍ തീരുമാനിച്ചെങ്കില്‍ ഇന്ന് മാത്രമാണ് ആഭ്യന്തരസെക്രട്ടറി ഉത്തരവില്‍ ഒപ്പ് വച്ചത്.

ഇന്ന് രാവിലെ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേകകോടതി കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെപി സതീശന്‍ ഹാജരാകുന്നതിനെ വിജലന്‍സിന്റെ നിയമോപദേശകനായ അഗസ്റ്റിന്‍ എതിര്‍ത്തു. എന്നാല്‍ നിയമവശം അറിയാത്തത് കൊണ്ടാണ് താന്‍ ഹാജരാകുന്നതിനെ അഗസ്റ്റിന്‍ എതിര്‍ക്കുന്നതെന്ന് കെ പി സതീശന്‍ തിരിച്ചടിച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകുന്നതിനെ കെഎം മാണിയുടെ അഭിഭാഷകനും എതിര്‍ത്തതോടെ കോടതി ഇടപെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.

ആര് ഹാജരാകണമെന്ന് പറയാന്‍ പ്രതിയുടെ അഭിഭാഷകന് എന്ത് അധികാരമെന്ന് ചോദിച്ച കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞ് വീഴുമോയെന്നും ആരാഞ്ഞു. കേസില്‍ ആരാണ് ഹാജരാകേണ്ടതെന്ന കാര്യത്തില്‍ സര്‍ക്കാരാണ് വ്യക്തത വരുത്തേണ്ടതെന്നും കോടതി പറഞ്ഞിരുന്നു. വിഎസും, ബിജു രമേശും, ബിജെപി നേതാവ് വി മുരളീധരനും അടക്കം ആറ് പേര്‍ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിതിനെ കോടതിയില്‍ എതിര്‍ത്തു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ പുതിയ അഭിഭാഷകന്‍ ഹാജരാകാനാണ് സാധ്യത.

TAGS :

Next Story