Quantcast

ആദിവാസി കുട്ടികള്‍ മാലിന്യകേന്ദ്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച ചിത്രം ആസൂത്രിതമെന്ന് വെളിപ്പെടുത്തല്‍

MediaOne Logo

admin

  • Published:

    28 May 2018 4:28 AM IST

ആദിവാസി കുട്ടികള്‍ മാലിന്യകേന്ദ്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച ചിത്രം ആസൂത്രിതമെന്ന് വെളിപ്പെടുത്തല്‍
X

ആദിവാസി കുട്ടികള്‍ മാലിന്യകേന്ദ്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച ചിത്രം ആസൂത്രിതമെന്ന് വെളിപ്പെടുത്തല്‍

കേരളത്തെ സോമാലിയയോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് കാരണമായ പേരാവൂര്‍ സംഭവത്തിന്റെ വാസ്തവം പുറത്തുവരുന്നു.

കേരളത്തെ സോമാലിയയോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് കാരണമായ പേരാവൂര്‍ സംഭവത്തിന്റെ വാസ്തവം പുറത്തുവരുന്നു. ചിലര്‍ വാങ്ങിത്തന്ന ഭക്ഷണം മാലിന്യ കേന്ദ്രത്തില്‍ വെച്ച് കഴിക്കുക മാത്രമായിരുന്നു അന്ന് ചെയ്തതെന്ന് കുട്ടികള്‍ മീഡിയവണിനോട് വെളിപ്പെടുത്തി. ആദിവാസി ബാലന്‍മാര്‍ പേരാവൂരിലെ മാലിന്യ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ച് കഴിക്കുന്നതായി വന്ന വാര്‍ത്തയെ ആധാരമാക്കിയായിരുന്നു മോദിയുടെ പ്രസംഗം.

പേരാവൂരിലെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ നിന്നും ആദിവാസി ബാലന്‍മാര്‍ മാലിന്യം കഴിക്കുന്നതായി ചില മാധ്യമങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് കേരളത്തെ സോമാലിയയോട് ഉപമിച്ചത്. ഇതന്വേഷിച്ച് പേരാവൂര്‍ അമ്പലക്കുഴി ആദിവാസി കോളനിയിലെത്തിയ ഞങ്ങള്‍ ആ കുട്ടികളെ കണ്ടു മുട്ടി. കുട്ടികള്‍ പറഞ്ഞതിങ്ങനെ: ഞങ്ങള്‍ കളിച്ചോണ്ടിരുന്നപ്പോള്‍ ചേച്ചിമാര്‍ വന്ന് കവര്‍ ചാക്കില്‍ വാരിയിടാന്‍ പറഞ്ഞു. പോയി വാരിയിട്ട് കൊടുത്തു. പിന്നെ പഴം വാങ്ങിത്തന്നു. അത് തിന്നു. അപ്പോള്‍ ഫോട്ടോ എടുത്തു".

കുട്ടികള്‍ക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥയില്ലെന്നായിരുന്നു അമ്മ ശാരദയുടെ പ്രതികരണം. നേരത്തെ ഈ വാര്‍ത്തയെ കുറിച്ച് അന്വേഷിച്ച ജില്ലാ കളക്ടര്‍ സംഭവം ചിലര്‍ ആസൂത്രണം ചെയ്തതാണെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പണം നല്‍കി ആദിവാസി കുടുംബങ്ങളെ സ്വാധീനിച്ചതായാണ് സിപിഎമ്മിന്റെ ആരോപണം. എന്നാല്‍ കോണ്‍ഗ്രസ് ഇത് നിഷേധിച്ചു.

TAGS :

Next Story