Quantcast

മധുവിനോട് മാപ്പുചോദിക്കാന്‍ ഞങ്ങള്‍ക്കൊപ്പം അഗളിയിലേക്ക് ആരുണ്ട്- ഊരാളി വിളിക്കുന്നു

MediaOne Logo

Khasida

  • Published:

    28 May 2018 6:26 AM GMT

മധുവിനോട് മാപ്പുചോദിക്കാന്‍ ഞങ്ങള്‍ക്കൊപ്പം അഗളിയിലേക്ക് ആരുണ്ട്- ഊരാളി വിളിക്കുന്നു
X

മധുവിനോട് മാപ്പുചോദിക്കാന്‍ ഞങ്ങള്‍ക്കൊപ്പം അഗളിയിലേക്ക് ആരുണ്ട്- ഊരാളി വിളിക്കുന്നു

''തിരുത്തപ്പെടേണ്ടത്.. തിരുത്തപ്പെടണം. സ്നേഹമെന്നത് വെറുമൊരു വാക്കായി അവസാനിക്കാന്‍ നമ്മളനുവദിക്കരുത്. മാപ്പ് പറയണം മധുവിനോട്. കൂടെയുണ്ടാവണം.. എല്ലാവരും വരണം, അഗളിയിലേക്ക്.''- വീഡിയോയിലൂടെ അവര്‍ വിളിക്കുന്നു

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനോട് മാപ്പ് പറയാന്‍ കേരളസമൂഹത്തെ വിളിച്ച് ഊരാളി ടീം.
''ഇന്ന് 2018 ഫെബ്രുവരി 24 ശനിയാഴ്ച്.
ഇന്ന് ഊരാളി അഗളിയിലേക്ക് പോകുന്നുണ്ട്...ജനാധിപത്യ കേരളമേ കൂടുക.
മധുവിനോട് മാപ്പു പറയുക.
ഇത്തരം ചെയ്തികൾ ഇനി ഒരിക്കലും മടങ്ങി വരാതിരിക്കട്ടെ എന്ന്
നമ്മൾ നമ്മളോടുതന്നെ പറയുക.
നമ്മൾ എങ്ങനെ നമ്മൾ ആയെന്ന് നമ്മളോട് തന്നെ ചോദിക്കുക.
ആകാവുന്നിടത്തോളം ജനാധിപത്യ വിശ്വാസികൾ ഇന്ന് അഗളിയിൽ എത്തണം,
ആകാത്തവർ മനസുകൊണ്ടെങ്കിലും....
ശക്തി പ്രകടനത്തിനുള്ള ദിവസം അല്ല ഇന്ന്, നിഷ്കളങ്ക സ്നേഹത്തിന്റെ ശവമടക്കാണിന്ന്.
ഇന്നല്ലെങ്കിൽ പിന്നെ എന്നായിരിക്കാം നമ്മളൊന്ന് പാടിക്കരയുന്നത്, കരഞ്ഞുപാടുന്നത്.?''- ഊരാളി ഫെയ്സ്‍ബുക്കിലൂടെ ചോദിക്കുന്നു..

നിങ്ങള്‍ ഓര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന കവിത ആലപിച്ചുകൊണ്ടാണ് കേരളജനതയെ ഊരാളി അട്ടപ്പാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അതിന്‍റെ വീഡിയോയും അവര്‍ ഫെയ്സ്‍ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

''മധുവിന്റെ ജീവനില്ലാത്ത ശരീരം ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് തൃശൂരിലെ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ കാത്തു കിടക്കുകയാണ്. നമ്മുടെ സ്‌നേഹവും കരുതലും ഭൂതദയയുമെല്ലാം എവിടെപ്പോയീ എന്ന്ന്ന് ജീവനില്ലാത്ത ആ ശരീരം നമ്മോട് ചോദിച്ചു കൊണ്ടേയിരിക്കും. ഉത്തരങ്ങളൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ സത്യമെല്ലാം വിളിച്ചു പറഞ്ഞ് ഭ്രാന്തനെന്നും കള്ളനെന്നും പേര് ചാര്‍ത്തപ്പെട്ട് വിശന്ന് തളര്‍ന്ന് ആ ചെറുപ്പക്കാരന്‍ ഈ മണ്ണില്‍ തന്നെ കുഴഞ്ഞു വീണു. ഇല്ലാതെയായി... എവിടെപ്പോയി നമ്മുടെ സ്‌നേഹം. എവിടെപ്പോയി നമ്മുടെ വിശ്വാസങ്ങള്‍. വിളിച്ചു നിലവിളിക്കുന്ന ആ ദൈവങ്ങള്‍. എവിടെപ്പോയി നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍. എവിടെപ്പോയി നമ്മുടെ ഹൃദയം. കേരളത്തിലെ മനുഷ്യസമൂഹം മധുവിനോട് ഉള്ളു തുറന്ന് മാപ്പു ചോദിക്കേണ്ട സമയമാണിത്. നമുക്കു പറയണം, മധൂ മാപ്പ്... ഈ രക്തത്തില്‍ എനിക്കും പങ്കുണ്ടെന്ന്.

ഇന്ന് ഉച്ചയോടെ മധു പലപ്പോഴും നടക്കുകയും പാടുകയും ഓര്‍മകള്‍ വിതറിപ്പോകുകയും ചെയ്ത വഴികളിലൂടെ, മധുവിനോട് മാപ്പ് ഉറക്കെ പറഞ്ഞുകൊണ്ട് മധുവിനൊപ്പം നില്‍ക്കേണ്ട ദിവസമാണിന്ന്. വിശന്നു മരിച്ചത് വെറുമൊരു ആദിവാസി യുവാവല്ല. ആവേശപൂര്‍വം നമ്മളൊക്കെ ഫെയ്സ്ബുക്കില്‍ പങ്കുവെക്കുന്ന വെറുമൊരു അനുജനല്ല. കാരുണ്യം നഷ്ടപ്പെട്ട മനുഷ്യര്‍, ഒരുനേരത്തെ ഭക്ഷണം പോലും പങ്കുവെക്കാന്‍ മനസ്സുകാണിക്കാതെ, സ്നേഹത്തിന്റെ ഉറവ വറ്റി എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് കൂടിനിന്ന് കൊലപ്പെടുത്തിയിരിക്കുന്നു.
പ്രിയമുള്ള കലാസ്നേഹികളെ.. കേരളത്തിലെ ജനാധിപത്യ വിശ്വാസികളേ.. ഭാവിയില്‍ പ്രതീക്ഷയുള്ള ചെറുപ്പക്കാരേ... പ്രണയിനികളെ.. ആണും പെണ്ണും കൂടിയവരേ.. ഇന്നെല്ലാവരും വരണം അഗളിയിലേക്ക്.. ഞങ്ങളുണ്ട്... മധുവിനോട് മാപ്പുചോദിക്കാനായി. നിങ്ങളും വരണം. തുറന്നു പറയണം.. കേരളത്തിന്റെ കപടസദാചാരമുഖം അഴിഞ്ഞുവീഴേണ്ട നിമിഷത്തില്‍ വെറുതെയിരിക്കാന്‍ നമുക്കാവില്ല. ഓര്‍മിപ്പിക്കണം, കേരളസമൂഹത്തെ, മനുഷ്യകുലത്തെ ഓര്‍മിപ്പിക്കണം, നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്..
തിരുത്തപ്പെടേണ്ടത്.. തിരുത്തപ്പെടണം. സ്നേഹമെന്നത് വെറുമൊരു വാക്കായി അവസാനിക്കാന്‍ നമ്മളനുവദിക്കരുത്. മാപ്പ് പറയണം മധുവിനോട്. കൂടെയുണ്ടാവണം.. എല്ലാവരും വരണം, അഗളിയിലേക്ക്.''- വീഡിയോയിലൂടെ അവര്‍ വിളിക്കുന്നു.

TAGS :

Next Story