Quantcast

സെന്റിന് മൂന്ന് ലക്ഷം നഷ്ടപരിഹാരം: കീഴാറ്റൂരിലെ സിപിഎം വാദം പൊളളയെന്ന് വിവരാവകാശ രേഖ

MediaOne Logo

Khasida

  • Published:

    28 May 2018 4:07 AM GMT

സെന്റിന് മൂന്ന് ലക്ഷം നഷ്ടപരിഹാരം: കീഴാറ്റൂരിലെ സിപിഎം വാദം പൊളളയെന്ന് വിവരാവകാശ രേഖ
X

സെന്റിന് മൂന്ന് ലക്ഷം നഷ്ടപരിഹാരം: കീഴാറ്റൂരിലെ സിപിഎം വാദം പൊളളയെന്ന് വിവരാവകാശ രേഖ

വയല്‍ വിട്ട് നല്‍കാന്‍ സമ്മതമറിയിച്ച് സിപിഎം പ്രാദേശിക നേതൃത്വം ശേഖരിച്ച പ്രദേശവാസികളുടെ സമ്മതപത്രം ഓഫീസില്‍ ലഭിച്ചിട്ടില്ലെന്നും ദേശീയപാത അതോറിറ്റി.

കീഴാറ്റൂരില്‍ ദേശീയപാതക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് ഭീമമായ തുക നഷ്ടപരിഹാരമായി നല്‍കുമെന്ന എംഎല്‍എയുടെ വാഗ്ദാനം തെറ്റെന്ന് ദേശീയപാത അതോറിറ്റി. പ്രദേശത്തെ ഭൂമിക്ക് ഇതുവരെ വില നിശ്ചയിച്ചിട്ടില്ല. വയല്‍ വിട്ട് നല്‍കാന്‍ സമ്മതമറിയിച്ച് സിപിഎം പ്രാദേശിക നേതൃത്വം ശേഖരിച്ച പ്രദേശവാസികളുടെ സമ്മതപത്രം ഓഫീസില്‍ ലഭിച്ചിട്ടില്ലെന്നും ദേശീയപാത അതോറിറ്റി.

കീഴാറ്റൂരില്‍ ദേശീയപാതക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് സെന്റിന് മൂന്ന് ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി അനുവദിക്കുമെന്നായിരുന്നു സ്ഥലം എംഎല്‍എ ജയിംസ് മാത്യു പ്രദേശവാസികള്‍ക്ക് നല്‍കിയ വാഗ്ദാനം. ഈ തുക നിശ്ചയിച്ചതിന്റെ മാനദണ്ഡം എന്താണെന്ന് ആരാഞ്ഞ് ദേശീയപാത അക്വിസേഷന്‍ ചുമതലയുളള തളിപ്പറമ്പ് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് വിവരാവകാശ പ്രകാരം നല്കിയ അപേക്ഷയ്ക്കുളള മറുപടിയിലാണ് എംഎല്‍എയുടെ വാഗ്ദാനം പൊളളയാണെന്ന് തെളിഞ്ഞത്. പ്രദേശത്തെ ഏറ്റെടുക്കുന്ന ഭൂമിക്ക് ഇതുവരെ വില നിശ്ചയിച്ചിട്ടില്ലെന്നാണ് ലഭിച്ച മറുപടി.

പ്രദേശത്ത് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായ 56പേരുടെ സമ്മതപത്രം സിപിഎം നേതൃത്വം മുഖേന ദേശീയപാത അധികൃതര്‍ക്ക് കൈമാറിയെന്നായിരുന്നു മറ്റൊരു പ്രചാരണം. എന്നാല്‍ ഒരാളുടെ സമ്മതപത്രം പോലും ഇത്തരത്തില്‍ സ്വീകരിച്ചിട്ടില്ലെന്നാണ് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയം നല്കിയ മറുപടി. സിപിഎം നടത്തിയ വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ അടുത്ത ദിവസം മുതല്‍ വ്യാപകമായ ക്യാമ്പയിന്‍ ആരംഭിക്കാനാണ് വയല്‍കിളികളുടെ തീരുമാനം.

TAGS :

Next Story