Quantcast

ആദിവാസി പദ്ധതിയുടെ ഫണ്ട് തട്ടി: ട്രൈബല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേമാനന്ദനെ സസ്പെന്റ് ചെയ്യും

MediaOne Logo

Sithara

  • Published:

    29 May 2018 3:34 PM GMT

ആദിവാസി സ്ത്രീകള്‍ക്കായുള്ള ജനനി ജന്മരക്ഷാ പദ്ധതിയുടെ ഫണ്ട് തട്ടിയെടുത്തെന്ന ആരോപണത്തില്‍ ട്രൈബല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബി എസ് പ്രേമാനന്ദനെ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചു.

ആദിവാസി സ്ത്രീകള്‍ക്കായുള്ള ജനനി ജന്മരക്ഷാ പദ്ധതിയുടെ ഫണ്ട് തട്ടിയെടുത്തെന്ന ആരോപണത്തില്‍ ട്രൈബല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബി എസ് പ്രേമാനന്ദനെ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചു. ധനകാര്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 21 ലക്ഷം രൂപയാണ് ബി എസ് പ്രേമാനന്ദ് സ്വന്തം അക്കൌണ്ടിലേക്ക് വകമാറ്റിയത്. ഇതുസംബന്ധിച്ച് മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആദിവാസി സ്ത്രീകള്‍ക്ക് പ്രസവസമയം മുതല്‍ കുഞ്ഞിന് ഒന്നരവയസ് വരെ പ്രതിമാസം 1000 രൂപ സഹായം നല്‍കുന്ന പദ്ധതിയാണ് ജനനി ജന്മരക്ഷ പദ്ധതി. ഇതിനായി വകയിരുത്തിയ തുകയില്‍ നിന്നാണ് ട്രൈബല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബി എസ് പ്രേമാനന്ദ് 21 ലക്ഷം രൂപ സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയത്. ഒപ്പം വ്യാജ മണിയോര്‍ഡര്‍ ഉണ്ടാക്കിയും തുക തട്ടിയെടുത്തു. ഇതുസംബന്ധിച്ച് ധനകാര്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ പ്രേമാനന്ദ് നടത്തിയ ക്രമക്കേടുകള്‍ കണ്ടെത്തി. സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് ഫിനാന്‍സ് ഓഫീസറുടെ അനുവാദം വാങ്ങണമെന്നാണ് നിയമം. ഇതൊന്നും പാലിച്ചിട്ടില്ലെന്നാണ് ധനകാര്യവകുപ്പിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്റ് ചെയ്യാനുള്ള തീരുമാനം.

പട്ടിക വര്‍ഗ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ അഴിമതിയും ക്രമക്കേടും അംഗീകരിക്കാനാകില്ലെന്ന് ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആറ് മാസത്തിനുള്ളില്‍ പ്രേമാനന്ദിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ശിപാര്‍ശയുണ്ട്.. അച്ചടക്ക നടപടിക്കൊപ്പം 2107100 രൂപ പ്രേമാനന്ദില്‍ നിന്ന് ഈടാക്കാനും അന്വേഷണ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

TAGS :

Next Story