Quantcast

ദേശീയപാതക്കായി കുടിയൊഴിപ്പിക്കപ്പെട്ട് ജീവിതം പറിച്ചുനട്ടവര്‍ക്ക് മേല്‍ ഇരുട്ടടിയായി ഗെയില്‍ പദ്ധതി

MediaOne Logo

Sithara

  • Published:

    29 May 2018 5:17 PM GMT

ദേശീയപാതക്കായി കുടിയൊഴിപ്പിക്കപ്പെട്ട് ജീവിതം പറിച്ചുനട്ടവര്‍ക്ക് മേല്‍ ഇരുട്ടടിയായി ഗെയില്‍ പദ്ധതി
X

ദേശീയപാതക്കായി കുടിയൊഴിപ്പിക്കപ്പെട്ട് ജീവിതം പറിച്ചുനട്ടവര്‍ക്ക് മേല്‍ ഇരുട്ടടിയായി ഗെയില്‍ പദ്ധതി

ദേശീയപാതക്കായി സ്ഥലം വിട്ടുനല്‍കിയ കുപ്പത്തെ അഞ്ചോളം കുടുംബങ്ങള്‍ അമ്മാനപ്പാറയില്‍ വീട് നിര്‍മ്മിച്ച് താമസം തുടങ്ങിയിട്ട് മാസം ഒന്നുപോലുമായില്ല. പിന്നാലെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ പുതിയ അലൈന്‍മെന്‍റ് എത്തി

ദേശീയപാതക്കായി കുടിയൊഴിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പുതിയ സ്ഥലത്തേക്ക് ജീവിതം പറിച്ചുനട്ട കുടുംബങ്ങള്‍ക്ക് മേല്‍ ഇരുട്ടടിയായി ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി. കണ്ണൂര്‍ അമ്മാനപ്പാറയിലെ നിരവധി കുടുംബങ്ങളാണ് ഗെയില്‍ പദ്ധതിയുടെ ഭാഗമായി പ്രതിസന്ധിയിലായത്. പദ്ധതി പ്രദേശത്ത് നിര്‍മ്മാണം നടക്കുന്ന വീടുകള്‍ക്ക് പഞ്ചായത്ത് വീട്ട് നമ്പര്‍ നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ദേശീയപാതക്കായി സ്ഥലം ഏറ്റെടുത്ത തളിപ്പറമ്പ് കുപ്പത്തെ അഞ്ചോളം കുടുംബങ്ങള്‍ പരിയാരം അമ്മാനപ്പാറയില്‍ വീട് നിര്‍മ്മിച്ച് താമസം തുടങ്ങിയിട്ട് മാസം ഒന്നുപോലുമായില്ല. തൊട്ട് പിന്നാലെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ പുതിയ അലൈന്‍മെന്‍റ് എത്തി. ഇത് കടന്നു പോകുന്നതാവട്ടെ ഇവരുടെ വീടിനോട് തൊട്ട് ചേര്‍ന്നാണ്.

പ്രതിഷേധങ്ങള്‍ ഏറെ ഉണ്ടായെങ്കിലും പൊലീസും ഭരണകൂടവും ചേര്‍ന്ന് എല്ലാം അടിച്ചമര്‍ത്തി. ഇനി എങ്ങോട്ട് പലായനം ചെയ്യുമെന്ന ഒരു ചോദ്യമാണ് ഇവര്‍ക്ക് മുന്നില്‍ ബാക്കിയുളളത്. പ്രദേശത്ത് പുതിയതായി സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചവരും പ്രതിസന്ധിയിലാണ്. ഗെയില്‍ പൈപ്പ് ലൈനുകള്‍ കടന്നു പോകുന്ന പ്രദേശത്ത് നിര്‍മ്മിച്ച വീടുകള്‍ക്ക് വീട്ട് നമ്പര്‍ നല്‍കാനാവില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്.

ഇതോടെ നിര്‍മാണം നടക്കുന്ന വീടുകളുടെ പ്രവൃത്തികള്‍ പോലും നിലച്ച മട്ടാണ്. ജനസാന്ദ്രത ഏറെയുളള ഇവിടെ തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തി പൈപ്പ് ലൈന്‍ ഇട്ടുതുടങ്ങിയതോടെ കുടിവെളളം മുട്ടുമെന്ന ആശങ്കയും നാട്ടുകാര്‍ പങ്ക് വെക്കുന്നു. ഇവിടുത്തെ പല സ്ഥലങ്ങളിലും ഉടമകളുടെ അനുമതി പോലും തേടാതെയാണ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

TAGS :

Next Story