Quantcast

ഡോക്ടര്‍ സമരം: ചര്‍ച്ചക്ക് തയ്യാറെന്ന് ആരോഗ്യമന്ത്രി

MediaOne Logo

Sithara

  • Published:

    29 May 2018 1:11 AM GMT

ഡോക്ടര്‍ സമരം: ചര്‍ച്ചക്ക് തയ്യാറെന്ന് ആരോഗ്യമന്ത്രി
X

ഡോക്ടര്‍ സമരം: ചര്‍ച്ചക്ക് തയ്യാറെന്ന് ആരോഗ്യമന്ത്രി

കുടുംബാരോഗ്യ സംവിധാനത്തെ തകര്‍ക്കുന്നതൊഴികെ എന്ത് വിഷയവും ചര്‍ച്ച ചെയ്യാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്ന ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുടുംബാരോഗ്യ സംവിധാനത്തെ തകര്‍ക്കുന്നതൊഴികെ എന്ത് വിഷയവും ചര്‍ച്ച ചെയ്യാമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഒപി സമയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡോക്ടർമാര്‍ നടത്തുന്ന സമരത്തിന്‍റെ മൂന്നാം ദിവസവും ജനങ്ങള്‍ ദുരിതത്തിലാണ്.

ഒപി സമയം വൈകിട്ട് ആറ് വരെയാക്കിയത് പിന്‍വലിക്കണം, കൂടുതല്‍ ജീവനക്കാരെ ആശുപത്രികളില്‍ നിയമിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് മൂന്ന് ദിവസം മുന്‍പ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. കെജിഎംഒഎയില്‍ അംഗങ്ങളായ 4300 ഓളം ഡോക്ടര്‍മാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ജനങ്ങള്‍ ദുരിതത്തിലായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകുന്നത്.

കേരളത്തിലെ ഒരു വിഭാഗം ഡോക്ടര്‍മാരുടെ ധാര്‍ഷ്ട്യവും പക്വതയില്ലായ്മയും മൂലം പൊതുജനങ്ങള്‍ക്ക് ആകെ ഉപകാരപ്രദമായി മാറുന്ന ഒരു ജനകീയ പദ്ധതി തകര്‍ക്കപ്പെടുന്നുവെന്ന് ആരോഗ്യമന്ത്രി വിമര്‍ശിച്ചു. അതേസമയം പരിഹരിക്കാവുന്ന ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ന് അവധി ദിവസമായതിനാല്‍ ആശുപത്രികളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. അത്യാഹിത വിഭാഗമടക്കം ബഹിഷ്കരിച്ച് സമരം കടുപ്പിക്കാൻ ഡോക്ടർമാരുടെ സംഘടന തയ്യാറായേക്കുമെന്ന സൂചന പുറത്ത് വരുന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. സമരത്തിന്‍റെ തുടര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മറ്റന്നാ‌ള്‍ കെജിഎംഒഎയുടെ സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്.

ഈ മാസം 18ന് സിപിഎമ്മിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിനാല്‍ രണ്ട് ദിവസത്തിനകം ആരോഗ്യമന്ത്രി ഹൈദരാബാദിന് പോകും. അതിന് മുന്‍പ് ചര്‍ച്ച നടന്നില്ലെങ്കില്‍ പിന്നെ 23ന് ശേഷം മാത്രമേ ചര്‍ച്ച നടക്കാന്‍ സാധ്യതയുള്ളൂ. ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ വേഗത്തില്‍ തന്നെ ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന.

TAGS :

Next Story